‘ഓണത്തിന് ഒരു പൂക്കൊട്ട’ പദ്ധതി ആരംഭിച്ചു


ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കാറ്റുള്ളമല നിര്‍മല യുപി സ്‌കൂളില്‍ ആരംഭിച്ച പൂക്കൃഷി പദ്ധതി ശ്രദ്ധേയമാകുന്നു. ‘ഓണത്തിന് ഒരു പൂക്കൊട്ട’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതി സ്‌നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

ഓണപ്പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂക്കള്‍ വിദ്യാലയത്തില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ പരിസരത്ത് വിവിധ ഇനങ്ങളിലുള്ള പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചുള്ള അറിവും പരിസ്ഥിതി സംരക്ഷണ ബോധവും കുട്ടികളില്‍ വളര്‍ത്തുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണെന്ന് കായണ്ണ കൃഷി ഓഫീസര്‍ എസ്. ഡി. അമല്‍ പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഹെഡ്മിസ്ട്രസ് പി. ശ്രുതി, പി.ടി.എ പ്രസിഡന്റ് സിബി വടക്കേകുന്നേല്‍, വൈസ് പ്രസിഡന്റ് ഷിബു ജോര്‍ജ്, അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഒരുക്കുന്ന പൂന്തോട്ടം ഓണക്കാലത്ത് വിദ്യാലയത്തിന് വര്‍ണാഭമായ പൂക്കളമായി മാറുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.