കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂളില്‍ ഇന്‍ഫാമിന്റെ കാര്‍ഷിക പദ്ധതിക്ക് തുടക്കം; പാകമായ ആദ്യ ഫലം കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്


പുതിയ തലമുറയില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും വിവിധ കൃഷിരീതികള്‍ പ്രായോഗികമായി പഠിപ്പിക്കാനുമായി കര്‍ഷക സംഘടനയായ ഇന്‍ഫാം കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂളില്‍ നടന്നു.

‘കൃഷിയിലൂടെ ആരോഗ്യം വിദ്യാഭ്യാസത്തിലൂടെ ബൗദ്ധിക വളര്‍ച്ച’ എന്നതാണ് ഈ പദ്ധതിയുടെ ആപ്തവാക്യം. ഇന്‍ഫാം മലബാര്‍ റീജനല്‍ ഡയറക്ടറും നിര്‍മ്മല യുപി സ്‌കൂള്‍ മാനേജറുമായ ഫാ. ജോസ് പെണ്ണാപറമ്പില്‍ സ്‌കൂള്‍ അങ്കണത്തില്‍ ‘റെഡ് ലേഡി’ പപ്പായ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പദ്ധതിക്കായി സ്‌കൂളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത നാല്‍പതോളം കുട്ടികള്‍ക്ക് അദ്ദേഹം പപ്പായ തൈകള്‍ വിതരണം ചെയ്തു.

കുട്ടികള്‍ സ്വയം കുഴിയെടുത്ത്, വളവും കുമ്മായവും മറ്റും ചേര്‍ത്ത് പപ്പായ നടുന്നതിന്റെ വീഡിയോ പകര്‍ത്തി അവരവരുടെ ക്ലാസ്സ് ടീച്ചര്‍മാര്‍ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുക്കണം. കുട്ടികളെ നേരിട്ട് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതി.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി. എസ്. ശ്രുതി, സ്‌കൂളിലെ കാര്‍ഷിക സംരംഭങ്ങളുടെ ചുമതലയുള്ള അധ്യാപകന്‍ അരുണ്‍, അധ്യാപകരായ ധന്യ, ബില്‍ന, രശ്മി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

പദ്ധതിയുടെ ഭാഗമായ ഓരോ കുട്ടിയുടെയും പുരോഗതി രേഖപ്പെടുത്താന്‍ പ്രത്യേകം കൃഷി രജിസ്റ്റര്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ക്ലാസ്സ് ടീച്ചര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ കൃഷിസ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

കൃഷി കൂടുതല്‍ ആവേശകരമാക്കാന്‍ കുട്ടികള്‍ക്കായി മത്സരവും ഒരുക്കിയിട്ടുണ്ട്. നല്‍കിയ തൈകളില്‍ നിന്നും ഏറ്റവും ആദ്യം പാകമായ ഫലം കൊണ്ടുവരുന്ന ആദ്യത്തെ 3 കുട്ടികള്‍ക്ക് യഥാക്രമം 1001, 501, 251 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് സ്‌കൂള്‍ മാനേജര്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തുന്നത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *