ഹിംസ അരങ്ങുവാഴുന്ന കാലം. വാക്കിലും പ്രവൃത്തിയിലും അധികാര കേന്ദ്രങ്ങളിലും നിറഞ്ഞു കവിയുന്ന ഹിംസ ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. രാവിലെ കൈയ്യിലെത്തുന്ന പത്രം വിവിധതരം ഹിംസകളുടെ മസാലവിഭവങ്ങള്‍ കൊണ്ടു നിറഞ്ഞത്. പ്രത്യാശ പകരുന്ന കരുണയുടെ, കരുതലിന്റെ വിശേഷങ്ങള്‍ വിരളം. ഉള്ളു തണുപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇടയ്ക്കിടെ നാട്ടില്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിനുള്ള ഇടം പത്രത്താളുകളില്‍ ശോഷിച്ചു പോയി.
വായനയ്ക്കപ്പുറം ഹിംസയുടെ ദൃശ്യമാനം കൂടി വിളമ്പുകയാണ് ടിവി ചാനലുകള്‍ നിലപാടുകള്‍ വിശദീകരിക്കേണ്ട സംവാദത്തിന്റെ ചര്‍ച്ചാ ഇടങ്ങള്‍ സംയമനമില്ലാത്ത, പരസ്പര അധിക്ഷേപത്താല്‍ മലീമസമാകുന്നു. സൈബറിടത്തിലെ അടിച്ചിരുത്തലുകള്‍ ഗുരുതരമായ ജനാധിപത്യ ശോഷണത്തിനു കാരണമാകുന്നു. ഡിജിറ്റല്‍ സ്‌പേസിലെ ആള്‍ക്കൂട്ടാക്രമണം പ്രത്യക്ഷമായ ഹിംസയുടെ മറ്റൊരു വകഭേദം തന്നെ.
നേര്‍ക്കുനേര്‍ പോര്‍വിളിച്ച്, അങ്കം വെട്ടിയവരെയാണ് വടക്കന്‍ പാട്ടുകള്‍ വീരന്മാരായി വാഴ്ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആര്‍ക്കുനേരെയും അധിക്ഷേപങ്ങള്‍ ചൊരിയാനുള്ള ഒളിയിടങ്ങള്‍ ഒരുക്കുകയാണ്. ഇവിടെ പതുങ്ങിയിരുന്ന് ഉത്തരവാദിത്വ ബോധമില്ലാതെ അസഭ്യവര്‍ഷം നടത്താം. കള്ളങ്ങള്‍ നിരത്തി ആരുടെയും യശസ് കളങ്കപ്പെടുത്താം. പഴയകാലത്തെ ഭീരുക്കളുടെ രീതിയാണിത്. പക്ഷേ ഇക്കാലത്ത് ഇവര്‍ക്കാണ് വീരപരിവേഷം.
സംഘബലത്തിന്റെയും രാഷ്ട്രീയബലത്തിന്റെയും മറവില്‍ സ്വന്തം നിലപാട് മറ്റൊരു വ്യക്തിയിലോ സമൂഹത്തിലോ അടിച്ചേല്‍പ്പിക്കുന്നതും ക്രൂരമായ ഹിംസ തന്നെ. ഇതിന് പലപ്പോഴും ഭരണകൂടവും പൊലീസുമെല്ലാം കുടപിടിക്കുകയും ചെയ്യുന്നു. ഇരകള്‍ കൂടുതലും ദരിദ്രരും സ്ത്രീകളും കുട്ടികളുമായിരിക്കും.
അക്രമം കൂടുതല്‍ അക്രമത്തിനു പ്രേരിപ്പിക്കും. അതിക്രമ സംഭവങ്ങള്‍ നിരന്തരം കാണുകയും ഇതു മാത്രം വായനയ്ക്ക്മുന്നിലെത്തുകയും ചെയ്യുമ്പോള്‍ ഇതെല്ലാം സാധാരണ കാര്യമായി മനസില്‍ പതിയാം. അതുകൊണ്ടാവാം നമ്മുടെ ചുറ്റുവട്ടത്തിലും അതിക്രമങ്ങള്‍ പെരുകുന്നത്.
