Daily Saints

സെപ്തംബര്‍ 6: വിശുദ്ധ എലെവുത്തേരിയൂസ്


ഇറ്റലിയില്‍ സ്‌പോളെറ്റോക്കു സമീപമുള്ള വിശുദ്ധ മാര്‍ക്കിന്റെ ആശ്രമത്തിലെ ആബട്ടായിരുന്നു എലെവുത്തരിയൂസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങള്‍. ദൈവം അദ്ദേഹത്തിന് അത്ഭുത പ്രവര്‍ത്തനവരം കൊടുത്തിരുന്നു. ഒരു കുട്ടി ആശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ പിശാചു ബാധിതനായ ആ ബാലന്‍ സൗഖ്യം പ്രാപിച്ചു. അതു കണ്ട് ആബട്ടു പറഞ്ഞു: ”കുട്ടി ദൈവദാസന്മാരുടെകൂടെ ആയതുകൊണ്ടു പിശാച് അടുക്കാന്‍ ധൈര്യപ്പെടുന്നില്ല.” ഈ വാക്കുകള്‍ മായാസ്തുതി കലര്‍ന്നതായതുകൊണ്ടോ എന്തോ പിശാചു വീണ്ടും കുട്ടിയില്‍ പ്രവേശിച്ചു. ആബട്ടു തന്റെ കുറ്റം വിനയപൂര്‍വ്വം ഏറ്റു പറയുകയും എല്ലാ ആശ്രമവാസികളും ആബട്ടിനോടൊപ്പം ഉപവസിക്കുകയും ചെയ്തപ്പോള്‍ കുട്ടി വീണ്ടും സൗഖ്യം പ്രാപിച്ചു.

ഉയിര്‍പ്പു തിരുനാളിന്റെ തലേദിവസം ഉപവസിക്കുക പ്രയാസമാണെന്നു വിശുദ്ധ ഗ്രിഗറിക്കു തോന്നിയപ്പോള്‍ അദ്ദേഹം എലെവുത്തേരിയൂസിനെ കൂട്ടി വിശുദ്ധ ആന്‍ഡ്രുവിന്റെ ആശ്രമത്തിലേക്കു പോകുകയും അവിടെ രണ്ടുപേരും കൂടി ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മാര്‍പ്പാപ്പാ പള്ളിയില്‍നിന്നു പുറത്തുവന്നപ്പോള്‍ നെഞ്ചുവേദന മാറിയിരിക്കുന്നതായി കണ്ടു. ഇഷ്ടാനുസാരം ഉപവസിക്കാന്‍ മാര്‍പ്പാപ്പായ്ക്കു സാധിക്കുകയും ചെയ്തു. മരിച്ച ഒരാളെ എലെവുത്തേരിയൂസ് ഉയിര്‍പ്പിച്ചുവെന്നും പറയുന്നുണ്ട്. ആബട്ടു സ്ഥാനം ഉപേക്ഷിച്ചശേഷം വിശുദ്ധ ഗ്രിഗറി സ്ഥാപിച്ച വിശുദ്ധ ആന്‍ഡ്രൂവിന്റെ ആശ്രമത്തില്‍ തന്റെ പ്രാര്‍ത്ഥന ജീവിതം തുടര്‍ന്നുകൊണ്ടിരിക്കെ 585- ല്‍ അദ്ദേഹം ദിവംഗതനായി.


Leave a Reply

Your email address will not be published. Required fields are marked *