Special Story

ദൈവജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍


കാനാന്‍ ദേശത്തേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ, മലബാറിലെ കുടിയേറ്റ ജനതയെ ദൈവപരിപാലനയില്‍ ഒരു സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ കാലാകാലങ്ങളില്‍ സേവനം അനുഷ്ഠിച്ച വൈദികര്‍ പരിശ്രമിച്ചു. സമഗ്രവികസനത്തിന്റെ മികവോടെ കുടിയേറ്റ ഗ്രാമങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ നിരവധി വൈദികരുടെ പരിശ്രമങ്ങള്‍ അതിന് പിന്നിലുണ്ട് രൂപതാ വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ വൈദികരെ നന്ദിയോടെ ഓര്‍ക്കാം, അവര്‍ക്കായി പ്രാര്‍ത്ഥിക്കാം

സീറോ മലബാര്‍ സഭയുടെ പട്ടം കൊടുക്കല്‍ ശുശ്രൂഷയില്‍ തിരുക്കര്‍മ്മങ്ങളുടെ പ്രാരംഭമായി നടത്തുന്ന പ്രദക്ഷിണസമയത്ത് പാടുന്ന ഗാനത്തിന്റെ ആദ്യഭാഗം ആശയം കൊണ്ടും അവതരണ ഭംഗികൊണ്ടും ശ്രദ്ധേയമാണ്. പുരോഹിതനാകുന്ന വ്യക്തി മാതാപിതാക്കളാല്‍ അനുഗതനായി പൗരോഹിത്യ കൂദാശ സ്വീകരിക്കുന്നതിന് മദ്ബഹായിലേയ്ക്ക് നടന്നടുക്കുമ്പോഴാണ് ഈ ഗാനം ആലപിക്കുന്നത്.

”ദൈവജനത്തില്‍ നിന്നും,
ദൈവജനത്തിനുവേണ്ടി
ദൈവിക കാര്യങ്ങള്‍ക്കായ് ദൈവം,
നിയമിച്ചാക്കിയ ദാസന്‍”

കത്തോലിക്കാ പുരോഹിതന്‍ ആരാണ് എന്നതിന് ബൈബിള്‍ നല്‍കുന്ന ഉത്തരമാണ് ഈ ഗാനത്തിനാധാരം. ”ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കു നിയോഗിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്” (ഹെബ്രാ. 5:1). ഈ ദൈവവചനം പൗരോഹിത്യത്തെയും പുരോഹിതധര്‍മ്മത്തെയും നിര്‍വചിക്കുമ്പോള്‍ വ്യക്തമാകുന്ന രണ്ടു കാര്യങ്ങളുണ്ട ്. ഒന്ന്, പുരോഹിതന്‍ ദൈവജനത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവനാണ്; രണ്ട ്, പുരോഹിതന്‍ ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നവനാണ്.

ദൈവജനത്തിലൊരുവന്‍

പുരോഹിതന്‍ ദൈവജനത്തിലൊരുവനാണ്. അവന്‍ മാലാഖയല്ല, മനുഷ്യനാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ നിറവും മണവും മാലിന്യവും പങ്കിടുന്നവന്‍. കുടുംബ പാരമ്പര്യമോ തറവാട്ടു മഹിമയോ സാമ്പത്തിക പരിഗണനകളോ അല്ല ദൈവവിളിയുടെ മാനദണ്ഡം. മനുഷ്യ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വഴികളിലൂടെ നടന്ന് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോഴാണ് അവനെത്തേടി ദൈവത്തിന്റെ വിളിയെത്തുന്നത്.

പൗരോഹിത്യശുശ്രൂഷയ്ക്കുള്ള വിളി സ്വീകരിക്കുന്നതിനുള്ള പ്രത്യേക യോഗ്യത ഒന്നും ലേവി ഗോത്രത്തിന് ഉണ്ടായിരുന്നില്ല. ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു ലേവ്യരുടെത്. ”നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍ നിന്ന് വേര്‍തിരിച്ചിരിക്കുന്നു” (ലേവ്യ 20:26).”…. നിന്റെ സഹോദരന്മാരായ ലേവ്യരെ ഇസ്രായേലില്‍ നിന്ന് ഞാന്‍ വേര്‍തിരിച്ചെടുത്തിരിക്കുന്നു. സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിന് കര്‍ത്താവിനുള്ള ദാനമായി അവരെ ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു… പൗരോഹിത്യ ശുശ്രൂഷ നിങ്ങള്‍ക്കുള്ള ദാനമാണ്” (സംഖ്യ 18: 1-7). സഹോദരന്മാരില്‍ നിന്നെടുത്ത് അവര്‍ക്കുതന്നെ ദാനമായി കൊടുക്കുകയാണ് ലേവിഗോത്രത്തെ. വിളിയുടെ ലക്ഷ്യം വ്യക്തമാണ്. വിളിക്കപ്പെടുന്നവന്‍ വിളിക്കുന്നവന്റെ സ്വന്തമാകണം. വിളിയുടെ മഹത്വമറിഞ്ഞവര്‍ തങ്ങളുടെ ഇല്ലായ്മ ഏറ്റുപറഞ്ഞു: ”ഞാനൊരു പ്രവാചകനല്ല, പ്രവാചക പുത്രനുമല്ല, ഞാന്‍ ആട്ടിടയനാണ്” (ആമോസ് 7:14). ഏല്‍പ്പിക്കപ്പെടാന്‍ പോകുന്ന ദൗത്യത്തിന്റെ സ്വഭാവമറിഞ്ഞവര്‍ സ്വന്തം ബലഹീനത ഏറ്റുപറഞ്ഞു: ”ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്, സംസാരിക്കുവാന്‍ എനിക്കു പാടവമില്ല” (ജറമിയ 1:6). പുതിയ നിയമത്തില്‍ തന്റെ 12 അപ്പസ്‌തോലന്മാരായി ഈശോ തെരഞ്ഞെടുത്തത് സാധാരണക്കാരില്‍ സാധാരണക്കാരെ. പ്രത്യേകതകള്‍ ഒന്നുമില്ല. ബലഹീനതകള്‍ ഏറെയുണ്ടുതാനും. സാധാരണക്കാരനെ അസാധാരണ ദൗത്യനിര്‍വഹണത്തിനായി ദൈവം തെരഞ്ഞെടുക്കുന്നതാണ് പൗരോഹിത്യ പദവി.

തെരഞ്ഞെടുക്കപ്പെട്ടവന്‍

പുരോഹിതന്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ”അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല” (ഹെബ്രാ. 5:4). പൗരോഹിത്യത്തിന്റെ മഹത്വം ഈ തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ മാഹാത്മ്യവും വലുപ്പവും വ്യത്യസ്തതയുമാണ് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്കു ബലമാകുന്നത്.
മനുഷ്യന്റെ ഹൃദയ വിചാരങ്ങളെപ്പോലും അറിയുന്നവന്‍, ഒരുവന്റെ ഭാവി പൂര്‍ണ്ണമായും മനസ്സിലാക്കുന്നവനാണ് വിളിക്കുന്നത്. പൗരോഹിത്യം ഒരു വിളിയും ദാനവുമാണ്. ”താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു; വിളിച്ചവരെ നീതികരിച്ചു; നീതികരിച്ചവരെ മഹത്വപ്പെടുത്തി” (റോമ. 8:30).

എന്തുകൊണ്ടായിരിക്കാം വിളിക്കപ്പെടുന്ന വ്യക്തിയുടെ യോഗ്യത കണക്കിലെടുക്കാത്തത്? മാനുഷിക സംവിധാനങ്ങളെ ബോധ്യപ്പെടുത്താന്‍ അതിസമര്‍ത്ഥരെയും മികച്ച സംഘാടകരെയും, വാഗ്മികളെയുമൊക്കെ വിളിക്കാമായിരുന്നില്ലേ? ദൈവരാജ്യ പ്രഘോഷണം കൂടുതല്‍ ഫലപ്രദമാകില്ലായിരുന്നോ? പൗലോസ് ശ്ലീഹാ ഉത്തരം പറയുന്നു: ”ദൈവ സന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്” (1 കോറി. 1:29). കാരണം, ലൗകിക മാനദണ്ഡമനുസരിച്ച് വിളിക്കപ്പെട്ടവരില്‍ ബുദ്ധിമാന്മാരും, ശക്തരും കുലീനരും അധികമില്ല. വിജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെയും ശക്തമായവയെ ലജ്ജിപ്പിക്കാന്‍ അശക്തമായവയുമാണ് ദൈവം തെരഞ്ഞടുക്കുന്നത് (1 കോറി. 1:26-27).

