Daily Saints

സെപ്തംബര്‍ 24: കാരുണ്യമാതാവ്


കാരുണ്യമാതാവിന്റെ സംരക്ഷണത്തില്‍ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ ആരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി വാങ്ങിയത്. ലാങ്കുവെഡോക്ക് എന്ന സ്ഥലത്ത് കുലീനമായ നൊളോസ്‌കോ കുടുംബത്തില്‍ വിശുദ്ധ പീറ്റര്‍ ജനിച്ചു. 22-ാമത്തെ വയസ്സില്‍ കന്യാത്വം നേരുകയും കുടുംബസ്വത്തില്‍ തനിക്കുണ്ടായിരുന്ന ഓഹരി മുഴുവനും അടിമകളുടെ മോചനത്തിനുള്ള ഒരു സന്യാസ സഭ സ്ഥാപിക്കുവാന്‍ മാറ്റിവെയ്ക്കുകയും ചെയ്തു. താമസിയാതെ ദൈവഹിതം സ്പഷ്ടമാക്കപ്പെട്ടു.

കന്യകാമറിയം ഒരേ രാത്രിതന്നെ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, ആരഗോണിലെ രാജാവ് ജെയിംസ് എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പദ്ധതി ധൈര്യപൂര്‍വ്വം മുന്നോട്ടു കൊണ്ടുപൊയ്‌കൊള്ളുക എന്ന് ഉപദേശിച്ചു. വളരെയേറെ എതിര്‍പ്പുകളുണ്ടായിട്ടും കാരുണ്യമാതാവിന്റെ അഥവാ വീണ്ടെടുപ്പു മാതാവിന്റെ സഭ എന്ന നാമത്തില്‍ ഒരു പുതിയസഭയ്ക്ക് ഒമ്പതാം ഗ്രിഗറി മാര്‍പാപ്പാ 1218-ല്‍ അനുമതി നല്കി.

അതിവേഗം ഈ സഭ വളര്‍ന്നുവന്നു. അടിമകളെ സ്വതന്ത്രമാക്കാന്‍ വേണ്ട സംഖ്യ ധര്‍മ്മമായി പിരിച്ചെടുക്കാന്‍ അംഗങ്ങള്‍ അത്യന്തം അദ്ധ്വാനിച്ചു. ഒപ്പം അംഗങ്ങളുടെ ദൈവഭക്തിയും ദൈവസ്‌നേഹവും വളര്‍ന്നുകൊണ്ടിരുന്നതിനാല്‍ സഭയുടെ പ്രശസ്തി അന്യാദൃശമായി. അംഗങ്ങളില്‍ ചിലര്‍ സ്വയം അടിമകളായിക്കൊണ്ട് അടിമകളെ സ്വതന്ത്രമാക്കിയിരുന്നു. കാരുണ്യമാതാവിന്റെ അനു ഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനാണ് കാരുണ്യമാതാവിന്റ തിരുനാള്‍ സ്ഥാപിച്ചത്. മൂന്നാം ഇന്നസെന്റ് മാര്‍പാപ്പാ ഈ തിരുനാള്‍ സാര്‍വ്വത്രിക സഭയില്‍ ആഘോഷിക്കാന്‍ അനുമതി നല്കി.

വിശുദ്ധ പീറ്റര്‍ നൊളാസ്‌കോയും അദ്ദേഹത്തിന്റെ യോദ്ധാക്കളും പുരോഹിതരായിരുന്നില്ല; എങ്കിലും അയല്‍ക്കാരന്റെ ആത്മരക്ഷയും സുഖവും തങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നു കരുതി ഈ യോദ്ധാക്കള്‍ അദ്ധ്വാനിച്ചു. ആത്മരക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇത് ഏവര്‍ക്കും പ്രചോദനമായിരിക്കട്ടെ.


Leave a Reply

Your email address will not be published. Required fields are marked *