കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി ഭീഷണിക്കെതിരായ പോരാട്ടത്തിന് പിന്തുണയും അനുഗ്രഹവും തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിനായ ‘തൂഫാന് ദി നാര്‍ക്കോട്ടിക്സ് ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ബിഷപ്പിനെ തൂഫാന് വാരിയര്‍ ബാഡ്ജ് രമേശ് ചെന്നിത്തല അണിയിച്ചു.
സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്ക്കുന്ന വ്യക്തിയാണ് താമരശ്ശേരി രൂപതാ മെത്രാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലഹരി ഭീഷണിയെന്നും, ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായുള്ള വലിയൊരു സാമൂഹിക മുന്നേറ്റമാണ് തൂഫാന് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘പുകഞ്ഞ് തീരേണ്ടതല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന സന്ദേശം യുവതലമുറയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള വലിയൊരു ദൗത്യത്തിന്റെ ഭാഗമായാണ് തൂഫാന് മുന്നോട്ട് പോകുന്നതെന്നും, അതിനുള്ള പിന്തുണ തേടിയാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളികളിലൂടെയും സഭാ സംവിധാനങ്ങളിലൂടെയും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
‘ഇത് ചരിത്ര മുഹൂര്‍ത്തമാണ്. കേരളം ഏറെ നാളായി ആഗ്രഹിച്ചുകൊണ്ടിരുന്ന ലഹരി വിമുക്തമായ സമൂഹത്തിനായുള്ള ശക്തമായ ഇടപെടലാണ് തൂഫാനിലൂടെ നടക്കുന്നത്. മയക്കുമരുന്നിനെതിരെ ശബ്ദമുയര്‍ത്താന്‍ മാലാഖയെപ്പോലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടന്നുവന്നിരിക്കുകയാണ്. ദൈവം നമ്മുടെ അടുത്തെത്തുന്നത് വ്യക്തികളിലൂടെയാണ്. കേരളത്തിന് അനുഗ്രഹമായാണ് അദ്ദേഹം വന്നിരിക്കുന്നത്,” ബിഷപ് പറഞ്ഞു.
തൂഫാന് പോലെയുള്ള പദ്ധതിക്ക് നേതൃത്വം നല്കുന്ന രമേശ് ചെന്നിത്തലയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും, മാനവരാശിക്ക് നല്കാന് കഴിയുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെന്നും ബിഷപ് വ്യക്തമാക്കി.
തൂഫാന് പദ്ധതിയെ വലിയൊരു അവസരമായി കാണണമെന്നും അത് പ്രയോജനപ്പെടുത്തി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വൈദികരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് ബിഷപ് പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും, വൈദികര്‍ അത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നുവെന്നും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താമരശ്ശേരി രൂപത എന്നും ഒപ്പമുണ്ടാകുമെന്നും ബിഷപ് അറിയിച്ചു.
എം. കെ. രാഘവന് എംപി, കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ, വി. ടി. സൂരജ് എംഎല്‍എ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തുഫാന്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പുട്ട വിമലാദിത്യ ഐപിഎസ്, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫ് ഐപിഎസ് എന്നിവരും താമരശ്ശേരി ബിഷപ്സ് ഹൗസില്‍ എത്തിയിരുന്നു.
