വിവാഹം വിളിച്ചുചൊല്ലുന്നത് എന്തിന്?

ചോദ്യം: വിവാഹം വിളിച്ചുചൊല്ലുന്നതിനെക്കുറിച്ചുള്ള നിയമം വിശദീകരിക്കാമോ? ഒത്തുകല്ല്യാണത്തിന് മുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നത് ഏത് സാഹചര്യത്തിലാണ്? മനസമ്മതത്തിനും വിവാഹത്തിനുമിടയില്‍ എത്രദിവസം ഉണ്ടായിരിക്കണം?

വിവാഹം വിളിച്ചു ചൊല്ലുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിവാഹം ഇടവക സമൂഹത്തിന്റെ പൊതുശ്രദ്ധയില്‍പെടുത്തുന്നതിനും, വിവാഹിതരാകുന്ന വ്യക്തികളെക്കുറിച്ച് ഇടവക സമൂഹത്തിന് ധാരണയുണ്ടായിരിക്കുന്നതിനും, വിവാഹത്തിന് തടസമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് വികാരിയച്ചനെ അറിയിക്കുന്നതിനും വേണ്ടിയാണ്. പരമ്പരാഗതമായി വിവാഹ വാഗ്ദാനത്തിനുശേഷമാണ് വിവാഹം വിളിച്ചുചൊല്ലുന്നത്. എന്നാല്‍ മനസമ്മതത്തിന് മുമ്പുതന്നെ വിളിച്ചുചൊല്ലുവാനുള്ള അവസരം ഇപ്പോള്‍ ഉണ്ട്.

വിവാഹവാഗ്ദാനത്തിനുശേഷം മൂന്ന് കടമുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഇടവകപള്ളിയില്‍ വിവാഹം വിളിച്ചുചൊല്ലണം. ഒരിക്കല്‍ വിൡച്ചുചൊല്ലുകയും അതിനുശേഷം രണ്ട് ആഴ്ചയുടെ സമയം വിവാഹപരസ്യം ഇടവകയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതുമാണ്. (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം, 164). ന്യായമായ കാരണങ്ങളുള്ളപ്പോള്‍ ഈ നിയമത്തില്‍ നിന്ന് ഒഴിവ് (dispensation) ലഭിക്കുന്നതാണ്. സഭയുടെ പ്രത്യേക നിയമമനുസരിച്ച് വിവാഹിതരാകുന്നവരുടെ രേഖാമൂലമുള്ള അപേക്ഷപ്രകാരം, ഇടവകവികാരിക്ക് ഒരു വിളിച്ചുചൊല്ലലും, ഫൊറോന വികാരിക്ക് രണ്ട് വിളിച്ചുചൊല്ലലും ഒഴിവാക്കാവുന്നതാണ്. തക്കതായ കാരണങ്ങള്‍ ഉള്ളപ്പോള്‍ മാത്രം മൂന്നു വിളിച്ചുചൊല്ലലും ഒഴിവാക്കി വിവാഹം നടത്താനുള്ള അനുവാദം നല്‍കുന്നത് രൂപതാദ്ധ്യക്ഷനാണ്.

വിവാഹവാഗ്ദാനത്തിനുമുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നതിനുള്ള അവസരം ഇപ്പോള്‍ നിലവിലുണ്ട്. കല്ല്യാണം വളരെ വേഗത്തില്‍ നടത്തി വിദേശത്തും സ്വദേശത്തുമുള്ള ജോലി സ്ഥലങ്ങളിലേയ്ക്ക് തിരികെ പോകേണ്ട അവസരങ്ങളിലും സമാനമായ മറ്റ് സാഹചര്യങ്ങളിലും ഒത്തുകല്ല്യാണത്തിനുശേഷം മൂന്ന് ആഴ്ചകള്‍ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടായിത്തീര്‍ന്ന സാഹചര്യത്തിലാണ്. വിളിച്ചുചൊല്ലല്‍ എന്ന സംവിധാനത്തെ എളുപ്പത്തില്‍ ഒഴിവാക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുവേണ്ടി, തക്കതായ കാരണം നിലനില്‍ക്കുമ്പോള്‍, വിവാഹവാഗ്ദാനത്തിനു മുമ്പുതന്നെ വിവാഹപരസ്യം നടത്തുവാന്‍ നിയമം അനുവദിക്കുന്നത്.

ഈ അനുവാദത്തിനായി അപേക്ഷിക്കേണ്ടത് രൂപതയില്‍ ഇപ്പോള്‍ നിലവിലുള്ള അപേക്ഷാഫോറത്തിലാണ്. വിവാഹിതരാകുന്ന യുവാവും യുവതിയും ഒപ്പിട്ട് ഇടവക വികാരിയുടെ ശുപാര്‍ശയോടെ നല്‍കുന്ന അപേക്ഷ പരിഗണിക്കുന്നത് ഫൊറോന വികാരിയാണ്. നിയുക്ത വരന്റെയോ വധുവിന്റെയോ ഫൊറോന വികാരിക്ക് ഒത്തുകല്ല്യാണത്തിനു മുമ്പ് വിളിച്ചുചൊല്ലാന്‍ അനുവാദം കൊടുക്കാനുള്ള അധികാരം ഉണ്ട്. രണ്ടു ഫൊറോന വികാരിമാരുടെയും അനുവാദം തേടേണ്ടതില്ല. വിവാഹവാഗ്ദാനത്തിനു മുമ്പ് വിളിച്ചുചൊല്ലുമ്പോള്‍ നിര്‍ബന്ധമായും മൂന്ന് തവണ വിളിച്ചുചൊല്ലാനുള്ള സമയം മുന്‍കൂട്ടി കാണേണ്ടതാണ്. ഇതില്‍ ഒഴിവ് ലഭിക്കുന്നതല്ല.

വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വിവാഹവാഗ്ദാനത്തിനുമുമ്പ് മൂന്ന് പ്രാവശ്യം വിളിച്ചുചൊല്ലിയാലും ഒത്തുകല്ല്യാണത്തിനുശേഷം കുറഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞു മാത്രമേ വിവാഹം നടത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ്. ഒത്തുകല്ല്യാണത്തിനും കല്ല്യാണത്തിനുമിടയില്‍ ഒരു ഞായറാഴ്ച ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അഞ്ച് ദിവസമെന്നത് താമരശേരി രൂപതയില്‍ നടപ്പിലാക്കിയിരിക്കുന്ന നിയമമാണ്. ഉദാഹരണത്തിന് തിങ്കളാഴ്ച മനസമ്മതം നടത്തിയാല്‍ അടുത്തുവരുന്ന ശനിയാഴ്ചക്കുശേഷമേ വിവാഹം നടത്താവൂ. ശനിയാഴ്ച ഒത്തുകല്ല്യാണം നടത്തി ഞായര്‍ കഴിഞ്ഞ് തിങ്കളാഴ്ച കല്ല്യാണം നടത്താന്‍ സാധിക്കില്ല എന്നര്‍ത്ഥം.

കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ തക്കതായ ഒരുക്കത്തോടെയും ശ്രദ്ധാപൂര്‍വമായ ആലോചനയോടെയുമായിരിക്കണം തീരുമാനമെടുക്കേണ്ടത്. തിടുക്കത്തിലുളള വിവാഹ തീരുമാനങ്ങളില്‍ വധുവരന്മാര്‍ക്ക് പരസ്പരം നേരിട്ടു കാണുന്നതിനും സംസാരിക്കുന്നതിനും സമയം ലഭിക്കാതെ വരുന്നു. പലപ്പോഴും വിവാഹം നടത്തുന്നതിന്റെ സമയവും താളവും നിശ്ചയിക്കുന്നത് വധുവരന്മാരുടെ സമയമനുസരിച്ചല്ല, മറിച്ച് ബന്ധുമിത്രാദികളുടെ സൗകര്യമനുസരിച്ചാണ്. വിളിച്ചുചൊല്ലുന്ന മൂന്ന് ആഴ്ചയും, വിവാഹത്തിനും ഒത്തുകല്ല്യാണത്തിനുമിടയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ദിവസങ്ങളും പക്വതയോടെയും, സ്വതന്ത്ര്യത്തോടെയും സ്വന്തം ജീവിതത്തെപ്പറ്റി ചിന്തിക്കാനുള്ള സാവകാശം വധൂവരന്മാര്‍ക്ക് നല്‍കുന്നു. അത് അവരുടെ അവകാശമാണ്.

പുറത്തറിയുന്ന വീട്ടുകാര്യങ്ങള്‍

ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്. സമയം ഉച്ചകഴിഞ്ഞ് 2.30. ഉഷ്ണത്തിന്റെ തീവ്രത കുറച്ചുകൊണ്ട് ബസിന്റെ വശങ്ങളിലൂടെ കാറ്റടിച്ചു കയറുന്നു. സീറ്റ് നിറഞ്ഞ ശേഷം കമ്പിയില്‍ പിടിച്ചും യാത്രക്കാരുണ്ട്. സീറ്റിലുള്ളവരില്‍ ഭൂരിഭാഗവും മയക്കത്തിലാണ്.

പെട്ടെന്ന് നില്‍ക്കുന്നവരില്‍ ഒരാളുടെ മൊബൈലില്‍ സംഗീതമുയര്‍ന്നു. ഫോണില്‍ക്കൂടി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു തുടങ്ങി.

‘അയ്യോ ഇന്നു പറ്റില്ലല്ലോ… ഞാന്‍ ബസിലാ, കുന്നമംഗലം കഴിഞ്ഞല്ലോ.’

മയക്കത്തിലായിരുന്ന പലരും ഞെട്ടിയുണര്‍ന്നു. പുറത്തേക്ക് നോക്കി. താമരശ്ശേരി കഴിഞ്ഞ് വണ്ടി വാവാട് അങ്ങാടി അടുക്കുന്നതേയുള്ളു. കൊടുവള്ളിയിലും പടനിലത്തും കുന്നമംഗലത്തുമെല്ലാം ഇറങ്ങേണ്ടവരാണ് മൊബൈലുകാരന്റെ ഡയലോഗ് കേട്ട് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞല്ലോ എന്ന വേവലാതിയില്‍ ഞെട്ടിയത്.

ഈ നുണകാച്ചുന്നവന്‍ ആരെടാ എന്ന മട്ടില്‍ മൊബൈലുകാരനെ നോക്കിയെങ്കിലും അയാള്‍ അറിഞ്ഞമട്ടില്ല.

‘ഇന്നു കല്ലിറക്കാന്‍ പറ്റില്ല. ബസിപ്പോള്‍ കാരന്തൂര്‍ മര്‍ക്കസും കഴിഞ്ഞു.’ അയാള്‍ നുണക്കഥ കൊരുത്ത് ഡയലോഗ് തുടര്‍ന്നു.

കൊടുവള്ളിയില്‍ വീടുപണിക്ക് ചെങ്കല്ലിറക്കാന്‍ കരാറെടുത്ത ആളാണ് ഫോണില്‍കൂടി ആരെയോ പറഞ്ഞു പറ്റിക്കുന്നതെന്ന് തുടര്‍ സംഭാഷണത്തില്‍ നിന്നു മനസിലായി. അയാള്‍ കൊടുവള്ളിയിലെത്തിയില്ലെന്ന് മനസിലാക്കുവാന്‍ പോലീസുകാര്‍ ചെയ്യുന്നതുപോലെ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ആ പാവത്തിനാവില്ലല്ലോ.

ആരെയും പറ്റിക്കാന്‍ നല്ല ഒരു സംവിധാനമാണല്ലോ കൈവെള്ളയില്‍ ഒതുങ്ങുന്ന ഈ ഇത്തിരിക്കുഞ്ഞന്‍. പക്ഷെ, പാവങ്ങളെ മാത്രമേ കബളിപ്പിക്കാനാവൂ.

ആസൂത്രിത കൊലപാതകങ്ങളും വന്‍തട്ടിപ്പുകളും മൊബൈല്‍ ഫോണ്‍ വിളി പിന്തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് പിടികൂടുന്നത്.

ഇംഗ്ലീഷ് ഗദ്യസാഹിത്യകാരനായ വില്യം പ്ലോമര്‍ ടെലഫോണ്‍ കൊണ്ടുള്ള അസൗകര്യങ്ങളെക്കുറിച്ച് എഴുതിയ നര്‍മലേഖനം പ്രശസ്തമാണ്. ടെലഫോണ്‍ ഡയറക്ടറിയില്‍ മേല്‍വിലാസം വരുന്നതിനാല്‍ കള്ളന്മാര്‍ക്ക് നമ്മുടെ വീടു കണ്ടു പിടിക്കാം. കുളിക്കുമ്പോള്‍ നനഞ്ഞപടി ഓടിവന്ന് ഫോണ്‍ എടുക്കുമ്പോഴാണ് റോങ് നമ്പറെന്നു മനസിലാക്കുക… തുടങ്ങിയ കാര്യങ്ങളാണ് വില്യം പ്ലോമര്‍ ഫോണിനെതിരെ കുറിച്ച ചില മാരക കുറ്റങ്ങള്‍. അദ്ദേഹം ഈ ലേഖനം എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ദൂരവിൡക്ക് ട്രങ്ക് കോള്‍ ബുക്ക് ചെയ്തു കാത്തിരുന്ന കാലത്താണ്.

ഇന്ന് മൊബൈലിനെ മനുഷ്യന്റെ പിന്നീട് കൂട്ടിച്ചേര്‍ത്ത ഒരു അവയവമെന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഭംഗി. സംസാരം മാത്രമല്ലല്ലോ എന്തെല്ലാം ആപ്ലിക്കേഷനുകള്‍! സന്ദേശങ്ങള്‍, പാട്ട്, കച്ചവടം, കണക്കുകൂട്ടല്‍, ഇന്റര്‍നെറ്റ്, സിനിമ, പത്രവായന… എല്ലാത്തിനും ഇവന്‍ മതി.

നാം ഒരു സപെയ്‌സിലാണ് (ഇടം) ജീവിക്കുന്നത്. ഓഫീസിലായാലും പുറത്തായാലും വാഹനത്തിലായാലും ചുറ്റുമുള്ള നിശ്ചിത സ്‌പെയ്‌സിലാണ് നമ്മുടെ ജീവിത വ്യാപാരങ്ങള്‍. ഈ സ്‌പെയ്‌സിലേക്ക് കടന്നു കയറി മൊബൈല്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നു.

ബസിലായാലും ട്രെയിനിലായാലും ചന്തയിലായാലും പരസ്യമായി പറയാന്‍ മടിക്കുന്ന വീട്ടുകാര്യങ്ങളാണ് പലരും മൊബൈലില്‍ ഉറക്കെ വിളിച്ചു പറയുക. റോഡില്‍ കൂടി ചിലര്‍ ചിരിച്ചും ആംഗ്യം കാട്ടിയും നടക്കുമ്പോള്‍ എന്തോ തകരാറുണ്ടെന്നു കരുതേണ്ട. ചെവിയോടു ചേര്‍ത്ത് ഈ വിദ്വാനുണ്ടാകും. ഇങ്ങനെ പോയാണ് ചിലര്‍ ട്രെയിനിടിച്ചും ടെറസില്‍ നിന്നു വീണും സിദ്ധി കൂടിയത്.

വ്യാജ സൗഹൃദങ്ങളും മൊബൈല്‍ പ്രണയങ്ങളും വന്‍ ദുരന്തത്തില്‍ കലാശിക്കുന്നത് വാര്‍ത്തകളേ അല്ലാതായി.

മണിക്കൂറുകള്‍ നീളുന്ന സംസാരം മദ്യാസക്തിപോലെ, ലഹരിയായി ഒഴിവാക്കാനാവാതെ വരുമ്പോള്‍ ‘മൊബൈല്‍ അഡിക്ഷന്‍’ എന്ന അവസ്ഥയിലെത്തും. ഇതിന് ചികിത്സ വേണ്ടിവരും.

മക്കള്‍ പുറത്തു പോയാല്‍ എപ്പോഴും അവരെ വിളിച്ചു കൊണ്ടിരിക്കുന്നത് വാത്സല്യവും കരുതലുമാണെന്നു വിചാരിക്കുന്ന രക്ഷിതാക്കളുണ്ട്. അത്യാവശ്യം കാര്യങ്ങള്‍ അറിയാനും പറയാനും വിളിക്കാം. പക്ഷെ നിരന്തരം മക്കളെ നിയന്ത്രിക്കുന്ന ‘റിമോട്ട്’ ആയാല്‍ സ്വന്തം തീരുമാനമെടുക്കാനും പ്രശ്‌നങ്ങള്‍ മറികടക്കാനുമുള്ള അവരുടെ കഴിവുകളെ തളര്‍ത്തുകയേയുള്ളു.

ഓഫിസില്‍ അടുത്തിരിക്കുന്ന ആളെ ശ്രദ്ധിക്കാതെ ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുന്നതും മരണ വീടും ആരാധനാ കേന്ദ്രവും പോലെയുള്ള സ്ഥലങ്ങളില്‍ ഔചിത്യമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നതും എന്തൊരു മര്യാദ കേടാണ്! പാത്രം ഉടയുന്നതും കുഞ്ഞുകരയുന്നതും അതിദ്രുത താളങ്ങളും ഉച്ചത്തില്‍ റിങ് ടോണാക്കി ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരിക്കലും മിടുക്കല്ല.

ചിലര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, സംസാരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിരല്‍ കൊണ്ടു പരതി അങ്ങോട്ട് ഏറുകണ്ണിട്ടു കൊണ്ടിരിക്കും. നിങ്ങളെ ഒഴിവാക്കാനുള്ള സിഗ്നലാണ് ഇതെന്നു മനസിലാക്കുക.

വിളിക്കുമ്പോള്‍ സുഹൃത്തിന്റെ ജോലി സാഹചര്യങ്ങളും തിരക്കും സമയവും കണക്കിലെടുക്കുക. പറയേണ്ട പ്രധാന കാര്യം ആദ്യം പറഞ്ഞ ശേഷം കുശലാന്വേഷണത്തിലേക്ക് കടന്നാല്‍ തിരക്കാണെങ്കില്‍ സംഭാഷണം ചുരുക്കാമല്ലോ.

മൊബൈലിനേക്കുറിച്ച് പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. നിങ്ങളുടെ കയ്യിലുള്ള ഫോണ്‍ മറ്റുള്ളവരുടെ ആവശ്യത്തിനാണ്. നിങ്ങള്‍ സ്വന്തം ആവശ്യത്തിനു വിളിച്ച കോളുകളേക്കാള്‍ വളരെ കൂടുതലായിരിക്കും നിങ്ങളെക്കൊണ്ടുള്ള ആവശ്യത്തിനു മറ്റുള്ളവര്‍ വിളിച്ചത്. ഇതു ശരിയാണോയെന്ന് സ്വയം പരിശോധിച്ചു നോക്കുക.

ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തു നിന്ന യാത്രക്കാരിയുടെ ബാഗിലെ മൊബൈല്‍ റിങ് ചെയ്യുന്നത് കേട്ടു. ടിംഗ്, ടിംഗ്. രണ്ടു ശബ്ദം മാത്രം. ബാഗില്‍ നിന്നു ഫോണെടുത്ത് ഒതുക്കത്തില്‍ എന്തോ പറഞ്ഞ് ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. അവിടെ ആരും മൊബൈലില്‍ പറയുന്നത് മറ്റൊരാള്‍ കേള്‍ക്കില്ല. മാത്രമല്ല, ദീര്‍ഘ സംഭാഷണവുമില്ല. ഇതേക്കുറിച്ച് എന്റെ ആതിഥേയനായിരുന്ന സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്ര പ്രഫസര്‍ ഡോ. ഫിലിപ്പോ ഒസല്ലോയോടു ചോദിച്ചു. ‘ഞങ്ങള്‍ മൊബൈലില്‍ അത്യാവശ്യകാര്യങ്ങള്‍ പറയുകയേയുള്ളു. വിശദമായി വീട്ടില്‍ വന്ന് ലാന്‍ഡ് ഫോണില്‍ സംസാരിക്കും.’

ശരിയാണ്. വൈകുന്നേരം ഏഴുമണിയോടെ അത്താഴം കഴിഞ്ഞ് പ്രഫസര്‍ 10 മണി വരെ ലാന്‍ഡ് ഫോണില്‍ സംസാരവും കംപ്യൂട്ടറില്‍ പത്രവായനയും എഴുത്തുമെല്ലാമായി കഴിയുന്നതു പതിവാണ്.

വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവരെ ഗൗനിക്കാതെ റോഡ് മുഴുവന്‍ സ്വന്തമെന്നു കരുതി ഡ്രൈവു ചെയ്യുന്ന മലയാളി മൊബൈല്‍ ഉപയോഗത്തിലും ആ മര്യാദകേട് ആവര്‍ത്തിക്കുന്നു. ഇതുമൂലം സമയ നഷ്ടവും പണനഷ്ടവും മാത്രമല്ല, റേഡിയേഷന്‍ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുക്കുന്നില്ല.

മേമ്പൊടി:
ഒരു കല്യാണ സംഘത്തിനൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രായമായ ഒരു അമ്മച്ചി പറഞ്ഞു: ‘മോനെ വണ്ടിയേല്‍ വിളിക്കുന്ന ആ ഫോണില്ലേ, അതെടുത്ത് നാന്‍സി മോളെ വിളിക്ക്. അവള്‍ക്ക് വരാന്‍ പറ്റാത്ത തിരക്കെന്താണെന്ന് അറിയാല്ലോ.’ യാത്ര ചെയ്യുമ്പോഴാണ് അമ്മച്ചി മൊബൈലിന്റെ കാര്യമായ ഉപയോഗം കാണുന്നത്. മൊബൈലിന് എത്ര ലളിതമായ ഒരു നാടന്‍ നിര്‍വചനം!

ക്രൈസ്തവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയം: സീറോമലബാര്‍ സിനഡ്

കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ് വിലയിരുത്തി. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികള്‍ വര്‍ഗ്ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവന നിലവാരം പുലര്‍ത്തുന്നവയും കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വര്‍ഗ്ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികള്‍ ശ്രമിക്കുന്നത്. അമല്‍ ജ്യോതി കോളജിലുണ്ടായ പ്രതിഷേധങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ-വര്‍ഗ്ഗീയ താല്പര്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞുവെന്നതും യുവജനങ്ങളുള്‍പ്പെടെ ശക്തമായ പ്രതികരണങ്ങള്‍ക്കു തയ്യാറായി എന്നതും പ്രതീക്ഷാനിര്‍ഭരമാണ്. എന്നാല്‍ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വര്‍ഗ്ഗീയവത്കരിക്കാനാണ് പ്രതിലോമശക്തികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ കൂട്ടുകെട്ടുകളെ സിനഡ് ശക്തമായി അപലപിച്ചു. കേരള സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് ജാതിമതഭേദമന്യേ ഏവരോടും സിനഡ് അഭ്യര്‍ത്ഥിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന ക്രൈസ്തവസ്ഥാപനങ്ങളെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ ഇന്നിന്റെ മാത്രമല്ല നാളെയുടെയും നാശമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയണം. ക്രൈസ്തവന്റെ ക്ഷമയെ ഒരു ദൗര്‍ബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്. ക്രൈസ്തവസ്‌നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണ്. ഈ സത്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യസമൂഹത്തിന്റെ ഭാവിക്ക് നല്ലതെന്ന് എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രക്കുറുപ്പില്‍ പറയുന്നു.

