50 കോടിയുടെ ജീവന്‍രക്ഷാ ദൗത്യം: കല്ലുരുട്ടിയിലെ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മാര്‍ റാഫേല്‍ തട്ടില്‍


കല്ലുരുട്ടിയിലെ എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകള്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനോടൊപ്പം ഇന്ന് രാവിലെ ഏഴേകാലോടെ കുഞ്ഞുങ്ങളുടെ വസതിയിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്, അരുണ്‍-ഷാല്‍മി ദമ്പതികളുടെ മക്കളെ നേരില്‍ കണ്ട് അനുഗ്രഹിക്കുകയും കുടുംബത്തിന് സഭയുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.

അപൂര്‍വ്വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച ഡേവിഡ് മാഗ്‌നസ്, ഈഥന്‍ മോസസ്, ഒലിവര്‍ ജോനാ എന്നീ ട്രിപ്പ്ലറ്റ് കുഞ്ഞുങ്ങളെ കാണാനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും അതിരാവിലെ കല്ലുരുട്ടിയിലെത്തിയത്. മാതാപിതാക്കളായ അരുണിനോടും ഷാല്‍മിയോടും കുഞ്ഞുങ്ങളുടെ ആരോഗ്യവിവരങ്ങളും ചികിത്സാ പുരോഗതിയും ഇരുവരും നേരിട്ട് ചോദിച്ചറിഞ്ഞു. ‘ഇവിടെ വന്നിട്ട് കാണാതെ പോയാല്‍ സങ്കടമാകുമെന്ന് തോന്നിയതുകൊണ്ടാണ് എത്തിയത്’ എന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്‌നേഹനിര്‍ഭരമായ വാക്കുകള്‍ കുടുംബത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.

ഒറ്റപ്രസവത്തില്‍ പിറന്ന ഈ മൂന്ന് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വയസ്സും എട്ട് മാസവുമാണ് പ്രായം. എട്ടാം മാസത്തില്‍ പ്രീമെച്വര്‍ ആയി ജനിച്ചതുകൊണ്ട് വളര്‍ച്ചയിലുണ്ടാകുന്ന സ്വാഭാവിക താമസമാണെന്നാണ് ആദ്യം കരുതിയിരുന്നത്. ഒരു വയസ്സായപ്പോള്‍ മുതല്‍ ഫിസിയോതെറാപ്പി നല്‍കി വന്നിരുന്നെങ്കിലും പിന്നീടാണ് എസ്.എം.എ രോഗം സ്ഥിരീകരിച്ചത്. രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ജീന്‍ തെറാപ്പി നടത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഇനി 19 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മൂവരുടെയും ജീന്‍ തെറാപ്പിക്കും തുടര്‍ചികിത്സയ്ക്കുമായി 50 കോടി രൂപയോളം വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഭീമമായ തുക എത്രയും വേഗം കണ്ടെത്താന്‍ കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി രംഗത്തുണ്ട്. ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോര്‍ത്ത് രൂപീകരിച്ച വിപുലമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ബിരിയാണി, പായസം, ചായ ചാലഞ്ചുകള്‍, ഗാനവിരുന്നുകള്‍, സൗഹൃദ-സെലിബ്രിറ്റി ഫുട്‌ബോള്‍ ടൂണമെന്റുകള്‍, വീടുകള്‍ കയറിയുള്ള ധനസമാഹരണം എന്നിവയിലൂടെയെല്ലാം സഹായം ഒഴുകിയെത്തുന്നു. തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും സമൂഹമാധ്യമങ്ങളിലൂടെയുള്ള കൂട്ടായ്മകളും ഈ ജീവന്‍രക്ഷാ ദൗത്യത്തില്‍ പങ്കാളികളാണ്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സന്ദര്‍ശനവും പിന്തുണയും ഈ ജനകീയ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്.

Author

  • MV Desk

    താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *