വിലങ്ങാടിന്റെ അതിജീവനം യഥാര്‍ത്ഥ ‘കേരള സ്റ്റോറി’; പുനരധിവാസം രണ്ടാം ഘട്ടത്തിലേക്ക്


പ്രകൃതി ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വിലങ്ങാടിന് പുതുജീവന്‍ നല്‍കി, കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമാപനവും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളിയങ്കണത്തില്‍ നടന്നു.

വാഗ്ദാനങ്ങള്‍ നല്‍കി പിന്‍വാങ്ങിയവര്‍ക്കിടയില്‍ മാതൃകയായി സഭ

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കുന്ന മെത്രാന്‍ സമിതിയാണ് കേരളത്തിലുള്ളതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കോഴിക്കോട് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു. ദുരന്ത സമയത്ത് നിരവധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. എന്നാല്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്ത കത്തോലിക്കാ മെത്രാന്‍ സമിതി, വിലങ്ങാട്ടിലും വയനാട്ടിലുമായി ഇതുവരെ 160 വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. ദൈവിക പ്രേരണയാലാണ് ഇത്രയും ബൃഹത്തായൊരു പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും, ദൈവത്തിന് നന്ദി പറയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചതാണ് യഥാര്‍ത്ഥ ‘കേരള സ്റ്റോറി’

ജാതി, മത, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച് ദുരന്തത്തെ തോല്‍പ്പിച്ചതാണ് യഥാര്‍ത്ഥ ‘കേരള സ്റ്റോറി’ എന്ന് അധ്യക്ഷപ്രസംഗത്തില്‍ തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ ആളുകളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ് കെസിബിസിക്ക് ഇത്തരമൊരു പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന വികസനത്തിന് പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം

കാലവര്‍ഷം അടുത്തിരിക്കെ വിലങ്ങാടുകാര്‍ ഭീതിയിലാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചൂണ്ടിക്കാട്ടി. ദുരന്തബാധിത പ്രദേശത്ത് വീട് വയ്ക്കരുതെന്ന് വിലക്കുന്ന അധികാരികള്‍, ജനങ്ങള്‍ എവിടെ താമസിക്കണമെന്ന ചോദ്യത്തിന് മുന്നില്‍ മൗനം പാലിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തകര്‍ന്ന റോഡുകള്‍ ഇന്നും ശോചനീയാവസ്ഥയില്‍ തുടരുന്നു. അധികാരത്തിലേറാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ വിലങ്ങാടിന്റെ അടിസ്ഥാന വികസനത്തിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ വീതവും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കിയ മുന്‍ സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

താക്കോല്‍ദാനവും ടാസ്‌ക് ഫോഴ്‌സ് ഉദ്ഘാടനവും

പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ താക്കോല്‍ദാനം മാര്‍ ജോസഫ് പാംപ്ലാനിയും മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലവും ചേര്‍ന്ന് നിര്‍വഹിച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയ്യൂര്‍ സലഫിയ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സിഒഡി രൂപതാ ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, മാര്‍ അലക്‌സ് താരാമംഗലം, ഡോ. ഹുസൈന്‍ മടവൂര്‍, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗം ഫാ. മൈക്കിള്‍ വെട്ടിക്കാട്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി, അപ്പസ്‌തോലിക് കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസീന എ.സി, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂവത്തിങ്കല്‍, ജീസസ് യൂത്ത് ആനിമേറ്റര്‍ റെജി ജെ. കരോട്ട്, വാര്‍ഡ് മെമ്പര്‍ ഷെബി സെബാസ്റ്റ്യന്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദേശവാസികളും ജനപ്രതിനിധികളും വൈദികരും സന്യസ്തരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.