ഒത്തുകല്യാണം പള്ളിയില്‍ കെട്ടുകല്യാണം അമ്പലത്തില്‍?

ചോദ്യം: ഒരു കത്തോലിക്കനും ഒരു ഹിന്ദു മതവിശ്വാസിയും ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തുമ്പോള്‍ മനഃസമ്മതം കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തുന്നത് നിയമാനുസൃതമാണോ?

ഈ ചോദ്യത്തിന്റെ ഉത്തരം, നിയമാനുസൃതമല്ല എന്നതാണ്. എന്നാല്‍ ഈ സാഹചര്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ ഒരു കത്തോലിക്കാ വിശ്വാസിയും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള സഭാ നിയമം അറിഞ്ഞിരിക്കണം. സഭയുടെ നിയമപ്രകാരം മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയുമായി കത്തോലിക്കാ വിശ്വാസി വിവാഹ ബന്ധത്തിലേര്‍പ്പെടുവാന്‍ പാടില്ല. (CCEO പ്രൗരസ്ത്യ കാനന്‍ നിയമം-} c.803 §1, CIC {ലത്തീന്‍ കാനന്‍ നിയമം) c.1086}. പൗരസ്ത്യ പാശ്ചാത്യ സഭകളിലും വധുവരന്മാരുടെ മതവ്യത്യാസം (disparity of cult) വിവാഹത്തെ അസാധുവാക്കുന്ന ഒരു തടസ്സമായിട്ടാണ് (impediment) കണക്കാക്കുന്നത്. സത്യവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനും സന്താനങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമായേക്കാവുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം നിലകൊള്ളുന്നത്. എന്നാല്‍ തക്ക സഭാധികാരികള്‍ക്ക് മതവ്യത്യാസം എന്ന വിവാഹ തടസ്സത്തില്‍ നിന്ന് ഒഴിവ് (dispensation) നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ ഒഴിവ് സഭാധികാരികളില്‍ നിന്ന് (ഉദാ. രൂപതാദ്ധ്യക്ഷന്‍) ലഭിച്ചാല്‍, ഇത്തരം വിവാഹം പള്ളിയില്‍ വച്ച് നടത്താവുന്നതാണ്.

ഒഴിവ് ലഭിക്കണമെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പാലിച്ചിരിക്കണം. കത്തോലിക്കാ കക്ഷി തന്റെ വിശ്വാസത്തെ സംരക്ഷിച്ച് ജീവിക്കുമെന്ന് ഉറപ്പു നല്‍കുകയും, വിവാഹത്തില്‍ നിന്ന് ഉണ്ടാകുന്ന മക്കളെ കത്തോലിക്കാ സഭയില്‍ മാമ്മോദീസയും ശിക്ഷണവും നല്‍കി വളര്‍ത്തുന്നതിന് തന്റെ കഴിവിനനുസരിച്ച് പരിശ്രമിക്കുമെന്ന് ആത്മാര്‍ത്ഥമായി രൂപതാദ്ധ്യക്ഷനു മുമ്പില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യണം. കത്തോലിക്കാ കക്ഷി ചെയ്യുന്ന ഈ വാഗ്ദാനങ്ങളെക്കുറിച്ച് അക്രൈസ്തവ കക്ഷി യഥാസമയം അറിയുകയും അതിനെക്കുറിച്ച് വ്യക്തമായ ധാരണയുെണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ച് രണ്ട് കക്ഷികളും അറിയുകയും അതിനനുസരിച്ച് വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സമ്മതം അറിയിക്കുകയും വേണം. ഇപ്രകാരമുള്ള ഉറപ്പിന്മേലാണ് വിവാഹം പള്ളിയില്‍ വച്ച് നടത്തുന്നത്. ഇങ്ങനെ നടത്തുന്ന വിവാഹം ഒരു കൂദാശയല്ല. മാമ്മോദീസ സ്വീകരിക്കാത്ത കക്ഷി മാമ്മോദീസ പിന്നീട് സ്വീകരിച്ചാല്‍ ആ നിമിഷത്തില്‍ ഈ വിവാഹത്തിന് കൗദാശിക സ്വഭാവം കൈവരുന്നതാണ്. ഇപ്രകാരം അനുവാദത്തോടെ വിവാഹം നടത്തുമ്പോള്‍ കത്തോലിക്കാ കക്ഷിക്കു തുടര്‍ന്നും കൂദാശകള്‍ സ്വീകരിച്ച് സഭാ ജീവിതം പൂര്‍ണ്ണമായി തുടരാവുന്നതാണ്.

ഒരു കത്തോലിക്കാ വിശ്വാസിക്ക് യാതൊരു കാരണവശാലും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയെ ആ മതത്തിന്റെ വിവാഹ കര്‍മ്മം ഉപയോഗിച്ച് വിവാഹം കഴിക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ല. അതിന് ഒഴിവു ലഭിക്കുന്നതുമല്ല. അതിനാല്‍, ഒരു കത്തോലിക്കാ വിശ്വാസി ഹൈന്ദവാചാര പ്രകാരം നടത്തുന്ന വിവാഹവുമായി സഭയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് ഒത്തുകല്യാണം പള്ളിയില്‍ വച്ച് നടത്തുന്നത് അനുവദനീയമല്ല. സഭാനിയമം അനുശാസിക്കുന്നതിനെതിരായി വിവാഹം കഴിക്കുന്ന കത്തോലിക്കാ കക്ഷിക്ക് കത്തോലിക്കാസഭയില്‍ കൂദാശകള്‍ സ്വീകരിക്കുന്നതിന് ഈ വിവാഹത്തോടെ വിലക്ക് നിലവില്‍ വരുന്നതുമാണ്.

മണ്ണില്ലാ കൃഷി!

‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…’ ഉള്ളില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകള്‍ നിറയ്ക്കുന്ന ഈ പാട്ട് എങ്ങനെയും ഇത്തിരി മണ്ണ് സ്വന്തമാക്കുകയെന്ന മലയാളിയുടെ മോഹത്തെ ഉണര്‍ത്തുന്നതാണ്. കൃഷി ചെയ്യാന്‍ അല്‍പം മണ്ണ് സ്വന്തമായുള്ളവന്റെ അഭിമാനം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. എന്നാല്‍ വൈകാതെ മണ്ണില്‍ പൊന്നു വിളയിക്കുക എന്ന പ്രയോഗമൊക്കെ ചുരുട്ടിക്കൂട്ടി തട്ടിന്‍പുറത്ത് വയ്‌ക്കേണ്ടിവരും. ഇതാ മണ്ണില്ലാക്കൃഷിയെന്ന ആശയം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. നാഴിയിടങ്ങഴി മണ്ണില്ല, എന്നാല്‍ പിന്നെ മണ്ണില്ലാ കൃഷി തന്നെ ശരണം എന്ന ലൈനിലാണ് ജപ്പാനും യുഎസുമൊക്കെ. ഫ്‌ളാറ്റ് സംസ്‌ക്കാരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിയും നടന്നടുക്കുകയാണ് ഈ കൃഷിയിലേക്ക്. അതേ, കേരളത്തിലുമുണ്ട് ഈ കൃഷി രീതിക്ക് ഏറെ ആരാധകര്‍. അക്വാപോണിക്‌സ് എന്ന രീതിയാണ് കേരളത്തില്‍ പ്രചാരത്തിലെത്തിയിട്ടുള്ള കൃഷി മാര്‍ഗം. വെള്ളത്തെ ആശ്രയിച്ചാണ് അക്വാപോണിക്‌സ് രീതിയുടെ പ്രവര്‍ത്തനം. ഹൈഡ്രോപോണിക്‌സ് എന്നും ഇത് അറിയപ്പെടുന്നു.