അടുത്തയിടെ കോഴിക്കോട് നഗരത്തില്‍ ഒരു വനിതാ ഡോക്ടറെ കാര്‍ തടഞ്ഞ് ബൈക്കുകാരന്‍ മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു. ഡോക്ടറുടെ ഡ്രൈവിങ് ശരിയല്ലെന്നാണ് ആക്രമണത്തിന് കാരണമായി പ്രതി പറഞ്ഞത്. ട്രാഫിക്ക് നിയമം ലംഘിച്ച് പായുന്ന ബൈക്കുകാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാര്‍ ഓടിക്കുന്ന വരെ ചീത്ത പറയുന്നു.
കൂടുന്ന ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും കുടുംബങ്ങളിലെ ഹിംസാന്തരീക്ഷത്തിന്റെ വെളിപ്പെടുത്തലുകളാണ്. സൃഷ്ടിക്കൊപ്പം സംഹാരവുമുള്ളതിനാല്‍ മനുഷ്യന്റെ ജനിതകത്തില്‍ ഹിംസയും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു കാണാം. അയ്യായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ മമ്മിരൂപത്തിലായ ശരീരം ആല്‍പ്‌സ് പര്‍വതത്തില്‍ 1991 ല്‍ കണ്ടെത്തിയിരുന്നു. ‘ഓറ്റ്‌സീ ‘ എന്നു ശാസ്ത്രലോകം വിളിച്ച ആ പൂര്‍വികന്റെ വലത്തെ ചുമലില്‍ ഒരമ്പിന്റെ അഗ്രവും ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. മറ്റു രണ്ടു മനുഷ്യരുടെരക്താവശിഷ്ടവും ആ ശരീരത്തില്‍ കാണപ്പെട്ടു. വെങ്കലയുഗത്തില്‍ ആ മനുഷ്യനെ രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ഇതില്‍ നിന്ന് വെളിപ്പെടുന്നു.
വൈവിധ്യപൂര്‍ണവും അസാധാരണവുമായ കഴിവുകള്‍ക്കൊപ്പം ഇവയെ എല്ലാം തളര്‍ത്താനും സംഹരിക്കാനുമുള്ള ഹിംസാത്മകത കൂടി മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതിനാല്‍ എവിടെയെങ്കിലും മനസു തണുപ്പിക്കുന്ന, പ്രത്യാശപരത്തുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ അതു കൂടി ശ്രദ്ധിക്കുവാന്‍ കുഞ്ഞുങ്ങളെയും യുവാക്കളെയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാലത്തെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങള്‍ മനുഷ്യരെ അസ്വസ്ഥരും അതേത്തുടര്‍ന്ന് അക്രമാസക്തരുമാക്കുന്നു. കൊറോണ സ്ഥിതി വഷളാക്കി. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ ലോകത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക തകരാര്‍ ഉള്ളവരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതിനാല്‍ രാജ്യങ്ങള്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക മാറ്റിവയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഹിംസാത്മകമായ മനസിന് സത്യം കണ്ടെത്താനുള്ള കഴിവും അതിനാല്‍ത്തന്നെ മറ്റുള്ളവരെ പരിഗണിക്കാനുള്ളശേഷിയും നഷ്ടപ്പെടും. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നത് ഹിംസയ്ക്കു പുറപ്പെടുന്നവനുള്ള താക്കീതാണ്. ഈ മുന്നറിയിപ്പ് അവഗണിച്ച് ജൈത്രയാത്രക്ക് പുറപ്പെട്ട്, തകര്‍ന്ന് ധൂളിയായി ചിതറിയവരുടെ കഥയാണ് ലോകചരിത്രത്തിന്റെ സിംഹഭാഗവും. വിതയ്ക്കുന്നതിന്റെ വിളവെടുപ്പില്‍ നിന്ന് ഇവിടെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലല്ലോ!