താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളന വേദി വരുംകാലത്തേക്കുള്ള സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആത്മീയ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ സാങ്കേതിക മുന്നേറ്റങ്ങളും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതുന്ന ഒട്ടേറെ പദ്ധതികളാണ് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന മഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത്.
ചരിത്രം കാക്കാന്‍ മ്യൂസിയം
മലബാര്‍ കുടിയേറ്റ ജനതയുടെ സഹനങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്രം വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനായുള്ള കുടിയേറ്റ ചരിത്ര മ്യൂസിയവും കണ്‍വെന്‍ഷന്‍ സെന്ററും പദ്ധതി കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അവതരിപ്പിച്ചു. ചടങ്ങില്‍ താമരശ്ശേരി രൂപതയുടെ പുതിയ ഭൂപടം മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പ്രകാശനം ചെയ്തു.
കാലത്തിനൊത്ത് ഡിജിറ്റല്‍ കുതിപ്പും വിഷ്വല്‍ മീഡിയയും
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ രൂപതയുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ‘രൂപതാ ഡിജിറ്റലൈസേഷന്‍’ പ്രഖ്യാപനം കണ്ണൂര്‍ ബിഷപ്പ് റവ. ഡോ. അലക്‌സ് വടക്കുംതല നിര്‍വഹിച്ചു.
രൂപതയുടെ ആശയവിനിമയ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വിഷ്വല്‍ മീഡിയ ലോഞ്ചിങ് കണ്ണൂര്‍ രൂപത സഹായമെത്രാന്‍ റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി നിര്‍വഹിച്ചു. രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഹാലോ ടിവി, മലബാര്‍ വിഷന്‍ യുട്യൂബ് ചാനല്‍ എന്നിവയ്ക്കും തുടക്കമായി.
രൂപതാ ഡയറക്ടറിയുടെ പ്രകാശനം മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലമാണ് നിര്‍വഹിച്ചത്.
കരുതലായി കരുണാഭവന്‍ പുതിയ ബ്ലോക്ക്
സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരോടുള്ള സഭയുടെ കരുതലിന്റെ പ്രതീകമായ ‘കരുണാഭവന്‍’ പുതിയ ബ്ലോക്ക് പ്രൊജക്ടിന്റെ ഉദ്ഘാടനം കല്യാണ്‍ രൂപത ബിഷപ്പ് എമിരറ്റസ് മാര്‍ തോമസ് ഇലവനാല്‍ നിര്‍വഹിച്ചു.