താമരശ്ശേരി രൂപതയുടെ കരുത്ത് കൂട്ടായ്മയും ലാളിത്യവും; രൂപതയുടെ സത്ഫലങ്ങള്‍ കുടിയേറ്റ മേഖലയിലാകെ നിറഞ്ഞുനില്‍ക്കുന്നുവെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്


പ്രാര്‍ത്ഥന, ലാളിത്യം, കൂട്ടായ്മ, ത്യാഗം, സ്‌നേഹം എന്നീ മൂല്യങ്ങളിലൂന്നിയുള്ള ജീവിതശൈലിയാണ് താമരശ്ശേരി രൂപതയെ വ്യത്യസ്തമാക്കുന്നതെന്നും, ഈ രൂപതയുടെ സത്ഫലങ്ങള്‍ ഇന്ന് കുടിയേറ്റ മേഖലയിലാകെ നിറഞ്ഞുനില്‍ക്കുകയാണെന്നും കോഴിക്കോട് രൂപതാ ബിഷപ് റൈറ്റ് റവ. വര്‍ഗീസ് ചക്കാലക്കല്‍. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ച് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ അര്‍പ്പിച്ച കൃതജ്ഞതാ ദിവ്യബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്താല്‍ വിളിക്കപ്പെട്ടവരുടെ വലിയൊരു കൂട്ടായ്മയാണ് താമരശ്ശേരി രൂപത. വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ഫ്രാന്‍സീസ് അസീസി എന്നീ വിശുദ്ധരുടെ ജീവിതമാതൃകകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് രൂപത മുന്നോട്ട് പോകുന്നത്. ആത്മീയതയുടെയും സ്‌നേഹത്തിന്റെയും സൗന്ദര്യം രൂപതയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ദര്‍ശിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രൂപതയുടെ ഏറ്റവും വലിയ ശക്തി എന്നത് ഇവിടുത്തെ അജപാലകരും വിശ്വാസികളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയുമാണ്. മെത്രാനും വൈദികരും സമര്‍പ്പിതരും അല്‍മായരും അടങ്ങുന്ന സമൂഹം ക്രിസ്തുവിനെ കേന്ദ്രമാക്കി, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും അവലംബിച്ചാണ് ജീവിക്കുന്നത്. മലബാര്‍ കുടിയേറ്റ ജനതയുടെ ആത്മീയ പിതാവായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ചൈതന്യവും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ടാണ് താമരശ്ശേരി രൂപത ഇന്നും വളരുന്നതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

റൂബി ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍, രൂപത കാത്തുസൂക്ഷിക്കുന്ന ഈ കൂട്ടായ്മയും വിശ്വാസതീക്ഷ്ണതയും വരും കാലങ്ങളിലും കൂടുതല്‍ ശോഭയോടെ നിലനില്‍ക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സമാപന ചടങ്ങുകളുടെ ലൈവ് കാണാന്‍ ക്ലിക്ക് ചെയ്യു:

https://youtube.com/live/vf12GlPCLk8?feature=share