താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ സംഗമമായ ‘എമ്മാവൂസ് മീറ്റ് 2026’ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ സമുചിതമായി നടന്നു. സഭയുടെ വിശ്വാസ പരിശീലന രംഗത്ത് അധ്യാപകരുടെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു സംഗമം.
രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയ്ക്കുവേണ്ടി ജീവന് സമര്‍പ്പിക്കാനും നിസ്വാര്‍ത്ഥമായി ശുശ്രൂഷ ചെയ്യുവാനും എക്കാലവും പ്രചോദനം നല്‍കുന്നത് വിശുദ്ധ കുര്‍ബാനയും വചനവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വചനം പങ്കുവയ്ക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ ജ്വലിക്കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രമുഖ വചനപ്രഘോഷകന് ബേബി ജോണ്‍ കലയന്താനിയായിരുന്നു മുഖ്യ സന്ദേശം നല്‍കിയത്.
പഠന പാഠ്യേതര വിഷയങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചവരേയും ജൂബിലിയേറിയന്സിനെയും ആദരിച്ചു. രൂപത പ്രസിഡന്റ് ഷിജു മുട്ടുങ്കല്‍, വിശ്വാസ പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍, ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, ബേബി വെളിയംകുളത്ത്, ബാബു ചെട്ടിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിശ്വാസ കൈമാറ്റം, ഫാമിലി കാറ്റക്കേസിസ് പുസ്തക പ്രകാശനവും ആയിരം ദിവസത്തെ വചന വായന പദ്ധതിയായ ബൈബിള്‍ ജേര്‍ണി ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
