കോടഞ്ചേരി മേഖല യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളുടെ നേതൃസംഗമം നടത്തി. ക്രിസ്തീയ വിശ്വാസത്തിനെതിരെയുള്ള ആസൂത്രിത കടന്നുകയറ്റങ്ങളില്‍ സഭാ നേതൃത്വങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒന്നിക്കണമെന്നും സഭയ്ക്കും വിശ്വാസത്തിനും സഭാ സ്ഥാപനങ്ങള്‍ക്കും എതിരെ വിവിധ കോണുകളില്‍ നിന്ന് ആസൂത്രിതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണികളെ ഒരുമിച്ച് നിന്ന് ശക്തമായി നേരിടണമെന്നും സംഗമം ആഹ്വാനം ചെയ്തു.
യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മുഖ്യപ്രഭാഷണം നടത്തി.
മലബാര്‍ മലങ്കര മാര്‍ത്തോമ സിറിയന്‍ സഭ മെത്രാപ്പോലീത്ത മാത്യു മാര്‍ മക്കാരിയോസ്, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, യുസിഎഫ് മേഖല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, മൈക്കാവ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് വികാരി ഫാ. എബി ചിറയില്‍, മൈക്കാവ് യാക്കോബായ സിറിയന്‍ ചര്‍ച്ച് വികാരി ഫാ. ബേസില്‍ തമ്പി, പുലിക്കയം ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ. റിനോ ജോണ്‍, മേഖലാ പ്രസിഡന്റ് രാജു ചൊള്ളാമഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