വെള്ളത്തില്‍ വരച്ച വര എന്നൊക്കെ പറയും പോലെയാകുമോ വെള്ളത്തിലുള്ള ഈ കൃഷി എന്നു പേടിക്കേണ്ട. ഓരോ ചെടിയും പോഷകാംശം ആഗിരണം ചെയ്യുന്നതെങ്ങനെ എന്നു മനസ്സിലാക്കുമ്പോള്‍ സംശയമൊക്കെ താനേ മാറിക്കൊള്ളും. പോഷകങ്ങളുടെ ഒരു കലവറയാണ് മണ്ണ്. പക്ഷെ, ഇവ വലിച്ചെടുക്കുവാന്‍ വെള്ളം കൂടിയേ തീരൂ. പോഷകങ്ങള്‍ വെള്ളത്തില്‍ ലയിക്കുമ്പോഴാണ് ചെടി അവ ആഗിരണം ചെയ്യുന്നത്. എന്നാല്‍ പിന്നെ ഇടനിലക്കാരനായി മണ്ണിന്റെ ആവശ്യമുണ്ടോ? വെള്ളവും പോഷകവും പോരേ എന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ ചിലര്‍ ചിന്തിച്ചതോടെ അക്വാപോണിക്‌സ് പിറന്നു.

സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരുകള്‍ വെള്ളത്തിലൂന്നി കൃഷി ചെയ്യുന്നതാണ് അക്വാപോണിക്‌സ്. മണ്ണില്‍ കൃഷി ചെയ്യുന്നതിനെക്കാള്‍ എട്ടിരട്ടിയെങ്കിലും വിളവ് കൂടുതല്‍ കിട്ടും അക്വാപോണിക്‌സ് രീതിയില്‍ എന്നാണ് ഇത് അനുവര്‍ത്തിച്ച് വിജയത്തിലെത്തിച്ച കര്‍ഷകരുടെ സാക്ഷ്യം. ചെടിക്കാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ നല്‍കാന്‍ ശ്രദ്ധിക്കണം എന്നു മാത്രം. അല്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യേണ്ട കൃഷി രീതിയാണിത്.

മീന്‍ വളര്‍ത്തുന്ന ഒരു കുളം. അതിന് സമീപം കരിങ്കല്‍ക്കഷണങ്ങള്‍ പോലുള്ള മാധ്യമം നിറച്ച സ്ഥലം. മീന്‍ കുളത്തില്‍ വെള്ളം പമ്പ് ചെയ്ത് ഈ കരിങ്കല്‍ക്കഷണങ്ങള്‍ പാകിയ സ്ഥലത്തേക്ക് എത്തിക്കാനുള്ള സംവിധാനം. ഇവിടെ നിന്ന് വെള്ളം തിരികെ കുളത്തിലേക്ക് ഒഴുക്കി വിടാനുള്ള ക്രമീകരണം. ഇവ ചേര്‍ന്നതാണ് അക്വാപോണിക്‌സ് രീതിയുടെ ലളിതമായ അരങ്ങൊരുക്കം. കരിങ്കല്‍ക്കഷണങ്ങള്‍ക്കു പകരം മണലോ, ചകിരിച്ചോറോ ചരലോ ഉപയോഗിച്ചും പരീക്ഷണങ്ങളാകാം. മീന്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്നു മത്സ്യങ്ങളുടെ വിസര്‍ജ്യങ്ങളടങ്ങിയ വളക്കൂറുള്ള വെള്ളമാണ് പമ്പു ചെയ്ത് എടുക്കുന്നത്. കല്‍ക്കഷണങ്ങള്‍ പാകിയ മേഖലയില്‍ ഈ വെള്ളം അരിച്ച് ശുദ്ധമാക്കപ്പെട്ട് വീണ്ടും കുളത്തിലേക്ക് തിരിച്ചെത്തുന്നു. കുളത്തില്‍ നിന്ന് വെള്ളം ഒഴുകുന്നിടത്താണ് മണ്ണില്ലാ കൃഷി നടത്തുക. ലവണങ്ങള്‍ അലിഞ്ഞു ചേര്‍ന്ന വെള്ളത്തില്‍ നിന്ന് സസ്യങ്ങള്‍ നേരിട്ട് വളം വലിച്ചെടുത്തുകൊള്ളും. പോഷകങ്ങള്‍ ലയിച്ചു ചേര്‍ന്ന ജലം എപ്പോഴും ചെടികളുടെ വേരുകളെ തഴുകിക്കൊണ്ടിരിക്കും. ചെടി മണ്ണില്‍ മുട്ടുന്നുപോലുമില്ല. വെള്ളം എപ്പോഴും പുനരുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു മൂലം മീന്‍ വളര്‍ത്തല്‍ ആദായകരമാകുകയും ചെയ്യും. മല്‍സ്യങ്ങളെ വളര്‍ത്താതെ അക്വാപോണിക്‌സ് കൃഷി രീതിയില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള വളങ്ങള്‍ ജലശേഖരത്തില്‍ ലയിപ്പിച്ചും വെള്ളം ചെടികള്‍ക്ക് ചുവട്ടിലെത്തിക്കാം.

വമ്പിച്ച ഉല്‍പ്പാദനക്ഷമത തന്നെയാണ് അക്വാപോണിക്‌സിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ചെടിക്കുണ്ടാവുകയില്ലെന്നുറപ്പിക്കാം. ഉപയോഗിച്ച വളം പുനരുപയോഗിക്കാം. വിളവെടുപ്പ് എളുപ്പമാണ്. ഒരു സ്ഥലത്തു നിന്നു കൃഷി അപ്പാടെ മറ്റൊരു സ്ഥലത്തേക്കു മാറ്റാം. ചെടി ആരോഗ്യത്തോടെ വളരും. മേന്മകള്‍ ഒരുപാടാണ്. അക്വാപോണിക്‌സിന് പല വകഭേദങ്ങളുണ്ട്. പോഷകലായിനി മാത്രം ഉപയോഗിച്ചുള്ള രീതിയും വേരുകള്‍ ഉറപ്പിക്കാന്‍ മണലോ ചകിരിച്ചോറോ പോലുള്ള മാധ്യമങ്ങളുപയോഗിക്കുന്ന രീതിയുമുണ്ട്. ടെറസില്‍ കൃഷി ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും അക്വാപോണിക്‌സ് പരീക്ഷിക്കാവുന്നതാണ്.

