ആഗസ്റ്റ് 31: വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്
ജനിക്കാതെ വയറ്റില്‍നിന്ന് നേരിട്ട് എടുക്കപ്പെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊണ്ണാത്തൂസ് എന്ന പേരും കൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്ത കൃത്യങ്ങളിലും കൃത്യനിര്‍വ്വഹണത്തിലുമായിരുന്നു ബാല്യത്തില്‍പോലും അവന്റെ സംതൃപ്തി. പ്രായപൂര്‍ത്തി വന്നപ്പോള്‍ അടിമകളുടെ മോചനത്തിനുള്ള കാരുണ്യമാതാവിന്റെ സഭയില്‍ അവന്‍ അംഗമായി ചേര്‍ന്നു. സ്ഥാപകനായ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ തന്നെയാണ് റെയ്മണ്ടിന്റെ വ്രതം സ്വീകരിച്ചത്. അവന്റെ എളിമയും തീക്ഷ്ണതയും ഇതര സഭാംഗങ്ങളുടെ പ്രശംസയ്ക്കു കാരണമായി.
അത്രയുമായപ്പോള്‍ റെയ്മണ്ടിനെ ആള്‍ജിയേഴ്സിലേക്ക് അടിമകളെ സ്വതന്ത്രരാക്കാന്‍ അയച്ചു. ആദ്യം കൈയിലുണ്ടായിരുന്ന പണംകൊണ്ട് കഴിയുന്നത്രപേരെ സ്വതന്ത്രരാക്കിയശേഷം സ്വയം അടിമയായിത്തീര്‍ന്നുകൊണ്ട് കുറേപ്പേരെക്കൂടി സ്വതന്ത്രരാക്കി. അക്കാലത്ത് മുസ്്‌ലിങ്ങളെ മാനസാന്തരപ്പെടുത്തിയെന്ന കാരണത്തെ പ്രതി രണ്ടു പ്രാവശ്യം അദ്ദേഹത്തെ കുത്തി കൊല്ലാന്‍ തുടങ്ങിയെങ്കിലും ജാമ്യത്തുക നഷ്ടപ്പെട്ടേക്കുമെന്നുള്ള ഭയത്താല്‍ അവര്‍ വധിച്ചില്ല. അങ്ങനെ അടിമകളെ സ്വതന്ത്രമാക്കാന്‍ പണമില്ലാതായി; മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു സ്വാതന്ത്ര്യമില്ലാതായി. എങ്കിലും അദ്ദേഹം മതപ്രചാരം നിര്‍ത്തിയില്ല.
ഗവര്‍ണര്‍ അദ്ദേഹത്തെ എല്ലാ കവലകളിലും വച്ച് അടിപ്പിക്കുകയും ചുണ്ടുകള്‍ തുളപ്പിച്ച് താഴിട്ട് പൂട്ടുകയും ചെയ്തു. താക്കോല്‍ ഗവര്‍ണര്‍ സൂക്ഷിച്ചു. ഭക്ഷണസമയത്തുമാത്രം അവ നല്കിപ്പോന്നു. എട്ടു മാസം ഇങ്ങനെ ബന്ധിതനായി ഒരു ഇരുട്ടുമുറിയില്‍ കിടന്നു. അപ്പോഴേക്ക് വീണ്ടെടുപ്പു വിലകൊണ്ട് ഒരു വൈദികനെ പീറ്റര്‍ നൊളാസ്‌കോ അയച്ചു. രക്തസാക്ഷിയാകാന്‍ സാധിക്കാത്തതിലുള്ള സങ്കടത്തോടെ അദ്ദേഹം സ്വദേശ ത്തേക്കു മടങ്ങി. സ്‌പെയിനിലെത്തിയ ഉടനെ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളാക്കി ഉയര്‍ത്തി. സ്ഥാന മാറ്റം അദ്ദേഹത്തില്‍ യാതൊരു വ്യത്യാസവും വരുത്തിയില്ല.
മാര്‍പ്പാപ്പാ കര്‍ദ്ദിനാള്‍ റെയ്മണ്ടിനെ സേവനത്തിനായി റോമയിലേക്കു വിളിച്ചു. അദ്ദേഹം പുറപ്പെടുകയും ചെയ്തു. എന്നാല്‍ കര്‍ഡോണയിലെത്തിയപ്പോഴേക്കും അദ്ദേഹം രോഗബാധിതനാകുകയും 1240 ആഗസ്റ്റ് 31-ന് മുപ്പത്തിയാറാമത്തെ വയസ്സില്‍ ശരീരത്തിന്റെ അടിമത്തത്തില്‍നിന്ന് ആത്മാവിനെ സ്വതന്ത്രമാക്കുകയും ചെയ്തു.