‘ഫെയ്ത്ത് മേറ്റ്‌സ്’ പഠന ശിബിരം


സീറോ മലബാര്‍ തലത്തില്‍ പരിഷ്‌ക്കരിച്ച മതബോധന പ്ലസ്ടു ടെക്സ്റ്റ് ബുക്ക് പരിചയപ്പെടുത്തുന്നതിനായി രൂപതാ മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ‘ഫെയ്ത്ത് മേറ്റ്‌സ്’ എന്ന പേരില്‍ പഠനശിബിരം നടത്തി. താമരശ്ശേരി എംഎസ്ടി സാന്തോം സെമിനാരിയില്‍ നടത്തിയ പഠനശിബിരം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ അധ്യക്ഷത വഹിച്ചു.

ആധുനിക ബോധന രീതികള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന പരിഷ്‌ക്കരിച്ച പ്ലസ്ടു പുസ്തകത്തിലെ ആശയങ്ങള്‍ കുട്ടികളിലേക്ക് ആഴത്തിലിറങ്ങുന്നതാണെന്നും അധ്യാപകര്‍ അതിനുള്ള വഴികാട്ടികളാകണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

സീറോ മലബാര്‍ തലത്തില്‍ കക്കനാട് നടത്തിയ പഠനക്യാമ്പില്‍ പങ്കെടുത്ത സണ്ണി കൊക്കാപ്പിള്ളില്‍, സിസ്റ്റര്‍ ജിസ്‌ലെറ്റ് എംഎസ്‌ജെ, ബോണി ആനത്താനം, സോണി മോന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

പാഠപുസ്തക അവതരണ രീതിയെക്കുറിച്ച് സണ്ണി കൊക്കാപ്പിള്ളിയും ചിഹ്നങ്ങളെയും നിറങ്ങളെയും കുറിച്ച് ബോണി ആനത്താനവും വിശദീകരിച്ചു. തുടര്‍ന്ന് ഗ്രൂപ്പുകളായി തിരിച്ച് മോഡല്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. വിവിധ ഇടവകകളില്‍ നിന്നായി 120 അധ്യാപകര്‍ പങ്കെടുത്തു.