സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന് നിറച്ചാര്‍ത്തേകുന്നത് താമരശ്ശേരി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനി ആന്‍ലിയ തെരേസ് സജിയുടെ സര്‍ഗാത്മക ചിത്രമാണ്. സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ആന്‍ലിയ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്.
‘കേരള സംസ്ഥാന ശിശുക്ഷേമ സമിതി: കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിന്റെ അവസാന റൗണ്ടില്‍ മാറ്റുരച്ച എണ്ണൂറോളം പ്രതിഭകളെ പിന്നിലാക്കിയാണ് ആന്‍ലിയ ഒന്നാമതെത്തിയത്. താമരശ്ശേരി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.

ആകാശനീലിമയുടെ പശ്ചാത്തലത്തില്‍, കരുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി തുറന്നുവച്ച പുസ്തകത്തിന് സമാനമായ സമിതിയുടെ കൈക്കുമ്പിളില്‍ ആനന്ദത്തോടെ കഴിയുന്ന കുരുന്നുകളെയാണ് ആന്‍ലിയ തന്റെ ചിത്രത്തിലൂടെ ആവിഷ്കരിച്ചത്. ശിശുക്ഷേമ സമിതിയുടെ ഏഴര പതിറ്റാണ്ട് നീളുന്ന സേവനചരിത്രവും കുട്ടികള്‍ക്ക് നല്കുന്ന സംരക്ഷണവും പ്രതീക്ഷയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ചിത്രം.
അമ്മത്തൊട്ടിലുകള്‍, ശിശുപരിചരണ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ സംരക്ഷണത്തിന്റെ തണലിലെത്തുന്ന കുഞ്ഞുങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് സമിതി എല്ലാ വര്‍ഷവും ശിശുദിന സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഈ വലിയ സാമൂഹിക ദൗത്യത്തിന് തന്റെ കലാപ്രതിഭയിലൂടെ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആന്‍ലിയ.
താമരശ്ശേരി രൂപതയിലെ പുതുപ്പാടി മെഴുകനാല്‍ സജി ജോസഫിന്റെയും മിനി മാനുവലിന്റെയും മകളാണ് ആന്‍ലിയ. സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ അധ്യാപകനാണ് പിതാവ് സജി. മാതാവ് മിനി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളില്‍ അധ്യാപികയാണ്. സ്കൂള്‍, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഇതിനകം നിരവധി ചിത്രരചനാ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ആന്‍ലിയയുടെ കലാജീവിതത്തിലെ സുപ്രധാന നേട്ടമായി മാറുകയാണ് ഈ അംഗീകാരം.
നവംബര്‍ 14-ന് തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായി, രാവിലെ ശിശുദിന റാലിക്കുശേഷം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ സ്റ്റാമ്പിന്റെ ഔദ്യോഗിക പ്രകാശനം നടക്കും. ചടങ്ങില്‍ ആന്‍ലിയയ്ക്കും താമരശ്ശേരി അല്‍ഫോന്‍സ സ്കൂളിനും പുരസ്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി അറിയിച്ചു.