ഒക്ടോബര്‍ 21: വിശുദ്ധ ഉര്‍സുലയും കൂട്ടുകാരും
വിശുദ്ധ ഉര്‍സുല 362-ല്‍ ഇംഗ്ലണ്ടില്‍ കോര്‍ണ്ണവേയില്‍ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ഡിനോക്ക് അവിടത്തെ രാജാവായിരുന്നു. അദ്ദേഹം മകള്‍ക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം നല്കി. വിദ്യാഭ്യാസത്തിന് അനുയോജ്യമായ സുകൃത ജീവിതം നയിക്കാന്‍ അവള്‍ പണിപ്പെട്ടു; നിത്യകന്യാത്വം നേരുകയും ചെയ്തു. എന്നാല്‍ പിതാവ് അവളെ ബ്രിത്താന്യാ രാജാവിന് വിവാഹം ചെയ്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മകളേയും മററു പല യുവതികളേയും കൂടി ബ്രിട്ടനിയിലേക്ക് കപ്പല്‍കയറ്റി അയച്ചു.
അവളുടെ വ്രതം സംരക്ഷിക്കാനെന്ന് തോന്നുമാറ് ഒരു സംഭവമുണ്ടായി. ഉര്‍സുലയും മറ്റും സഞ്ചരിച്ചിരുന്ന കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടു ചുറ്റിത്തിരിഞ്ഞ് റെയിന്‍ നദിക്കുസമീ പമുള്ള തുറമുഖത്തു ചെന്നുചേര്‍ന്നു. കപ്പലില്‍ ഉര്‍സുല ഒരുത്തമ പ്രേഷിതയായി പ്രവര്‍ത്തിച്ചു. തന്റെകൂടെ യാത്ര ചെയ്തിരുന്ന യുവതികളെ വിശ്വാസത്തിലും ദൈവസ്‌നേഹത്തിലും ചാരിത്ര്യത്തിലും ഉറച്ചുനില്ക്കാന്‍ അവള്‍ തീക്ഷ്ണതാപൂര്‍വ്വം ഉപദേശിച്ചു. പുണ്യവതിയുടെ പരിശ്രമം വിജയപ്രദമായിരുന്നുവെന്ന് അനന്തര സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.
ഉര്‍സുലയും മറ്റും തുറമുഖത്തിറങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ക്രൂരരായ ഹണ്‍സിന്റെ കരങ്ങളില്‍ പതിച്ചു. അവരുടെ പ്രധാനിയായ ഗാവുനൂസു ഉര്‍സൂളയുടെ സൗന്ദര്യത്താല്‍ ആകൃഷ്ടനായി അവളെ വിവാഹത്തിനു ക്ഷണിച്ചു. ഞാന്‍ ക്രിസ്തുവിന് വിവാഹവാഗ്ദാനം ചെയ്തിരിക്കുന്നവളാണ്. ”ചാരിത്ര്യഭംഗത്തേക്കാള്‍ മരണമാണ് എനിക്ക് ഭേദം” അവള്‍ പറഞ്ഞു. ആ ക്രൂരനേതാവ് ഉര്‍സൂളയുടെ ശിരസ്സു ഛേദിക്കാന്‍ ആജ്ഞാപിച്ചു. അവളുടെ ശിഷ്യകളും മര്‍ദ്ദനങ്ങളനുഭവിച്ച് മൃതിയടഞ്ഞു. 451 ഒക്ടോബര്‍ 21-ാം തീയതിയായിരുന്നു ഉര്‍സുലയുടേയും കൂട്ടരുടേയും രക്തസാക്ഷിത്വം.