ആഗസ്റ്റ് 20: വിശുദ്ധ ബെര്‍ണാര്‍ദ് വേദപാരംഗതന്‍
മാര്‍പ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ചു സജ്ജമാക്കിയവന്‍. വിശുദ്ധ ഗ്രന്ഥ പണ്ഡിതന്‍. വാഗ്മി, ദൈവമാതൃഭക്തന്‍ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്‌ളെയര്‍വോയിലെ ബെര്‍ണാര്‍ദ് ബര്‍ഗന്ററി യില്‍ 1091-ല്‍ ജനിച്ചു. നിഷ്‌കളങ്കമായി ജീവിക്കാനും കൈയില്‍ കിട്ടിയവയെല്ലാം ധര്‍മ്മം കൊടുക്കാനും ഒരു പ്രവണത ബാലനായ ബെര്‍ണാര്‍ദ് പ്രദര്‍ശിപ്പിച്ചിരുന്നു. തേന്‍പോലെ മധുരമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. മധുവര്‍ഷകനായ വേദപാരംഗതന്‍ (Doctor Mellifluus) എന്ന അപരനാമം അദ്ദേഹത്തിനു നല്കിയതില്‍ ഒട്ടും വിസ്മയത്തിനുവകയില്ല.
23-ാമത്തെ വയസ്സില്‍ ബെര്‍ണാര്‍ദ് തന്റെ സഹോദരന്മാരോടുകൂടെ സൈറേറാ ആ ശ്രമത്തില്‍ പ്രവേശിച്ചു. വിശുദ്ധ സ്റ്റീഫനായിരുന്നു അന്നത്തെ ആബട്ട്. ഓരോ ദിവസവും ബെര്‍ണാര്‍ദു തന്നോടുതന്നെ ചോദിച്ചിരുന്നു: ”ബെര്‍ണാര്‍ദേ, ബെര്‍ണാര്‍ദേ, നീ എന്തിന് ഇവിടെ വന്നു? ഭക്ഷണമേശയെ സമീപിച്ചിരുന്നതു കുരിശുതോളില്‍ വയ്ക്കാന്‍ പോകുന്ന ആളെപ്പോലെയാണ്.
മൂന്നു വര്‍ഷത്തെ ആശ്രമ ജീവിതം കൊണ്ടു ബെര്‍ണാര്‍ദിലുണ്ടായ ആദ്ധ്യാത്മികാഭിവൃദ്ധി കണ്ടു സംതൃപ്തരായ അധികാരികള്‍ അദ്ദേഹത്തെ ക്‌ളെയര്‍വോയില്‍ ആരംഭിച്ച പുതിയ ആശ്രമത്തിന്റെ ആബട്ടായി നിയമിച്ചു. 37 വര്‍ഷം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു; ആ കാലഘട്ടത്തില്‍ അദ്ദേഹം ജര്‍മ്മനി, സ്വീഡന്‍, അയര്‍ലന്റ്, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിലായി 136 ആ ശ്രമങ്ങള്‍ സ്ഥാപിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങള്‍ ഒന്നുകൂടി പ്രാബല്യത്തിലായി; അതിനാല്‍ ബെര്‍ണാദ് ബെനഡിക്ടന്‍ സഭയുടെ ദ്വിതീയ സ്ഥാപകന്‍ എന്ന പേരു നേടി. അദ്ദേഹം ആരംഭിച്ച സിസ്റേറഴ്‌സിയന്‍ സഭയുടെ പ്രസിദ്ധശാഖയാണു ട്രാപ്പിസ്‌ററ്സ്.
ബെര്‍ണാര്‍ദിന്റെ ഒരു ശിഷ്യനാണു എവുജീനിയസു തൃതീയന്‍ പാപ്പാ. മാര്‍പ്പാപ്പയായശേഷവും അദ്ദേഹം ബെര്‍ണാര്‍ദിന്റെ ഉപദേശം ആവശ്യപ്പെട്ടിരുന്നു. ഭാരിച്ച ജോലികളുടെ ഇടയില്‍ ധ്യാനം മുടക്കരുതെന്നായിരുന്നു ബെര്‍ണാര്‍ദിന്റെ പ്രധാനോപദേശം .
ആശ്രമത്തിലെ ഏകാന്തമാണ് ബെര്‍ണാര്‍ദ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും അന്നത്തെ തര്‍ക്കങ്ങളിലെല്ലാം അദ്ദേഹം ഇടപെടേണ്ടിവന്നിരുന്നു. രണ്ടാമത്തേ കുരിശുയുദ്ധം പ്രസംഗിക്കുവാന്‍ മാര്‍പ്പാപ്പാ ബെര്‍ണാര്‍ദിനോടാവശ്യപ്പെട്ടു. രണ്ടു സൈന്യം തയ്യാറാക്കി അദ്ദേഹം പലസ്തീനയിലേക്ക് അയച്ചു; എന്നാല്‍ അവര്‍ തോറ്റുപോയി. യോദ്ധാക്കളുടെ പാപം നിമിത്തമാണു പരാജയമടഞ്ഞതെന്നത്രേ ബെര്‍ണാര്‍ദു പറഞ്ഞത്.
അസാധാരണമായിരുന്നു ബെര്‍ണാര്‍ദിന്റെ ദൈവമാതൃ ഭക്തി. ”പരിശുദ്ധരാജ്ഞി” എന്ന ജപത്തിലെ അവസാന വാക്യവും,’എത്രയും ദയയുള്ള മാതാവേ,” എന്ന ജപവും ബെര്‍ണാര്‍ദ് എഴുതിയതാണ്.
ആശ്രമത്തില്‍ ചേരാന്‍ വന്നിരുന്നവരോടു ബെര്‍ണാര്‍ദ് ഇങ്ങനെ പറഞ്ഞിരുന്നു: ”ഇവിടെ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ ലോകത്തില്‍നിന്നു കൊണ്ടുവന്ന ശരീരം വാതില്‍ക്കല്‍ വയ്ക്കട്ടെ. ഇവിടെ നിങ്ങളുടെ ആത്മാവിനു മാത്രമേ സ്ഥലമുള്ളൂ. ഈ ദൃശമായ തീക്ഷ്ണത അദ്ദേഹത്തിന്റെ ആരോഗ്യത്തിനു ക്ഷതം വരുത്തി. 62-ാമത്തെ വയസ്സില്‍ സ്വര്‍ഗ്ഗീയ സമ്മാനം വാങ്ങിക്കാനായി ഈ ദൈവമാത്യഭക്തന്‍ ഈ ലോകം വിട്ടു.