ബലഹീനരെ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ? ഹെബ്രായലേഖനം പറയുന്നു: ”അവന്‍ (തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍) തന്നെ ബലഹീനനായതുകൊ ണ്ട ് അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും” (ഹെബ്രാ. 5:2). ദൈവികമായ കരുണ പുരോഹിതന്റെ മുഖഭാവമാകണം. കാരണം ”ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കാനാണ്” (ലൂക്ക 5:32).

ദൈവത്തിന്റെ ദാനം

വിളിച്ച് വിശ്വസ്തനാക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തിന്റെ അളവറ്റ ദാനമാണ് പൗരോഹിത്യം. പൗരോഹിത്യം സ്വീകരിച്ചവരും, പൗരോഹിത്യ ശുശ്രൂഷയുടെ ഫലമനുഭവിക്കുന്നവരും ഒരുപോലെ ഓര്‍ത്തിരിക്കേണ്ട യാഥാര്‍ത്ഥ്യമാണിത്.
യാഥാര്‍ത്ഥ്യബോധത്തോടെ പുരോഹിതരെയും പൗരോഹിത്യ ശുശ്രൂഷകളെയും സമീപിക്കുവാന്‍ വിശ്വാസികള്‍ക്കും, എളിമയോടെ ശുശ്രൂഷ ചെയ്യാന്‍ പുരോഹിതര്‍ക്കും ഈ തിരിച്ചറിവ് എന്നുമുണ്ടാകണം.

ബലഹീനനും സാധാരണക്കാരനുമായ പുരോഹിതനെ ദൈവം വിളിച്ചു സ്വന്തമാക്കി നിര്‍ത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. ദൈവിക കാര്യങ്ങള്‍ക്കുവേണ്ടിയാണ് പുരോഹിതന്‍ വിളിക്കപ്പെടുന്നതെന്ന് ഹെബ്രായ ലേഖനം പറയുന്നു. എന്താണ് ‘ദൈവിക കാര്യങ്ങള്‍’ എന്ന ചോദ്യത്തിന് വിവിധ കാലങ്ങളില്‍ നല്‍കപ്പെട്ട ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ പൗരോഹിത്യ ശുശ്രൂഷയുടെ വിവിധ തലങ്ങള്‍ രൂപപ്പെടുകയുണ്ടായി. കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ദൈവവചനം പ്രഘോഷിക്കുകയും ചെയ്യുന്ന പൗരോഹിത്യം ഒരു കാലഘട്ടത്തില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം പൗരോഹിത്യത്തിന്റെ സാമൂഹ്യമുഖം എടുത്തു കാട്ടാനാണ് ശ്രമമുണ്ടായത്.

പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും

പുരോഹിതന്‍ ചെയ്യേണ്ട ‘ദൈവിക കാര്യങ്ങള്‍’ എന്ത് എന്ന ചോദ്യത്തിന് യേശു ചെയ്ത ദൈവിക കാര്യങ്ങളെ സമഗ്രമായ രീതിയില്‍ മനസ്സിലാക്കുന്നതുവഴി ഉത്തരം ലഭിക്കും. പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനത്തിന്റെയും മനോഹരമായ കണ്ടുമുട്ടലായിരുന്നു യേശുവിന്റെ ജീവിതം. പിതാവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെ വളര്‍ത്തിയ യേശു പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനായി. അവന്‍ രോഗികളെ സുഖപ്പെടുത്തി. പാപികളെ ആശ്ലേഷിച്ച് മാനസാന്തരത്തിലേയ്ക്കു നയിച്ചു, സമൂഹം ഒറ്റപ്പെടുത്തിയവരുടെ കൂടെ നടന്നു. അവന്‍ വിശന്നവര്‍ക്ക് അപ്പമായി, ചൂഷകര്‍ക്കു പേടി സ്വപ്‌നമായി, കാപട്യത്തെയും താന്‍പോരിമയെയും ചോദ്യം ചെയ്തു.അവന്‍ ദൈവിക കരുണയുടെ ആള്‍രൂപമായി, ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി സ്വയം ജീവനര്‍പ്പിച്ചു. ഒരു പുരോഹിതന്‍ ഏറ്റെടുക്കേണ്ട ‘ദൈവിക കാര്യങ്ങള്‍’ യേശുവിന്റെ ജീവിതത്തില്‍ നിന്നാണ് പഠിക്കേണ്ടത്.

ആദ്ധ്യാത്മിക ജീവിതയാത്രയുടെ ലക്ഷ്യം സ്വര്‍ഗ്ഗപ്രാപ്തിയാണല്ലോ. സ്വര്‍ഗ്ഗരാജ്യം നേടണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നതും വ്യക്തം. വിശക്കുന്നവന് അപ്പമായും ദാഹിക്കുന്നവന് പാനീയമായും, നഗ്നന് ഉടുപ്പായും, രോഗിക്ക് ആശ്വാസമായും, കാരാഗൃഹത്തിലായിരിക്കുന്നവന് സാമീപ്യത്തിന്റെ സാന്ത്വനമായും മാറുക എന്നതാണ് ദൈവിക കാര്യങ്ങള്‍.


സ്‌നേഹവും കരുണയും

കൂദാശകള്‍ പരികര്‍മ്മം ചെയ്യുമ്പോഴും ദൈവവചനം പ്രസംഗിക്കുമ്പോഴും മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോഴും, സമസൃഷ്ടികളുടെ സമുദ്ധാരണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും, അനീതിയ്ക്കും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുമ്പോഴും, പുരോഹിതന്‍ ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവനാകുന്നു. അവന്റെ വാക്കുകളിലും നോട്ടത്തിലും പ്രവര്‍ത്തനങ്ങൡലും സ്‌നേഹവും കരുണയും ഉണ്ടാകണം. നീതിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി അവന്‍ മുറിയപ്പെടണം. ദൈവരാജ്യ പ്രഘോഷണത്തിനിടയില്‍ ഏല്‍ക്കുന്ന ക്ഷതങ്ങള്‍ അവന്‍ ബലിവേദിയില്‍ അര്‍പ്പിക്കണം. അങ്ങനെ അവന്റെ മുറിവുകളും വേദനകളും ഒറ്റപ്പെടലുകളും ബലിപീഠത്തില്‍ വച്ച് രൂപാന്തരപ്പെടുത്തി തനിക്ക് ഏല്‍പ്പിച്ചുതന്നിരിക്കുന്ന ദൈവജനത്തിന്റെ മുറിവുകളിലെ ദിവ്യലേപനമായി മാറ്റണം. സെമിനാരികളില്‍ പഠിപ്പിക്കുന്നവരും, ധ്യാനം പ്രസംഗിക്കുന്നവരും, വിദ്യാഭ്യാസ ആതുരസേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരും മാധ്യമ പ്രേഷിതത്വം നടത്തുന്നവരും ഒരുപോലെ ദൈവിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. അര്‍പ്പിക്കപ്പെടുന്ന ബലികളും, പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശകളും, പറയപ്പെടുന്ന പ്രസംഗങ്ങളും, എടുക്കുന്ന ക്ലാസ്സുകളും എഴുതുന്ന പുസ്തകങ്ങളും യേശു വിഭാവനം ചെയ്യുന്ന സ്വര്‍ഗ്ഗരാജ്യ സാഹോദര്യത്തിലേയ്ക്ക് എത്തിനില്‍ക്കുന്നവയാകണം.

