ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണവുമായി സാജി ജോണ്‍; ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി


ബാംഗ്ലൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്റ് മാസ്റ്റര്‍ 70 കിലോ വിഭാഗത്തില്‍ ഇടതും വലതും കൈകള്‍ക്ക് സ്വര്‍ണ്ണം നേടി കോഴിക്കോട് സ്വദേശി വലിയപുത്തന്‍പുരയില്‍ സാജി ജോണ്‍ നാടിന് അഭിമാനമായി. ഇരട്ട സ്വര്‍ണ്ണ നേട്ടത്തോടെ, ഒക്ടോബര്‍ 20-ന് ജപ്പാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയും കരസ്ഥമാക്കി.

തുടരുന്ന മെഡല്‍ വേട്ട

പഞ്ചഗുസ്തി വേദിയില്‍ സാജിയുടെ മികവ് ഇതാദ്യമല്ല. 2024-ല്‍ ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയ അദ്ദേഹം, 2025-ല്‍ അസര്‍ബൈജാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്റ് മാസ്റ്റര്‍ മെന്‍ 70 കിലോ വിഭാഗത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് വലതുകൈ മത്സരത്തില്‍ വെങ്കലവും ഇടതുകൈ മത്സരത്തില്‍ നാലാം സ്ഥാനവും സാജി സ്വന്തമാക്കി.

പരാജയത്തില്‍ നിന്നാരംഭിച്ച ജൈത്രയാത്ര

തികച്ചും അവിചാരിതമായാണ് സാജി കായികരംഗത്തേക്ക് കടന്നുവരുന്നത്. പഞ്ചഗുസ്തി താരമായ സഹോദരന്‍ സാന്റി ജോണിന്റെ വീട്ടില്‍ വെച്ച് നടന്ന ഒരു തമാശ മത്സരത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയതാണ് സാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സഹോദരന്റെയും മക്കളായ നോബിള്‍, മെര്‍വിന്‍ എന്നിവരുടെയും പ്രോത്സാഹനത്തോടെ പരിശീലനം ആരംഭിച്ചു.

2022-ല്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുത്തുവെങ്കിലും പരാജയമായിരുന്നു ഫലം. എന്നാല്‍ തോറ്റുപിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നിരന്തരമായ പരിശീലനത്തിനൊടുവില്‍ 2023-ല്‍ നടന്ന ജില്ലാതല മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് അദ്ദേഹം തന്റെ വിജയഗാഥയ്ക്ക് തുടക്കം കുറിച്ചത്.

പരിമിതികളെ തോല്‍പ്പിച്ച പരിശീലനം

ഏറെ പരിമിതികള്‍ക്കിടയിലാണ് ഈ ലോകോത്തര താരത്തിന്റെ പരിശീലനം നടക്കുന്നത്. വാടക വീട്ടിലെ ഒരു ചെറിയ മുറിയില്‍ പൂര്‍ണ്ണമായും സ്വയം നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. മേശയില്‍ ഒരു സിമന്റ് കല്ല് വെച്ച് അതിനുമുകളില്‍ കുഷ്യനിട്ടും, ജനലില്‍ ഘടിപ്പിച്ച കപ്പിയിലൂടെ കയറിട്ട് സിമന്റ് കട്ടകള്‍ നിറച്ച ബക്കറ്റ് വലിച്ചുയര്‍ത്തിയുമാണ് അദ്ദേഹം കായികക്ഷമത നിലനിര്‍ത്തുന്നത്.

കോഴിക്കോട് അത്തോളിക്ക് സമീപം കൊടശ്ശേരിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് സാജി ജോണ്‍. കൂമുള്ളി ഇടവകാംഗമായ അദ്ദേഹം, കടുത്ത സാമ്പത്തിക-ഭൗതിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് രാജ്യത്തിന്റെ കായിക ഭൂപടത്തില്‍ സ്വന്തം പേരെഴുതിച്ചേര്‍ക്കുന്നത്. ജപ്പാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണത്തില്‍ കുറഞ്ഞതൊന്നും ഈ താരം പ്രതീക്ഷിക്കുന്നില്ല.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.