ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ, അസീസിയിലെ സെന്റ് ഫ്രാന്‍സിസ് ബസിലിക്കയുടെ ലോവര്‍ ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന സെന്റ് ഫ്രാന്‍സിസ് അസീസിയുടെ തിരുശേഷിപ്പുകള്‍ വണങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷം വിശ്വാസികളെന്ന് ക്രൈസ്തവ വാര്‍ത്താ ചാനലായ ഇഡബ്ല്യുടിഎന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സഭാ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ ശരീരാവശിഷ്ടങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്.
ഭൂഗര്‍ഭ ചാപ്പലില്‍ നിന്ന് വിശുദ്ധന്റെ ശരീരം പുറത്തെടുത്ത് പേപ്പല്‍ അള്‍ത്താരയ്ക്കു മുന്‍വശത്തേക്ക് മാറ്റും. ഈ തിരുശേഷിപ്പുകള്‍ ഒരു മാസത്തേക്ക് വിശ്വാസികള്‍ക്ക് വണങ്ങാം. വിശ്വാസികള്‍ക്കായുള്ള പൊതുദര്‍ശനത്തിന് മുന്‍പ്, ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ക്ക് മാത്രമായി പ്രാര്‍ത്ഥന നടക്കും.
വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സ്മരണാര്‍ത്ഥം പ്രഖ്യാപിച്ച പ്രത്യേക ജൂബിലി വര്‍ഷം 2027 ജനുവരി 10 വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള അവസരവും ലഭ്യമാണ്.
നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന തിരുശരീരം

1226-ല്‍ മരണമടഞ്ഞ ശേഷം, വിശുദ്ധ ഫ്രാന്‍സിസിനെ ലോവര്‍ ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്ക് കീഴിലുള്ള, പ്രവേശനം ദുഷ്‌കരമായ സ്ഥലത്താണ് അടക്കം ചെയ്തത്. തിരുശേഷിപ്പുകള്‍ മോഷണം പോകാതിരിക്കാനായിരുന്നു ഇത്. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്നിരുന്ന വിശുദ്ധന്റെ ശരീരം 1818 ഡിസംബറില്‍ കണ്ടെത്തി. 1819-ല്‍ നടത്തിയ ഔദ്യോഗിക പരിശോധനയിലൂടെ, അവശിഷ്ടങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതിന് മുമ്പ് 20-ാം നൂറ്റാണ്ടിലും 21-ാം നൂറ്റാണ്ടിലും രണ്ടു തവണ (1978, 2015) വിശുദ്ധന്റെ കബറിടം തുറന്നിട്ടുണ്ട്.
ഫ്രാന്‍സിസ്‌കന്‍ ജൂബിലി വര്‍ഷത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക്, ഏതെങ്കിലും ഫ്രാന്‍സിസ്‌കന്‍ ദേവാലയം സന്ദര്‍ശിച്ചോ, വിശുദ്ധനുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിച്ചോ ദണ്ഡവിമോചനം പ്രാപിക്കാം. അതിന് ആവശ്യമായ നിബന്ധനകള്‍:
കുമ്പസാരം
വിശുദ്ധ കുര്‍ബാന സ്വീകരിക്കല്‍
പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കല്‍
കത്തോലിക്കാ സഭയുടെ പഠനപ്രകാരം, അപരാധ വിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്ന് ദൈവത്തിരുമുന്‍പാകെയുള്ള ഇളവു ചെയ്യലാണ് ദണ്ഡവിമോചനം.
ദണ്ഡവിമോചനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍: Click Here https://youtu.be/D-0rZlMlXRI?si=8FxzTQP_Mpifd9oc