ലക്ഷങ്ങള്‍ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി!


സെബി, നബാര്‍ഡ്, ആര്‍ബിഐ എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളവും ആനുകൂല്യങ്ങളും വന്‍കിട കോര്‍പ്പറേറ്റ് ജോലികളെക്കാള്‍ ആകര്‍ഷകമാണ്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ് ഈ ജോലികളെല്ലാം

ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരും പോലെയുള്ള വന്‍കിട നഗരങ്ങളിലെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത് മാസം വന്‍തുക ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ്. ഇത്തരം ജോലികളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കുറവുള്ളതായി തോന്നാം. കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള സമരവാര്‍ത്തകള്‍ ഇത്തരത്തിലുള്ള പ്രതീതി സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്.
സര്‍ക്കാര്‍ ജോലികളിലെ കുറഞ്ഞ ശമ്പളവും ആകര്‍ഷണമില്ലായ്മയുമാണ് അഭ്യസ്തവിദ്യരായ യുവാക്കളെ കുറെയെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ റെഗുലേറ്ററി അതോറിറ്റി ജോലികള്‍ ഏത് സ്വകാര്യ മേഖലയിലെ ജോലികളെയും, വിദേശ സ്വപ്‌നങ്ങളെയും കവച്ചുവെക്കും. സെബി (സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നബാര്‍ഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക്), ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന സാലറിയും ആനുകൂല്യങ്ങളും മള്‍ട്ടി നാഷണല്‍ കമ്പനികളോടു കിടപിടിക്കുന്നതാണ്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ് ഈ ജോലികളെല്ലാം

സെബി

രാജ്യത്തെ ഓഹരി വിപണികളെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കളെയും നിയന്ത്രിക്കുന്ന അതോറിറ്റിയാണ് സെബി. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഒട്ടുമിക്ക വാണിജ്യ നഗരങ്ങളിലും ഓഫീസുകളുണ്ട്. രാജ്യത്തെ വ്യവസായങ്ങളെ നിയന്ത്രിക്കുന്നത് ഓഹരി വിപണി ആയതിനാല്‍ വളരെ തന്ത്രപ്രധാനമായതാണ് സെബി ജോലികള്‍. എല്ലാവര്‍ഷവും സെബി ഓഫീസര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്താറുണ്ട്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. പ്രിലിംസ്, മെയിന്‍സ് ഇന്റര്‍വ്യൂ എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ ഓണ്‍ലൈനാണ്.
ചോദ്യ പാറ്റേണ്‍ എസ്എസ്‌സി പരീക്ഷകള്‍ക്ക് തുല്യമാണ്. കേരള പിഎസ്‌സി ഡിഗ്രി ലെവല്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സെബി ഓഫീസര്‍ പരീക്ഷയും എഴുതി നോക്കാവുന്നതാണ്. മാസശമ്പളം 1,80,000 രൂപയ്ക്ക് മുകളിലാണ്.

നബാര്‍ഡ്

രാജ്യത്തെ കാര്‍ഷിക വളര്‍ച്ചയുടെയും ഗ്രാമവികസനത്തിന്റെയും സാമ്പത്തിക സ്രോതസ്സാണ് ഈ സ്ഥാപനം. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും ഈ സ്ഥാപനത്തിന് ഓഫീസ് നിലയങ്ങളുണ്ട്. തിരുവനന്തപുരത്ത് നബാര്‍ഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് സെക്രട്ടറിയേറ്റ് ഓഫീസ് സമുച്ചയത്തോട് ചേര്‍ന്നാണ്. നിത്യജീവിതത്തില്‍ നമ്മള്‍ ബന്ധപ്പെടുന്ന റീട്ടെയില്‍ ബാങ്കുകള്‍ പോലെയല്ല നബാര്‍ഡിന്റെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്കും ഗ്രാമ വികസത്തിനും ഉതകുന്ന പ്രോജക്ടുകള്‍ ഏറ്റെടുത്ത് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നല്‍കി വിജയിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
നബാര്‍ഡ് കരിയര്‍ വഴി അന്താരാഷ്ട്ര മേഖലയിലേക്കുള്ള വളര്‍ച്ച സാധ്യമാണ്. യുഎന്‍ ഏജന്‍സികളിലേക്ക് പോലും കരിയര്‍ വളര്‍ച്ച തരപ്പെടുത്താന്‍ ഇന്ത്യയിലെ ഗ്രാമീണ കാര്‍ഷിക മേഖലയിലുള്ള പ്രവര്‍ത്തനം സഹായകരമായി മാറും. നബാര്‍ഡ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് ഗ്രേഡ് എ, ഗ്രേഡ് ബി പരീക്ഷകളിലൂടെയാണ്. പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ ഘട്ടങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ മാസശമ്പളം ലഭിക്കും.

ആര്‍ബിഐ

ഇന്ത്യയുടെ കറന്‍സി വിനിമയ അതോറിറ്റിയാണ് റിസര്‍ബാങ്ക്. രാജ്യത്തിന്റെ സമ്പത്ത് ഘടനയുടെ അടിത്തറയാണ് ഈ സ്ഥാപനം. കൂടാതെ മികച്ച കരിയര്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ലഭ്യമാക്കുന്ന സ്ഥാപനമാണിത്. നിലവില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് റിസര്‍വ് ബാങ്ക് തന്നെയാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ മികച്ചതാണ് ഇവരുടെ ആനുകൂല്യങ്ങളും കരിയര്‍ വളര്‍ച്ചയും. മൂന്നു ഘട്ടങ്ങളായാണ് പരീക്ഷ. ഡിഗ്രി ഉള്ളവര്‍ക്ക് എഴുതിയെടുക്കാവുന്നതാണ് ആര്‍ബിഐ പരീക്ഷകള്‍.

ചിട്ടയായി പഠിച്ച് ജോലി നേടാം

എല്ലാവര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കുകയും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പരീക്ഷ നടത്തി ഏപ്രിലില്‍ അന്തിമ ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നത്. ചിട്ടയായി ആറുമാസം പഠിച്ചാല്‍ തീര്‍ച്ചയായും നേടിയെടുക്കാവുന്നതാണ് ഈ ജോലികള്‍. ഡിഗ്രി കാലത്ത് തന്നെ ഈ ജോലികള്‍ ലക്ഷ്യം വെച്ച് പഠിച്ചാല്‍ യുവജനങ്ങള്‍ക്ക് ഈ ജോലികള്‍ നേടിയെടുക്കാം.

Author

  • കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴില്‍ കാസര്‍കോടുള്ള ഐസിഎആര്‍-സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞ.