താമരശ്ശേരി രൂപത പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വല തുടക്കം; ട്രീസാ സെബാസ്റ്റ്യന്‍ പുതിയ സെക്രട്ടറി


താമരശ്ശേരി രൂപതയുടെ പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വലമായ തുടക്കം. രൂപതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചെറുശ്ശേരി നയിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് യോഗം ആരംഭിച്ചത്. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിന്റെ പ്രവര്‍ത്തനാവലോകന റിപ്പോര്‍ട്ട് മുന്‍ സെക്രട്ടറി ബെന്നി ലൂക്കോസ് അവതരിപ്പിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സമുദായ ശാക്തീകരണ വര്‍ഷവും പുസ്തക പ്രകാശനവും

രൂപത ലക്ഷ്യമിടുന്ന ‘സമുദായ ശാക്തീകരണ വര്‍ഷ’ത്തിന്റെ രൂപരേഖയും കര്‍മ്മ പദ്ധതികളും മോണ്‍. അബ്രാഹം വയലില്‍, ഫാ. മാത്യു തൂമുള്ളില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഫാ. ജെയിംസ് കുഴിമറ്റം, ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ രചിച്ച പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. സമുദായ ശാക്തീകരണ വര്‍ഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.

പുതിയ ഭാരവാഹികള്‍

പാസ്റ്ററല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും യോഗത്തില്‍ നടന്നു. പുതിയ സെക്രട്ടറിയായി ട്രീസാ സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. ഫാ. പീറ്റര്‍ സി.എം.ഐ, സി. ഉദയ സി.എം.സി, മാഞ്ചുഷ് മാത്യു, അഡ്വ. ബീന ജോസ് എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ട്രീസ സെബാസ്റ്റ്യന്‍

(രൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര ഉപദേശക സമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍.)

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.