സ്വര്‍ഗ്ഗം ഇന്ന് തിയറ്ററുകളില്‍


മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന ‘സ്വര്‍ഗ്ഗം’ ഇന്ന് തിയറ്ററുകളിലെത്തും. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ഗം.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വര്‍ഗ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിലെ കല്യാണപാട്ടും കപ്പ പാട്ടും സ്‌നേഹ ചൈതന്യമേ എന്ന ഗാനവും സോഷ്യല്‍മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. രസകരവും ഹൃദയസ്പര്‍ശിയുമായ ഒട്ടേറെ രംഗങ്ങള്‍ ചേര്‍ത്തുവെച്ച ട്രെയിലര്‍ ശ്രദ്ധനേടിയിരുന്നു.

ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്ര്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷന്‍ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

എസ്. ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാല്‍, മോഹന്‍ സിത്താര, ജിന്റോ ജോണ്‍, ലിസി ഫെര്‍ണാണ്ടസ് എന്നിവരാണ് സംഗീതസംവിധായകര്‍. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയെ ആസ്പദമാക്കി റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Author


Leave a Reply

Your email address will not be published. Required fields are marked *