ഏപ്രില്‍ 10: വിശുദ്ധന്മാരുടെ മൈക്കള്‍
സ്പാനിഷ് കറ്റലോണിയായില്‍ വിക്ക് എന്ന പ്രദേശത്ത് വിശുദ്ധ മൈക്കള്‍ ജനിച്ചു. പ്രായശ്ചിത്ത പ്രിയനായിരുന്ന ഈ യുവാവ് 22-ാമത്തെ വയസ്സില്‍ ബാഴ്‌സലോണിയായിലെ ട്രിനിറ്റേരിയന്‍ പാദുകസഭയില്‍ ചേര്‍ന്ന് എല്ലാവര്‍ക്കും സന്മാതൃക നല്കിക്കൊണ്ട് പരിശുദ്ധമായ ജീവിതം നയിച്ചു. നാലാമത്തേവര്‍ഷം 1607-ല്‍ വ്രതവാഗ്ദാനം ചെയ്തു. സന്യാസ സഭയില്‍ വിശു ദ്ധന്മാരുടെ മൈക്കള്‍ എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
തീക്ഷ്ണമതിയായ മൈക്കളിന് പാദുക ത്രിനിറ്റേരിയന്‍ സഭയിലെ നിയമങ്ങള്‍ ആധ്യാത്മിക സംതൃപ്തി നല്‍കിയില്ല. കൂടുതല്‍ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും അന്വേഷിച്ച് അദ്ദേഹം 1607-ല്‍ നിഷ്പാദുക ട്രിനിറ്റേറിയന്‍ സഭയില്‍ ചേര്‍ന്ന് അല്‍കാലാ ആശ്രമത്തില്‍വച്ച് വ്രതങ്ങള്‍ നവീകരിച്ചു. വൈദികപട്ടം സ്വീകരിച്ചശേഷം വള്ളഡോളിഡ് ആശ്രമത്തില്‍ രണ്ടുപ്രാവശ്യം സുപ്പീരിയറായി. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതില്‍ അത്യുത്സാഹം പ്രദര്‍ശിപ്പിച്ചിരുന്ന വിശുദ്ധ മൈക്കള്‍ സ്‌പെയിനിലെ വിശുദ്ധ കുര്‍ബാനയുടെ പ്രേഷിതന്മാരില്‍ ഉന്നത സ്ഥാനം നേടിയിയാണ് 34-ാമത്തെ വയസ്സില്‍ ദിവ്യകാരുണ്യ ഈശോയുടെ സമ്മാനം വാങ്ങാന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്.