മിക്ക കൃഷികള്‍ക്കും അക്വാപോണിക്‌സ് രീതി ഇണങ്ങുമെങ്കിലും വെള്ളരി, തണ്ണിമത്തന്‍, കാബേജ്, തക്കാളി തുടങ്ങിയവയാണ് ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്നത്. കിഴക്കന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണ്. ഉയര്‍ന്ന ഉല്‍പ്പാദന ചെലവാണ് അക്വാപോണിക്‌സ് രീതിയ്ക്കുള്ള ഒരു പോരായ്മ. ഇതിനായി ഉപയോഗിക്കുന്ന വളങ്ങള്‍ക്ക് തീ വിലയാണ്. അതീവ ശ്രദ്ധയോടെ പരിചരിക്കണം എന്നത് മറ്റൊരു കാര്യം. അക്വാപോണിക്‌സ് കൃഷി രീതി വ്യാപകമാകുമ്പോള്‍ വളങ്ങളുടെ വില കുറയും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

അല്‍ഫോന്‍സാ കോളജില്‍ പിജി, യുജി പ്രവേശനം

തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ കോളജില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 3.23 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജോടെ നാക്കിന്റെ എ ഗ്രേഡ് അക്രെഡിറ്റേഷന്‍ കരസ്ഥമാക്കിയ കോഴിക്കോട് ജില്ലയിലെ ഏക സ്വാശ്രയ കോളജാണ് അല്‍ഫോന്‍സ.

ബിഎസ്‌സി സൈക്കോളജി, ബിഎ മാസ്‌കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം, ബികോം ഫിനാന്‍സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിബിഎ, ബിഎ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളിലേക്കും എംകോം ഫിനാന്‍സ്, എംഎ ഇംഗ്ലീഷ് എന്നീ ബിരുദാനന്തര കോഴ്‌സുകളിലേക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചത്.

യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനവും, ക്യാംപസ് റിക്രൂട്ട്‌മെന്റും ഉപരിപഠനത്തിന് മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ഒരുക്കുന്നതും അല്‍ഫോന്‍സ കോളജിനെ വേറിട്ടു നിര്‍ത്തുന്നു.

വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക കോളേജ് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിഫ, റ്റാലി, ഏവിയേഷന്‍, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍, യൂണിവേഴ്‌സിറ്റിയുടെ വാല്യൂ എജുക്കേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്‌സുകളും വിവിധ വിഷയങ്ങളോടൊപ്പം പഠിപ്പിക്കുന്നു. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും: 8606890272, 04952254055.

മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

പുല്ലൂരാംപാറ: മതാധ്യാപകര്‍ പീഠത്തില്‍ തെളിച്ചുവച്ച ദീപമാണെന്നും ക്രിസ്തുവിന്റെ തിരുഹൃദയത്തില്‍ നിന്ന് ഒഴുകി ഇറങ്ങുന്ന തിരുരക്തത്തിന്റെ അമൂല്യമായ ശക്തി ഹൃദയത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചവരാണ് അവരെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനയില്‍ അഭിപ്രായപ്പെട്ടു. ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടന്ന രൂപതാ മതാധ്യാപക സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരമായ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. മതബോധന ക്ലാസുകളില്‍ നിന്ന് ലഭിക്കുന്ന പരിശീലനത്തോടൊപ്പം വീടുകളില്‍ നിന്നും തുടര്‍ പരിശീലനം ലഭിക്കേണ്ടത് ആവശ്യമാണ്. അതിനായി മാതാപിതാക്കളെ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷം ക്രമീകരിക്കും. അമ്മമാരാണ് വിശ്വാസ കൈമാറ്റത്തിന്റെ ചാലക ശക്തി. അതുകൊണ്ടുതന്നെ കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ അമ്മമാര്‍ മുന്‍കൈ എടുക്കണം. തെറ്റുകളില്‍ വീഴാതിരിക്കാന്‍ സുവിശേഷം പഠിക്കണം. വിശുദ്ധ കുര്‍ബാനയാണ് ഏറ്റവും വലിയ ശക്തി സ്രോതസ്സ്. വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പഠിക്കാന്‍ സമയം കണ്ടെത്തണം – ബിഷപ് കൂട്ടിച്ചേര്‍ത്തു.

അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. കേരള സഭ ഇനിയും വളരാനും വീണ്ടും പൂക്കാലമുണ്ടാകാനും മതാധ്യാപകരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. കേരള സഭയിലെ വസന്തത്തെയാണ് ഇന്ന് രാജ്യം ഭരിക്കുന്നവര്‍ ഭയപ്പെടുന്നത്. ഏത് രാജ്യത്തു പോയാലും ഈശോയെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കുട്ടികളെ വളര്‍ത്തുവാന്‍ മതാധ്യാപകര്‍ക്കാകണം. ക്രിസ്തുവിനെ അവരുടെ ഹൃദയത്തിലേക്ക് നിരന്തരം പമ്പു ചെയ്യുവാന്‍ സാധിക്കണം – അഡ്വ. ജസ്റ്റിന്‍ പറഞ്ഞു. രാവിലെ നടന്ന ക്ലാസുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി കൗദാശിക ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുകയെന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് മതബോധന രൂപതാ ഡയറക്ടര്‍ ഫാ. രാജേഷ് പള്ളിക്കാവയലില്‍ പറഞ്ഞു. ഇന്നത്തെ മാതാപിതാക്കള്‍ വളരെ ആശങ്കയിലാണെന്നും യേശുവിനെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്നും ബഥാനിയ ഡയറക്ടര്‍ ഫാ. ബിനു പുളിക്കല്‍ ചൂണ്ടിക്കാട്ടി.

എം. ജെ. അബ്രാഹാം മണലോടി, ഷിബു മാത്യു എടാട്ട് എന്നിവര്‍ പ്രസംഗിച്ചു. മതബോധന ഗാനത്തിന്റെ വീഡിയോ റിലീസ് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക നിയ ചാര്‍ലി ഗാനം ആലപിച്ചു. അബ്രഹാം ജെയ്സന്‍ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു. വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മുടങ്ങാതെ വേദപാഠ ക്ലാസുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു.

ആശുപത്രി വാസത്തിന് വിരാമം, ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി

ഒരാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിച്ചുകൊണ്ട് വത്തിക്കാനിലേക്ക് മടങ്ങി. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ ഏഴിനാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പാപ്പയെ പ്രവേശിപ്പിച്ചത്.
ഡിസ്ചാര്‍ജിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് തമാശകള്‍ പറഞ്ഞും തന്നെ കാണാനായി തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്തുമാണ് പാപ്പ മടങ്ങിയത്. ഇപ്പോള്‍ എന്തു തോന്നുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്ന മറുപടിയാണ് തമാശ രൂപേണ പാപ്പ പറഞ്ഞത്.
പാപ്പയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിനിമയ കാര്യാലയ ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു. ”ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായിരുന്നില്ല. ആരോഗ്യത്തില്‍ കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്. പാപ്പയ്ക്ക് ഉടന്‍ തന്നെ അനുദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം.” അദ്ദേഹം പറഞ്ഞു.
വത്തിക്കാനിലേക്കുള്ള യാത്രാ മധ്യേ റോമിലെ മരിയന്‍ ബസിലിക്കയായ മരിയ മേജറിലെ സാലൂസ് പോപ്പുളി റൊമാനിയുടെ രൂപത്തിനു മുന്നില്‍ പാപ്പ പ്രാര്‍ത്ഥനാ നിരതനായി. റോമന്‍ ജനതയുടെ സംരക്ഷക എന്നറിയപ്പെടുന്ന മാതാവിന്റെ രൂപമാണ് സാലൂസ് പോപ്പുളി റൊമാനി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശ്വാസനാള രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും രണ്ടു വര്‍ഷം മുമ്പ് വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും ഫ്രാന്‍സിസ് പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.
വരും ദിവസങ്ങളില്‍ പാപ്പാ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയും മറ്റ് കൂടികാഴ്ചകളുമുണ്ടായിരിക്കുമെങ്കിലും മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച ജൂണ്‍ 21 വരെ റദ്ദാക്കിയിട്ടുണ്ട്. ലോക യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 മുതല്‍ 6 വരെ പോര്‍ച്ചുഗലിലേക്കും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ മംഗോളിയയിലേക്കും ഫ്രാന്‍സിസ് പാപ്പാ അപ്പോസ്‌തോലിക യാത്രകള്‍ നടത്താനിരിക്കുകയാണ്.
ഗ്രീസില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ഗ്രീസിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോയ്ക്ക് പാപ്പ ഇതു സംബന്ധിച്ച അനുശോചന സന്ദേശം അയച്ചു. ദുരന്തത്തില്‍ മരണമടഞ്ഞ കുടിയേറ്റക്കാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഈ ദുരന്തത്തില്‍ ആഘാതമേറ്റ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ കുറിച്ചു.

