താമരശ്ശേരി രൂപതയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രൗഢഗംഭീരമായ സമാപന സമ്മേളനം ഏപ്രില്‍ 18 (ശനിയാഴ്ച) പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് ഔദ്യോഗികമായി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സ്വാഗതം ആശംസിക്കും.
കോഴിക്കോട് ആര്‍ച്ച് ബിഷപ് റൈറ്റ്. റവ. വര്‍ഗീസ് ചക്കാലക്കല്‍, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സുപ്രധാന പദ്ധതികള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും സമാപന സമ്മേളനം സാക്ഷ്യം വഹിക്കും. താമരശ്ശേരി രൂപതാ ഭൂപടം മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം പ്രകാശനം ചെയ്യും. രൂപതാ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം കണ്ണൂര്‍ ബിഷപ് റവ. ഡോ. അലക്‌സ് വടക്കുംതല നിര്‍വഹിക്കും. മലബാര്‍ കുടിയേറ്റത്തിന്റെ ചരിത്രം സംരക്ഷിക്കുന്നതിനുള്ള മ്യൂസിയം പദ്ധതി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്രഖ്യാപിക്കും. കരുണാഭവന്‍ പുതിയ ബ്ലോക്ക് പ്രൊജക്ട് ഉദ്ഘാടനം കല്യാണ്‍ രൂപത ബിഷപ് എമിരറ്റസ് മാര്‍ തോമസ് ഇലവനാല്‍ നിര്‍വഹിക്കും. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം രൂപതാ ഡയറക്ടറി പ്രകാശനം ചെയ്യും. താമരശ്ശേരി രൂപതയുടെ വിഷ്വല്‍ മീഡിയ ലോഞ്ചിങ് കണ്ണൂര്‍ രൂപത സഹായമെത്രാന്‍ റവ. ഡോ. ഡെന്നീസ് കുറുപ്പശ്ശേരി നിര്‍വഹിക്കും.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സപ്തതി ആഘോഷിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ആശംസകള്‍ നേരും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.
എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര എന്നിവര്‍ പ്രസംഗിക്കും.
താമരശ്ശേരി രൂപതയുടെ ചരിത്രം പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനം, അല്‍ഫോന്‍സ സ്‌കൂള്‍ താമരശ്ശേരി, പ്രസന്റേഷന്‍ സ്‌കൂള്‍ കോഴിക്കോട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പ്രാര്‍ത്ഥനാനൃത്തവും മാര്‍ഗ്ഗംകളിയും അരങ്ങേറും.
