താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം


വിലങ്ങാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ചെയ്തതിനേക്കാള്‍ മികച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് താമരശ്ശേരി രൂപത നടത്തിയതെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടായ്മയുടെ ഉരുക്കുകോട്ടയാണ് താമരശ്ശേരി രൂപതയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രശംസിച്ചു. കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി രൂപത ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുടെ മാതൃകകള്‍ പാഠപുസ്തകമാക്കേണ്ടതാണ്. സാമ്പത്തികവും സാഹചര്യങ്ങളും പരിമിതമായിരുന്നിട്ടും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ രൂപത കാണിക്കുന്ന സജീവതയും കുട്ടികളെ പൊതുരംഗത്തേക്ക് കൊണ്ടുവരാന്‍ നല്‍കുന്ന പരിശീലനവും മറ്റ് രൂപതകള്‍ക്ക് വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 1926-ല്‍ ആരംഭിച്ച മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വര്‍ഷത്തിലാണ് താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷിക്കുന്നത് എന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഹനത്തിലൂടെയുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ് ചുവന്ന ജൂബിലി അഥവാ റൂബി ജൂബിലി. ആഢ്യത്തമുള്ള ദൈവജനവും വൈദികരുടെ കൂട്ടായ്മയും സമര്‍ത്ഥരായ പിതാക്കന്മാരുടെ നേതൃത്വവുമാണ് കുറഞ്ഞ കാലംകൊണ്ട് അത്ഭുതാവഹമായ നേട്ടങ്ങളുണ്ടാക്കാന്‍ രൂപതയെ സഹായിച്ചത്. ഏവരെയും ചേര്‍ത്തുനിര്‍ത്താനും കേരളത്തിന്റെ പൊതുബോധത്തിന് ദിശാബോധം നല്‍കാനും താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നിലപാടുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

സപ്തതി ആഘോഷിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെയും, കോഴിക്കോട് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനായ ഡോ. വര്‍ഗീസ് ചക്കാലക്കലിനെയും താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കായികരംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് അല്‍ക്ക ഷിനോജ് (കൂരാച്ചുണ്ട്), കെ. എം. പീറ്റര്‍ (ചക്കിട്ടപ്പാറ), വിദ്യാഭ്യാസ രംഗത്തെ സമര്‍പ്പണത്തിന് ജോജി പോള്‍ (കരുവാരകുണ്ട്), സാഹിത്യരംഗത്തെ മികവിന് യുവപ്രതിഭ ഡാനില്‍ മാത്യു ജോസ് (അശോകപുരം) എന്നിവര്‍ രൂപതയുടെ പ്രത്യേക ആദരവ് ഏറ്റുവാങ്ങി.

രൂപതാ കൊയര്‍ റൂബീ ജൂബിലി ആന്തം ആലപിച്ചു. ചടങ്ങില്‍ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, എം.എസ്.എം.ഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.