‘മലബാറിന്റെ കുഞ്ഞേട്ടന്’ നാടിന്റെ അന്ത്യാഞ്ജലി


ചെറുപുഷ്പമിഷന്‍ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും പി. സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ എന്ന മിഷന്‍ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടനൊപ്പം മലബാറിലെ രൂപതകളില്‍ ചെറുപുഷ്പമിഷന്‍ ലീഗിനെ വളര്‍ത്തുന്നതിനായി കഠിനമായി അദ്ധ്വാനിച്ച കരിമാക്കില്‍ സാര്‍ എന്ന വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കരിമാക്കിലിന് നാടിന്റെ അന്ത്യാഞ്ജലി.

മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെമ്പാടും സജീവമാക്കുന്നതിനായി ഓടിനടന്ന തീക്ഷ്ണമതിയായ പ്രേഷിതനായിരുന്നു. നാട്ടുകാര്‍ സ്‌നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്നായിരുന്നു വിളിച്ചിരുന്നത്. അവിഭക്ത തലശ്ശേരി രൂപതയിലെ വിവിധ ഇടവകകളില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി കുഞ്ഞേട്ടനോടൊപ്പം നിരവധി യാത്രകള്‍ നടത്തി.

തലശ്ശേരി രൂപതയിലെ മിഷന്‍ ലീഗിന്റെ ജനറല്‍ ഓര്‍ഗനൈസര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1986-ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നപ്പോള്‍ രൂപതയുടെ പ്രഥമ പ്രസിഡന്റായി. 1987 മുതല്‍ 1993 വരെ കേരള സംസ്ഥാനത്തിന്റെ മലബാര്‍ റീജിയണല്‍ ഓര്‍ഗനൈസറായും 1993 മുതല്‍ 1999 വരെ ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചു. 1999 -2002 കാലയളവില്‍ സംസ്ഥാന ജനറല്‍ ഓര്‍ഗനൈസറായും 2002 – 2005 സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2009 വരെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായി. 2009-ല്‍ പ്രഥമ അന്തര്‍ദേശീയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ ജനറല്‍ ഓര്‍ഗനൈസറായി 2015 വരെ പ്രവര്‍ത്തിച്ചു. 2015 മുതല്‍ 2023 വരെ അന്തര്‍ദേശീയ അഡ്‌ഹോക്ക് കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു.

അവിഭക്ത തലശ്ശേരി രൂപതയില്‍, കോരിച്ചൊരിയുന്ന മഴക്കാലത്ത് പേരാവൂരില്‍ സംഘടിപ്പിച്ച മിഷന്‍ ലീഗ് വാര്‍ഷികത്തിന് ചുക്കാന്‍ പിടിച്ചത് കരിമാക്കില്‍ സാറായിരുന്നു. അന്ന് നടത്തിയ മിഷന്‍ എക്‌സിബിഷനും കലോത്സവവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റെടുത്തപ്പോള്‍ താമരശ്ശേരിയില്‍ രൂപതയിലും മിഷന്‍ ലീഗ് സംഘടന രൂപീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കരിമാക്കില്‍ സാറും ടീമും അതിനായി പ്രയത്‌നിച്ചു. രൂപതയില്‍ മികച്ച വേരോട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപതാസമിതിക്ക് കഴിഞ്ഞു.

കോഴിക്കോട്ടെ മലയോര ഗ്രാമമായ കാവിലുംപാറയിലെ ചാപ്പന്‍തോട്ടം ഇടവകയില്‍ കാര്യമായ യാത്രാസംവിധാനങ്ങള്‍ ഇല്ലാതിരുന്നപ്പോഴും മലബാറിന്റെ വിവിധ ഇടവകകളില്‍ മിഷന്‍ലീഗിനുവേണ്ടി ഓടിയെത്തുമായിരുന്നു. ലളിതജീവിതത്തിനുടമയായ കരിമാക്കില്‍ സാറിനെ ചെറുപുഞ്ചിരിയിലൂടെയല്ലാതെ സംസാരിക്കുന്നതായി ആരും കാണാനിടയായിട്ടുണ്ടാവില്ല. കരിമാക്കില്‍ സാറിന് മിഷന്‍ ലീഗല്ലാതെ വേറൊരു ജീവിതം ചിന്തിക്കാനാകുമായിരുന്നില്ല. ദീര്‍ഘകാലം മതാധ്യപകാനായും ഹെഡ്മാസ്റ്ററായും രൂപത പ്രൊമോട്ടറായും സേവനം ചെയ്തിട്ടുണ്ട്.