അവിശ്വാസിയും രോഗീലേപനവും

ചോദ്യം: അവിശ്വാസിയായി ജീവിച്ച ഒരു കത്തോലിക്കന് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ഫലം ലഭിക്കുമോ?

ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുന്നതിനുമുമ്പ് രോഗീലേപനമെന്ന കൂദാശയെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങള്‍ വളരെ ചുരുക്കി പ്രതിപാദിക്കുന്നത് ഉചിതമെന്നു കരുതുന്നു.
അപ്രിയ യാഥാര്‍ത്ഥ്യമായ മരണത്തോട് അടുക്കുമ്പോള്‍ പരികര്‍മ്മം ചെയ്യേണ്ട കൂദാശയാണ് രോഗീലേപനം എന്ന പരമ്പരാഗത കാഴ്ചപ്പാട് ഈ കൂദാശയുടെ ജനകീയത വളരെയധികം നഷ്ടപ്പെടുത്തിയിട്ടുണ്ട്. രോഗീലേപനം എന്നത് സൗഖ്യദായകമായ ഒരു കൂദാശയാണെന്നും മറ്റേതു കൂദാശയെയുംപോലെ ജീവിച്ചിരിക്കുന്നവരുടെ ആത്മീയ സുസ്ഥിതിക്കുവേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശയാണെന്നും ഇന്ന് കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു. രോഗാവസ്ഥയിലുള്ളവര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ രോഗത്തെ ശാന്തമായി സ്വീകരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നു. മരണാസന്നര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നിത്യയാത്രയ്ക്കുള്ള ഒരുക്കമായി അത് മാറുന്നു.

രോഗീലേപനത്തിനുള്ള അര്‍ഹത

ആര്‍ക്കാണ് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുള്ളത് എന്നതാണ് ചോദ്യത്തിന്റെ ഒരു ഭാഗം. മാമ്മോദീസയിലുടെ തിരുസ്സഭയില്‍ അംഗമായിത്തീര്‍ന്ന് വിശ്വാസജീവിതം നയിക്കുന്ന ഏതൊരു വ്യക്തിക്കും ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ട്. വിശ്വാസികള്‍ക്കാണ് ഈ കൂദാശ സ്വീകരിക്കാന്‍ അര്‍ഹതയുള്ളതെന്ന് സഭാനിയമം വ്യക്തമാക്കുന്നുണ്ട് (cf. CCEO cc. 737, 738, 740; CIC cc. 998, 1003, 1004). ലത്തീന്‍ സഭയുടെ കാനന്‍നിയമം ഇക്കാര്യം അല്‍പംകൂടി വ്യക്തമാക്കുന്നുണ്ട്. അജപാലനദൗത്യം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന വൈദികര്‍ തങ്ങളുടെ വിശ്വാസികള്‍ക്ക് ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ കടമയും ഉത്തരവാദിത്വവുമുള്ളവരാണ് എന്ന് നിയമം വ്യക്തമാക്കുന്നു (CIC c. 1003 § 2). തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഈ കൂദാശ വിശ്വാസികള്‍ സ്വയം ചോദിച്ചുവാങ്ങേണ്ടതാണ് എന്നും നിയമം പറയുന്നു (CCEO c. 738).
ഈ കൂദാശ സ്വമനസാ ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലും ഒരു വ്യക്തിക്ക് ഈ കൂദാശ നല്കുന്നതിനെപ്പറ്റി സഭാനിയമം ഇപ്രകാരമാണ് പറയുന്നത്: ”ഗുരുതരമായ അസുഖമുള്ളവരും അബോധാവസ്ഥയിലോ ബുദ്ധിശക്തി നഷ്ടപ്പെട്ട അവസ്ഥയിലോ ഉള്ളവരുമായ ക്രൈസ്തവവിശ്വാസികള്‍ മരണാവസ്ഥയിലോ, വൈദികന്റെ തീരുമാനപ്രകാരം മറ്റൊരു സമയത്തുപോലുമോ തങ്ങള്‍ക്കുവേണ്ടി ഈ കൂദാശ പരികര്‍മ്മം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നതായി കരുതപ്പെടുന്നു.” (CCEO c. 740; CIC cc. 1005, 1006). കൗദാശിക ജീവിതത്തിലൂടെ സഭയോടും സമൂഹത്തോടും ചേര്‍ന്നുജീവിച്ച ഒരു വ്യക്തിക്ക് സ്വയം ആവശ്യപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഈ കൂദാശ പരികര്‍മ്മം ചെയ്യണം എന്ന് സഭാനിയമം വ്യക്തമാക്കുന്നു.

അവിശ്വാസിയുടെ അര്‍ഹത

‘അവിശ്വാസിയായി ജീവിച്ച’ എന്ന വിശേഷണം മനുഷ്യന്റെ കാഴ്ചപ്പാടാണ്. വിശ്വാസജീവിതത്തിന്റെ ബാഹ്യമാനദണ്ഡങ്ങള്‍ക്കപ്പുറം ഹൃദയം കാണുന്ന ദൈവത്തിന്റെ പ്രവര്‍ത്തനം കൂദാശയുടെ പരികര്‍മ്മത്തില്‍ സംഭവിക്കാനുള്ള സാധ്യത നിഷേധിക്കാന്‍ നമുക്ക് അവകാശമില്ല. ‘അവിശ്വാസി’ എന്ന് സമൂഹം വിശേഷിപ്പിക്കുന്ന വ്യക്തി രോഗീലേപനം എപ്പോഴെങ്കിലും ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും അത് നിഷേധിക്കാന്‍ പാടില്ല. മാമ്മോദീസാ സ്വീകരിച്ച വ്യക്തിയാണെങ്കില്‍ ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയും അവകാശവും ആ വ്യക്തിക്കുണ്ട്. സുവിശേഷത്തിലെ നല്ല കള്ളന്റെ മാനസാന്തര അനുഭവത്തിന്റെ നേര്‍സാക്ഷി ഈശോ മാത്രമായിരുന്നു. നല്ല കള്ളനെപ്പോലെ മാനസാന്തരപ്പെടാനുള്ള അവസരവും അവകാശവും എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ ചോദിക്കുന്ന ആര്‍ക്കും രോഗീലേപനം നിഷേധിക്കാന്‍ പാടില്ല. മറിച്ച്, ഇങ്ങനെയൊരവസരത്തില്‍ ആ വ്യക്തിയെ മാനസാന്തരത്തിലേക്ക് നയിക്കാനുള്ള കരുണാര്‍ദ്രമായ സമീപനമാണ് വൈദികര്‍ സ്വീകരിക്കേണ്ടത്. കുരിശിലെ തന്റെ ജീവത്യാഗത്തിലൂടെ ഈശോ എല്ലാവര്‍ക്കുമായി നല്കിയ രക്ഷ ആര്‍ക്കും നിഷേധിക്കാനുള്ള അവകാശം വൈദികര്‍ക്കില്ല എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.

ആര്‍ക്കു നിഷേധിക്കാം?

