വിലങ്ങാട് പുനരധിവാസ പദ്ധതി: ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും നാളെ


പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വിലങ്ങാടിന് താങ്ങായി കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമാപനവും രണ്ടാം ഘട്ട ഉദ്ഘാടനവും നാളെ (മേയ് 14) വൈകുന്നേരം നാലിന് സെന്റ് അല്‍ഫോന്‍സ ദേവാലയാങ്കണത്തില്‍ നടക്കും.

കെസിബിസി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. വീടുകളുടെ താക്കോല്‍ദാനം മാര്‍ ജോസഫ് പാംപ്ലാനിയും വടകര എംപി ഷാഫി പറമ്പിലും ചേര്‍ന്ന് നടത്തും. ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ഘാടനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും നിയുക്ത നാദാപുരം എംഎല്‍എ കെ. എം. അഭിജിത്തും നിര്‍വ്വഹിക്കും.

2024 ജൂലൈ 29-ന് രാത്രിയിലാണ് വിലങ്ങാട്ടില്‍ നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്ത നിമിഷം മുതല്‍ താമരശ്ശേരി രൂപത വിലങ്ങാടിന്റെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടായിരുന്നു. കെസിബിസിയുടെ നിര്‍ദ്ദേശപ്രകാരം കേരള സോഷ്യല്‍ സര്‍വീസ് ഫോറവും താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആദ്യഘട്ടത്തില്‍ 41 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനമെങ്കിലും ദുരിതബാധിതരുടെ എണ്ണം മനസ്സിലാക്കി പദ്ധതി 70 വീടുകളായി ഉയര്‍ത്തുകയായിരുന്നു. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ സ്‌നേഹഭവനങ്ങളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

പുതുതായി 8 വീടുകള്‍ കൂടി നിര്‍മ്മിക്കുക, ജനങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുക, പ്രകൃതി ദുരന്തങ്ങളില്‍ ഇടപെടാന്‍ പ്രാപ്തരായ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് സിഒഡി രൂപത ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പറഞ്ഞു.

സിഒഡി പ്രസിഡന്റ് മോണ്‍. അബ്രഹാം വയലില്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെസിബിസി പ്രതിനിധികളായ ഫാ. തോമസ് തറയില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്, ദേവഗിരി കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി, അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്റ്റേഴ്‌സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെസീന എസി, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ജീസസ് യൂത്ത് ആനിമേറ്റര്‍ റെജി ജെ. കരോട്ട് വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, മേപ്പയ്യൂര്‍ സലാഫിയ കോളജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിക്കും.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.