സംഘടനയുടെ പ്രവര്‍ത്തകനായി നടന്ന കാലഘട്ടങ്ങളില്‍ സ്വന്തം കുടുംബത്തിന് വേണ്ടി ജീവിക്കാന്‍ മറന്നുപോയ ഒരു വ്യക്തിയാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല, കുടുംബത്തിനുവേണ്ടി ദൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ പോലും പലപ്പോഴും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കത്തോലിക്കാസഭയിലെ അഭിവന്ദ്യ പിതാക്കന്മാരുമായും രാഷ്ട്രീയ പ്രവര്‍ത്തകരുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു, പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ ഭൗതികനേട്ടത്തിന് കാരണമാക്കിയില്ല.

പി. സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ എന്ന മിഷന്‍ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടന്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. മിഷന്‍ ചൈതന്യം താമരശ്ശേരി രൂപതയില്‍ വര്‍ദ്ധിപ്പിക്കാനും മിഷന്‍ അനുഭവം പങ്കുവെയ്ക്കാനും അടുത്ത കാലത്ത് ദിവംഗതനായ ഗോരക്പൂര്‍ രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ മാര്‍ ഡൊമിനിക് കോക്കാട്ടിനെ രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതില്‍ കരിമാക്കില്‍സാറിന്റെ നേതൃത്വം ഉണ്ടായിരുന്നു.

ദീപിക പത്രം കണ്ണൂരില്‍ നിന്നു തുടങ്ങിയപ്പോള്‍ കുറ്റ്യാടി പ്രദേശത്ത് പിന്തുണ നല്കിയിരുന്നതും പ്രചാരകനായതും കരിമാക്കില്‍ സാര്‍ ആയിരുന്നു.

ആശയങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് ഉള്ളിലൊളിപ്പിക്കാതെ തുറന്നുപറയുന്നതിനും കൃത്യമായി ചൂണ്ടിക്കാണിക്കുന്നതിനും വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നിലപാടെടുത്തു. പക്ഷേ, അതും വളരെ ശാന്തമായി, പുഞ്ചിരിയില്‍ പൊതിഞ്ഞുതന്നെ. ശാന്തവും വിശുദ്ധവുമായ ജീവിതവഴികള്‍. ശുദ്ധനായ നാട്ടിന്‍ പുറത്തു കാരന്റെ കര്‍മ്മ വഴികള്‍. നമുക്കിടയില്‍ അപൂര്‍വ്വമായി മിഷന്‍ ചൈതന്യം പകര്‍ന്നു കടന്നുപോയൊരാള്‍.

മിഷന്‍ ലീഗിന്റെ ആരംഭ ചൈതന്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത മിഷനറി. ജപമാലയും ബൈബിള്‍ വായനയും മുടക്കാത്ത, പ്രാര്‍ത്ഥന നിറഞ്ഞ വ്യക്തിത്വം, നല്ലൊരു അല്മായ പ്രേക്ഷിതന്‍. ചെറുപുഷ്പ മിഷന്‍ ലീഗിനും, സഭയ്ക്കും കരിമാക്കില്‍ സാര്‍ നല്‍കിയ സംഭാവനകളെ നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തെ എന്നും ഓര്‍ക്കാം. ലളിത ജീവിതത്തിലൂടെ പ്രേഷിത പ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ വേര്‍പാട് ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയ്ക്ക്, പ്രത്യേകിച്ച് മലബാര്‍ മേഖലയ്ക്ക് ഒരു തീരാനഷ്ടമാണ്.

ഭാര്യ: വല്‍സ. മക്കള്‍: സുജിത്, സുബിന, സുബിന്‍, ആല്‍ഫി. മരുമക്കള്‍: പ്രിയ, റിമ്മി, റിനോ, റോബിന്‍.

Author

  • മരുതോങ്കര ഇടവകാംഗം.
    മുൻ മിഷൻലീഗ് സെക്രട്ടറി, താമരശ്ശേരി രൂപത.
    ബിഷപ്സ് ഹൗസിൽ സേവനം ചെയ്യുന്നു.


Leave a Reply

Your email address will not be published. Required fields are marked *