അതേസമയം, പരസ്യപാപത്തില്‍ നിര്‍ബന്ധബുദ്ധിയോടെ തുടരുന്ന ഒരു വ്യക്തിക്ക് രോഗീലേപനം നല്‍കരുത് എന്ന് ലത്തീന്‍ സഭാനിയമം കൂട്ടിച്ചേര്‍ക്കുന്നുണ്ട് (CIC c. 1007). ഇവിടെ രണ്ട് സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്: ഒന്ന്, സഭയെയും ദൈവത്തെയും തള്ളിപ്പറഞ്ഞ് പരസ്യപാപത്തില്‍ ജീവിക്കുന്ന വ്യക്തി സ്വന്തം തീരുമാനത്തില്‍ രോഗീലേപനം സ്വീകരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് ആ വ്യക്തിയുടെ മാനസാന്തര നിമിഷമായി കണ്ട് രോഗീലേപനം നല്‍കണം എന്നതാണ് സഭാനിയമത്തിന്റെ അന്തഃസത്ത. കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം നല്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനുശേഷമാണ് രോഗീലേപനം നല്‍കേണ്ടത്. രണ്ടാമത്തേത്, ഇപ്രകാരം പാപത്തില്‍ ജീവിക്കുന്ന വ്യക്തി സ്വന്തം തീരുമാനത്തില്‍ കൂദാശ ആവശ്യപ്പെടാത്ത സാഹചര്യമാണ്. കൂദാശ ആ വ്യക്തിക്കുവേണ്ടി ആവശ്യപ്പെടുന്നത് മറ്റുള്ളവരാണ്. രോഗബാധിതനായ വ്യക്തി സുബോധത്തോടെ കൂദാശയെ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തില്‍ നിര്‍ബന്ധമായി ആ വ്യക്തിക്ക് രോഗീലേപനം നല്‍കാന്‍ പാടില്ല. കാരണം, കൂദാശ സ്വീകരിക്കുന്നതിന് ആവശ്യമായ ആന്തരിക മനോഭാവം ഇല്ലായെന്നുമാത്രമല്ല, ദൈവനിഷേധം തുടരുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ‘ബലം പ്രയോഗിച്ചു’ നല്‍കുന്ന രോഗീലേപനത്തിന് കൗദാശികമായ യാതൊരു ഫലവും ആ വ്യക്തിക്കു ലഭിക്കുന്നില്ല എന്നതും വ്യക്തമാണ്.
ഇത്തരം സാഹചര്യത്തിന്റെ മറ്റൊരുവശം ചിന്തിക്കാം. മറ്റുള്ളവരുടെ മുമ്പില്‍ ദൈവനിഷേധിയും അവിശ്വാസിയുമായി അറിയപ്പെട്ടിരുന്ന ഒരു വ്യക്തി അബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹവുമായി അടുത്തബന്ധമുള്ളവര്‍ മറ്റാര്‍ക്കും അറിയാത്ത ആ വ്യക്തിയുടെ വിശ്വാസജീവിതം വൈദികനുമുമ്പില്‍ സാക്ഷ്യപ്പെടുത്തുകയും രോഗീലേപനം നല്‍കുന്നതിന് ആവശ്യപ്പെടുകയും ചെയ്താല്‍ ആ വ്യക്തിക്ക് കൂദാശ പരികര്‍മ്മം ചെയ്യേണ്ടതാണ്. അതേപോലെ ദൈവനിഷേധിയും അവിശ്വാസിയും പരസ്യപാപിയുമായി ജീവിച്ചിരുന്ന വ്യക്തിയുടെ കാര്യത്തിലാണെങ്കിലും അടുത്ത ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആ വ്യക്തിക്ക് കൂദാശ പരികര്‍മ്മം ചെയ്യേണ്ടതാണ്.

ഹൃദയം കാണുന്ന ദൈവം

ചുരുക്കത്തില്‍, ഹൃദയം കാണുന്ന ദൈവത്തിന്റെ കരുണാര്‍ദ്രമായ സമീപനമായിരിക്കണം രോഗീലേപനമെന്ന കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികന് ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകേണ്ടത്. നല്ല കള്ളനെ പറുദീസായില്‍ സ്വീകരിച്ച ഈശോയുടെ മനോഭാവവും (ലൂക്കാ 23:43) തളര്‍വാത രോഗിയെ വീടിന്റെ മേല്‍ക്കൂരപൊളിച്ച് തന്റെ മുന്നിലെത്തിച്ചവരുടെ വിശ്വാസം കണ്ട് തളര്‍വാതരോഗിയുടെ പാപങ്ങള്‍ ക്ഷമിച്ച് അവനെ സുഖപ്പെടുത്തിയ ഈശോയുടെ മനോഭാവവുമാണ് (മര്‍ക്കോ 2:4-6) ഇത്തരം സാഹചര്യങ്ങളില്‍ അവസാന നിയമമായി സ്വീകരിക്കേണ്ടത്.

പോളിടെക്‌നിക് പ്രവേശനം: ജൂണ്‍ 30 വരെ അപേക്ഷിക്കാം

പത്ത് കഴിഞ്ഞ് വേഗം ജോലി വേണമെന്ന് കരുതുന്നവര്‍ക്കും പ്ലസ്ടു കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യവുമായി നില്‍ക്കുന്നവര്‍ക്കുമുള്ള മികച്ച ഓപ്ഷനാണ് മൂന്നു വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകള്‍. ഇന്ത്യന്‍ റെയില്‍വേ, വാട്ടര്‍ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ്, എച്ച്എംടി എന്നിങ്ങനെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരവധി തൊഴില്‍ സാധ്യതകളാണ് പോളിടെക്‌നിക്കുകാരെ കാത്തിരിക്കുന്നത്. സ്വകാര്യ മേഖലയിലും തൊഴില്‍ സാധ്യത ഏറെയാണ്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും പോളിടെക്‌നിക്ക് ഡിപ്ലോമ ഉപകരിക്കും.

All India Council for Technical Education നു കീഴിലാണ് പോളിടെക്‌നിക് കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, സൈബര്‍ ഫോറന്‍സിക് ഇന്‍ഫോര്‍മേഷന്‍ തുടങ്ങി 27 കോഴ്‌സുകള്‍ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ പഠിപ്പിച്ചു വരുന്നു. 46 ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജുകളും ആറ് ഏയ്ഡഡ് കോളജുകളും 40 സെല്‍ഫിനാന്‍സിങ് കോളജുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അഡ്മിഷന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് പ്രധാന വിഷയങ്ങളായെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യമുണ്ട്. ഉപരിപഠന സാധ്യത നോക്കിയാല്‍ പോളിടെക്‌നിക് വിജയിച്ചവര്‍ക്ക് ബി.ടെക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി ലഭിക്കും. കുറഞ്ഞ തുക മാത്രമേ സര്‍ക്കാര്‍ കോളജുകളില്‍ പോളി പഠനത്തിനായി ആവശ്യമുള്ളു.

പോളിടെക്‌നിക് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കേരളത്തിലെ സര്‍ക്കാര്‍/IHRD/CAPE പോളികളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 50% സര്‍ക്കാര്‍ സീറ്റിലേക്കുമാണ് പ്രവേശനം. ഭിന്നശേഷിയുള്ളവര്‍ക്ക് 5% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ലഭിക്കും.

പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി http://www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും ശേഷം വിവിധ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും എന്‍സിസി, സ്‌പോര്‍ട്‌സ് ക്വാട്ടകളിലേക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നതുമാണ്. എന്‍സിസി, സ്‌പോര്‍ട്‌സ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം എന്‍സിസി ഡയറക്ടറേറ്റിലേക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജ്, സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാകും.

Exit mobile version