ഒരു വര്‍ഷം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന ‘ചലഞ്ച്’ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കൂരാച്ചുണ്ട് ഫൊറോന ദേവാലയത്തിലെ യൂക്കരിസ്റ്റിക് ആര്‍മി അംഗങ്ങള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചു. മൂന്നു വയസുകാരിയടക്കം 28 കുട്ടികളാണ് മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് സൈക്കിള്‍ നേടിയത്. ജൂണ്‍ ഏഴിന് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു ശേഷം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സൈക്കിളുകള്‍ സമ്മാനിച്ചപ്പോള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കൂരാച്ചുണ്ട് ഫൊറോന ഇടവകയ്ക്ക് അതൊരു അഭിമാന നിമിഷമായി മാറി.
കുട്ടികളെ വിശുദ്ധ കുര്‍ബാനയോട് അടുപ്പിക്കാന്‍ ഇടവക നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാപരമാണെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ‘പ്രതിഫലം ലഭിക്കുകയെന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ബൈബിളിലും പ്രതിഫലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ത്യാഗത്തിനും ആത്മസമര്‍പ്പണത്തിനും ദൈവം നല്‍കിയ പ്രതിഫലമാണ് ഇവിടെ സമ്മാനിക്കുന്ന സൈക്കിളുകള്‍.” ബിഷപ് കൂട്ടിച്ചേര്‍ത്തു.
കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഉദാരമനസ്‌കരുടെ സഹായത്തോടെയാണ് സൈക്കിളുകള്‍ വാങ്ങിയത്. ‘സമ്മാനം നേടുക എന്നതിനേക്കാള്‍ ഈശോയ്ക്കു വേണ്ടി ജീവിക്കാനും വിശുദ്ധ കുര്‍ബ്ബാനയിലൂടെ ആത്മീയ അഭിഷേകമുള്ളവരായി, വിശുദ്ധ കുര്‍ബാനയുടെ സൈന്യമായി നിലകൊള്ളാന്‍ കുട്ടികള്‍ക്ക് കരുത്ത് പകരുകയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.’ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ പറഞ്ഞു.
2024 ജൂണ്‍ ഒന്നു മുതല്‍ 2025 മെയ് 31 വരെയായിരുന്നു ‘ചലഞ്ച്’. 2025 വര്‍ഷത്തിലെ ചലഞ്ച് ജൂണ്‍ ഒന്നിന് ആരംഭിച്ചു. 29 കുട്ടികള്‍ ഈ വര്‍ഷത്തെ ചലഞ്ചിന്റെ ഭാഗമാണ്.
