ഏപ്രില്‍ 7: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദെ ലാസാല്‍
ഫ്രാന്‍സില്‍ സമ്പന്നമായ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ജനിച്ചു. സുമുഖനായിരുന്ന ജോണ്‍ 27-ാമത്തെ വയസ്സില്‍ പുരോഹിതനായി. വൈദികലോകത്ത് ഒരു ഉയര്‍ന്ന സ്ഥാനം ന്യായമായി ജോണിനു പ്രതീക്ഷിക്കാമായിരുന്നെങ്കിലും അദ്ദേഹം റാവെനില്‍ ദരിദ്രബാലന്മാര്‍ക്ക് സ്‌ക്കൂള്‍ നടത്താനാണ് തീരുമാനമെടുത്തത്. ആദ്യം അധ്യാപകജോലി വിരസമായിത്തോന്നിയെങ്കിലും ക്രമേണ പൂര്‍ണ്ണഹൃദയവും വിദ്യാഭ്യാസത്തിനു സമര്‍പ്പിക്കാന്‍ തുടങ്ങി.
റീംസിലെ കാനണ്‍ സ്ഥാനവും കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ച് സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകി. ‘ക്രിസ്തീയ സഹോദരന്മാര്‍’ എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. ഈ സഭ അതിവേഗം വളര്‍ന്നു. കുട്ടികളെ പഠിപ്പിക്കാനും അധ്യാപകര്‍ക്ക് ശിക്ഷണം നല്കാനും പുതിയ പദ്ധതികള്‍ അദ്ദേഹം ആരംഭിച്ചു. തന്നിമിത്തം മറ്റു സ്‌ക്കൂളുകള്‍ അസൂയാലുക്കളായി. ജാന്‍സെനിസ്റ്റ് പാഷണ്ഡികള്‍ അദ്ദേഹത്തെ എതിര്‍ത്തു. ഏങ്ങലും വാതവും പിടിച്ച് 69-ാമത്തെ വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 1900-ാമാണ്ടില്‍ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു. 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.