ആവിലാഗിരി ആശ്രമദേവാലയം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
ഒസിഡി സന്യാസ സമൂഹത്തിന്റെ മലബാര്‍ പ്രൊവിന്‍സിനു കീഴിലെ കൂമ്പാറ ആവിലാഗിരി ആശ്രമ ദേവാലയ രൂപീകരണത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളും ഇതോടൊപ്പം ആഘോഷിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ ഒസിഡി പ്രൊവിന്‍ഷ്യല്‍ ഫാ. പീറ്റര്‍ ചക്യത്ത്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, പുഷ്പഗിരി വികാരി ഫാ. ജോണ്‍സണ്‍ പാഴൂക്കുന്നേൽ, ലിന്റോ ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് കൊറ്റനാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും കലാവിരുന്നും നടന്നു.
വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനും കുമ്പസാരത്തിനുമായി നിരവധി വിശ്വാസികള്‍ ആശ്രമ ദേവാലയത്തിലേക്ക് എത്താറുണ്ട്. നൂതന കൃഷിരീതികള്‍ പിന്തുടരുന്ന പ്ലാന്റേഷന്‍ ആശ്രമ ദേവാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.