കേരള കത്തോലിക്ക സഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ (KSSF) 45ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിക്ക് (COD) പ്രത്യേക പുരസ്‌കാരം. 2024-25 വര്‍ഷത്തെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള കെസിബിസി ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ പുരസ്‌കാരമാണ് സിഒഡി സ്വന്തമാക്കിയത്.
കോട്ടയം അമോസ് സെന്ററില്‍ നടന്ന ചടങ്ങില്‍ കെസിബിസി-ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തേക്കത്തെച്ചേരിലില്‍ നിന്ന് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പുരസ്‌കാരം ഏറ്റുവാങ്ങി.
2024-ലെ വിലങ്ങാട് ഉരുള്‍പൊട്ടലിന് ശേഷം 70 വീടുകളുടെ സമയബന്ധിതമായ നിര്‍മ്മാണമടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരുടെ വികസനത്തിനായുള്ള പരിപാടികള്‍, സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരുടെ വരുമാന വര്‍ധനയ്ക്കും സാമ്പത്തിക ശാക്തീകരണത്തിനുമായി ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് വായ്പാ വിതരണം, വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വ പരിശീലനങ്ങള്‍, ‘കാവല്‍’ പദ്ധതിയിലൂടെ ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അര്‍ഹരായവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ‘മന്ന’ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സിഒഡിക്ക് പ്രത്യേക പുരസ്‌ക്കാരം ലഭിച്ചത്.
കോട്ടയം അമോസ് സെന്ററില്‍ നടന്ന യോഗത്തില്‍ കെസിബിസി-ജെപിഡി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കെഎസ്എസ്എഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍, ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എഫ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട റവ. ഡോ. സബ്ബാസ് ഇഗ്‌നേഷ്യസ്, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെസുദാസ്, വിവിധ രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ഡയറക്ടര്‍മാര്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഈ പുരസ്‌കാരം താമരശ്ശേരി രൂപതയുടെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തബാധിതര്‍, സ്ത്രീകള്‍, കുട്ടികള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി സിഒഡി നടത്തുന്ന സേവനങ്ങള്‍ക്കും ലഭിച്ച പ്രധാന അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
