സീറോമലബാര്‍ സഭയുടെ പുതിയ മാധ്യമ വക്താക്കളുടെ പാനല്‍ പ്രഖ്യാപിച്ചു. പൊതുസമൂഹവുമായും മാധ്യമങ്ങളുമായുമുള്ള ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പുതിയ പാനലില്‍ താമരശ്ശേരി രൂപതയ്ക്ക് അഭിമാനമായി ഡോ. ചാക്കോ കാളാംപറമ്പിലും ഡോ. ട്രീസ ലിസ് സെബാസ്റ്റ്യനും ഇടം നേടി.
രാജീവ് കൊച്ചുപറമ്പില്‍, ജോഷി വടക്കന്‍, അഡ്വ. ജോജി ചിറയില്‍, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അഡ്വ. സിസ്റ്റര്‍ ജോസിയ എസ്ഡി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
താമരശ്ശേരി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് ഡോ. ട്രീസ. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റാണ് ഡോ. ചാക്കോ കാളാംപറമ്പില്‍.
സഭയുടെ വിവിധ വിഷയങ്ങളിലുള്ള ഔദ്യോഗിക നിലപാടുകളും വിവരങ്ങളും മാധ്യമങ്ങളിലൂടെയും പൊതുസമൂഹത്തിലൂടെയും കൃത്യമായി അവതരിപ്പിക്കുക, മാധ്യമങ്ങളുമായി സഭയുടെ ആശയവിനിമയം ഏകോപിപ്പിക്കുക എന്നിവയാണ് പുതിയ വക്താക്കളുടെ പ്രധാന ചുമതലകള്‍.
സീറോമലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ നേതൃത്വത്തിലാണ് പുതിയ പാനല്‍ പ്രവര്‍ത്തിക്കുക. മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുതിയ മാധ്യമ വക്താക്കളുടെ നിയമനം നടത്തി.