താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 31-ാം ചരമ വാര്‍ഷികം ആചരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ ദിവ്യബലിക്കും അനുസ്മരണ ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
വിശുദ്ധ ജീവിതത്തിന്റെ ഉടമയായ വൈദിക ശ്രേഷ്ഠനായിരുന്നു മാര്‍ മങ്കുഴിക്കരിയെന്നും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പിതാവായിരുന്നു അദ്ദേഹമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിച്ചു.
ദീര്‍ഘ വീക്ഷണത്തോടെയാണ് മങ്കുഴിക്കരി പിതാവ് പദ്ധതികള്‍ നടപ്പിലാക്കിയത്. രൂപതയുടെ ആരംഭത്തില്‍ ഒന്നുമില്ലായ്മയില്‍ നിന്നും അജപാലന ശുശ്രൂഷയ്ക്കായി രൂപതാഭവന്‍, മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, ബഥാനിയ നവീകരണ കേന്ദ്രം തുടങ്ങിയവയെല്ലാം വളരെ കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. കോഴിക്കോട് നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ആരാധനാവശ്യങ്ങള്‍ക്കായി സംവിധാനം ഒരുക്കണമെന്ന് മങ്കുഴിക്കരി പിതാവ് വളരെ തീഷ്ണതയോടെ ആഗ്രഹിച്ചു. പാറോപ്പടി, അശോകപുരം, മാങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലങ്ങള്‍ വാങ്ങുവാന്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രചോദനം അദ്ദേഹത്തിനുണ്ടായി. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി അദ്ദേഹം സ്ഥാപിച്ച സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രൂപതയുടെ അഭിമാനമാണ്. കത്തീഡ്രല്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന സ്ഥലവും മങ്കുഴിക്കരി പിതാവിന്റെ കാലത്താണ് വാങ്ങിയത് – വചന സന്ദേശത്തിനിടെ ബിഷപ് പങ്കുവച്ചു.
രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, അസി. വികാരി ഫാ. ജോര്‍ജ് പുരയിടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
