താമരശ്ശേരി രൂപതാ വൈദികന് ഫാ. മാത്യു മറ്റക്കോട്ടില്‍ (80) നിര്യാതനായി. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് വൈകിട്ട് നാലു മുതല്‍ ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.
ബുധന്‍ (29.04.2026) രാവിലെ 11.00-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഭൗതിക ദേഹം പാലാ രൂപതയിലെ മുട്ടുചിറയുള്ള കുടുംബവീടായ ജോണിച്ചന് മാത്യു മറ്റക്കോട്ടിലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. മൃതസംസ്കാര ശുശ്രൂഷകള്‍ വ്യാഴം (30.04.2026) ഉച്ചകഴിഞ്ഞ് 01.30-ന് ഭവനത്തില്‍ ആരംഭിച്ച്, 2.30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
1946 ഫെബ്രുവരി 27ന് പാലാ രൂപതയിലെ മുട്ടുചിറ പരേതരായ മറ്റക്കോട്ടില്‍ എം. മാത്യു – ഏലിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളില്‍ ഒന്നാമനായി ജനിച്ചു. പാലക്കര, മുട്ടുചിറ എന്നിവടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും കാട്ടാംപാക്ക് എന്‍എസ്എസ് ഹൈസ്ക്കൂളില്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ സെമിനാരി പഠനം ആരംഭിച്ചു. തുടര്‍ന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആലുവ സെന്റ് ജോസഫ്സ് മേജര്‍ സെമിനാരിയില്‍ നിന്നും പൂര്‍ത്തിയാക്കി. 1970 ഡിസംബര്‍ 19ന് ഇടവക ദൈവാലയമായ മുട്ടുചിറ പള്ളിയില്‍ വെച്ച്, തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
സുല്‍ത്താന്‍ ബത്തേരിയില്‍ അസി. വികാരിയായും ഊരകം, പയ്യനാട്, കൂമങ്കുളം, കുണ്ടുതോട്, തിരുമേനി, മേരിക്കുന്ന്, താമരശ്ശേരി, കൂരാച്ചുണ്ട്, മഞ്ചേരി, വാണിയമ്പലം എന്നീ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
1993 മുതല്‍ 1999 വരെ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ മാനേജറായിരുന്നു.
2021-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് ഈരൂട് വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സിസ്റ്റര്‍ ഡോ. ആനി മേരി (ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ അസോസിയേഷന്), ഷിമോഗ , പരേതയായ തങ്കമ്മ നാടുകാണിയില്‍, കുടക്കച്ചിറ, വത്സമ്മ പാലായില്‍, കുടക്കച്ചിറ, സിസ്റ്റര്‍ ഡോ. അമ്മിണി മാത്യു (ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ അസോസിയേഷന്) ഷിമോഗ, ജോണിച്ചന് മാത്യു, മുട്ടുചിറ, പരേതനായ സണ്ണിച്ചന് മാത്യു, മുട്ടുചിറ, ടോമിച്ചന് മാത്യു, മഞ്ചേരി എന്നിവര്‍ സഹോദരങ്ങളാണ്.