വേദന മാറ്റുന്ന തൈലം

പൗരോഹിത്യവും പുരോഹിതനും ഇന്ന് വിമര്‍ശനങ്ങളുടെ നാല്‍ക്കവലയിലാണ്. പുരോഹിതന്‍ എങ്ങനെ ആകണം, എങ്ങനെ ആകരുത് എന്ന് അധികാരച്ചുവയോടെ ചില സാമൂഹ്യ സംവിധാനങ്ങള്‍ കല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇതനുസരിച്ച് ചിലരെങ്കിലും ചിലപ്പോഴെങ്കിലും ‘സാമൂഹിക പൗരോഹിത്യത്തില്‍’ ജീവിക്കുന്നവരായി മാറുകയും ചെയ്യുന്നു. പുരോഹിതന്റെ ബലഹീനതകള്‍ പൗരോഹിത്യപ്രഭയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനം ആത്മപരിശോധനയ്ക്കുളള അവസരമായി മാറണം. വ്യക്തിതാല്‍പ്പര്യങ്ങളും മറ്റ് ജീവിത ആകര്‍ഷണങ്ങളും വലുതായിക്കാണുന്നവരുടെ കപടചുംബനത്തിനുമുമ്പില്‍ വിളിച്ചവന്‍ വേദനിക്കുന്നു. ദൈവിക കാര്യങ്ങളോടുള്ള അലംഘ്യമായ വിശ്വസ്തത വീണ്ടെടുക്കലാണ് ഇന്നിന്റെ ആവശ്യം. ”നിനക്ക് എന്റെ കൃപ മതി”എന്ന ദിവ്യഗുരുവിന്റെ വാക്കുകള്‍ ജീവിത പരിമിതികള്‍ വീര്‍പ്പുമുട്ടിക്കുന്ന പുരോഹിതനെ ധൈര്യപ്പെടുത്തണം. സ്വന്തം വേദനകള്‍ ജീവിതത്തെ ഗ്രസിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ വേദനയകറ്റാന്‍ സ്‌നേഹത്തിന്റെ തൈലവുമായി അവന്‍ സാഹോദര്യം നഷ്ടപ്പെട്ട തെരുവീഥികളിലേയ്ക്കിറങ്ങണം.

ആരാണ് വൈദികന്‍ എന്ന മഹാനായ ലക്കോര്‍ഡെറിന്റെ വാക്കുകള്‍ വൈദികര്‍ക്ക് പ്രചോദനവും ദൈവജനത്തിന് പ്രാര്‍ത്ഥനയുമാകട്ടെ. ”ലോകസുഖങ്ങള്‍ ആഗ്രഹിക്കാതെ, ലോകത്തില്‍ ജീവിക്കുന്നവന്‍, ഒരു കുടുംബത്തിന്റെയും സ്വന്തമാകാതെ ഓരോ കുടുംബത്തിലും അംഗമാകുന്നവന്‍, എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നവന്‍, എല്ലാ ഹൃദയ രഹസ്യങ്ങളിലേക്കും കടന്നു ചെല്ലുന്നവന്‍. എല്ലാ വ്രണങ്ങളും സുഖപ്പെടുത്തുന്നവന്‍, മനുഷ്യരില്‍ നിന്ന് പുറപ്പെട്ട്, അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കുന്നവന്‍, ദൈവത്തില്‍നിന്ന് മടങ്ങി, മനുഷ്യര്‍ക്ക് പാപമോചനവും സമാധാനവും പ്രത്യാശയും കൊണ്ടുവരുന്നവന്‍. പരസ്‌നേഹത്താല്‍ ജ്വലിക്കുന്നവനും ബ്രഹ്മചര്യത്തില്‍ സുദൃഢമായ ഹൃദയമുള്ളവനും എല്ലായ്‌പ്പോഴും ക്ഷമിക്കുകയും പഠിപ്പിക്കുകയും ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നവന്‍. ഓ! ദൈവമേ! എത്ര ഉല്‍കൃഷ്ടമായ ജീവിതം. യേശുക്രിസ്തുവിന്റെ പുരോഹിതാ ഈ ജീവിതം നിന്റേതാണ്.”


Leave a Reply

Your email address will not be published. Required fields are marked *