തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കണം: മാര്‍ ജോസ് പുളിക്കല്‍


തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച ക്രിസ്തു ചിന്തകള്‍ അതിനായി നമ്മെ നയിക്കുമെന്നും സിബിസിഐ പ്രിസണ്‍ മിനിസ്ട്രി ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍. ജീസസ് ഫ്രട്ടേണിറ്റിയുടെ 44-ാം വാര്‍ഷികത്തിനും 23-ാമത് സംസ്ഥാന സമ്മേളനത്തിനും മേരിക്കുന്ന് പിഎംഒസിയില്‍ പിഎംഒസിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്. ‘കുറ്റകൃത്യങ്ങളില്‍ ഒരാള്‍ എത്തിപ്പെടുന്നുണ്ടെങ്കില്‍, അത്തരമൊരു സാഹചര്യമൊരുക്കുന്നതില്‍ സമൂഹത്തിനും പങ്കുണ്ടോയെന്ന് ചിന്തിക്കണം. ജീസസ് ഫ്രട്ടേണിറ്റിയെന്നത് ഒരു സംഘടനയല്ല. അത് ഒരു മുന്നേറ്റമാണ്. നിരവധി പേരെ പുനരധിവസിപ്പിക്കാന്‍ ജീസസ് ഫ്രട്ടേണിറ്റിയിലൂടെ കഴിഞ്ഞെന്നത് വലിയ കാര്യമാണ്.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജി ബി. സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുറമ്പോക്കായാണ് ജയിലുകളെ പലരും പരിഗണിക്കുന്നതെന്നും ജയിലിലെ അന്തേവാസികളുടെ ദുഃഖത്തില്‍ പങ്കുചേരാനും ആശ്വാസം പകരാനും ജീസസ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജി ബി. സുനില്‍ കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ജീസസ് ഫ്രട്ടേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തട്ടില്‍, കോഴിക്കോട് സോണ്‍ ഡയറക്ടര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഫാ. ജോര്‍ജ് കാളാശ്ശേരി വിസി, കോട്ടയം സോണ്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുന്നിലം, തിരുവനന്തപുരം സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ടെസി മരിയ എഫ്‌സിസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. മാര്‍ട്ടിന്‍ തട്ടില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. ഷിന്റോ തൃശ്ശൂര്‍, മണ്‍വിള സ്‌നേഹാശ്രമത്തിലെ സിസ്റ്റര്‍ ജൂലിയ എംപിവി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. തുടര്‍ന്ന് ഇന്ന് വൈകിട്ട് 6.45-ന് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ കോഴിക്കോട് അതിരൂപതാ ആര്‍ച്ച് ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.

19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോഴിക്കോട് സോണ്‍ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ നാളെ ഫാ. വെട്ടുകാട് സ്‌നേഹാശ്രമം ഡയറക്ടര്‍ ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടില്‍ സിഎംഎഫ്, ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ജില്ലാ ജഡ്ജി ഡോ. സി. എസ് മോഹിത്, ഫാ. മാത്യു ഇല്ലത്തുപറമ്പില്‍, എ. ജെ. മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് 6.30-ന് നടക്കുന്ന ദിവ്യബലിയില്‍ മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യകാര്‍മികത്വം വഹിക്കും.

വെള്ളി രാവിലെ 7.15 ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ഫാ. ഫ്രാന്‍സിസ് കൊടിയന്‍ ക്ലാസെടുക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം കെസിബിസി ജെസ്റ്റിസ് പീസ് ആന്റ് ഡെവലപ്‌മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *