നാല്‍പ്പതു വര്‍ഷത്തെ കൂട്ടായ്മയ്ക്കും വിശ്വാസവളര്‍ച്ചയ്ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി സമാപന സമ്മേളനത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംബ്ലാനി, റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാര്‍. ജോസ് പൊരുന്നേടം, ജോസഫ് മാര്‍ തോമസ്, റവ. ഡോ. അലക്സ് വടക്കുംതല, മാര്‍ തോമസ് ഇലവനാല്‍, മാര്‍ അലക്സ് താരാമംഗലം, ഡോ. ഡെന്നീസ് കുറപ്പശ്ശേരി എന്നിവര്‍ക്ക് വിശ്വാസിസമൂഹം ഉജ്ജ്വല സ്വീകരണം നല്കി.
മേജര്‍ ആര്‍ച്ച് ബിഷപ്പിനെ താമരശ്ശേരി രൂപതാ മെത്രാന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ വൈദികരും സമര്‍പ്പിതരും ആയിരക്കണക്കിന് വിശ്വാസികളും ചേര്‍ന്ന് ഊഷ്മളമായി വരവേറ്റു. മലബാര്‍ കുടിയേറ്റ ജനതയുടെ വിശ്വാസതീക്ഷ്ണതയുടെ സാക്ഷ്യമായി മാറിയ പുല്ലൂരാംപാറയിലേക്ക് വിവിധ ഇടവകകളില്‍ നിന്നായി രാവിലെ മുതല്‍ തന്നെ വിശ്വാസികളെത്തിയിരുന്നു.
കൃതജ്ഞതാ ദിവ്യബലിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. മറ്റു മെത്രാന്മാരും താമരശ്ശേരി രൂപതയിലെ വൈദികരും സഹകാര്‍മികരാകും.
ദിവ്യബലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്. താമരശ്ശേരി രൂപതയുടെ വരുംകാലത്തേക്കുള്ള സുപ്രധാന ചുവടുവെപ്പുകളായ രൂപതാ ഡിജിറ്റലൈസേഷന്, കുടിയേറ്റ ചരിത്ര മ്യൂസിയം, പുതിയ വിഷ്വല്‍ മീഡിയ സംരംഭങ്ങളുടെ ലോഞ്ചിങ് തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങള്‍ ഇന്നത്തെ വേദിയില്‍ നടക്കും. സപ്തതി ആഘോഷിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ചടങ്ങില്‍ ആദരിക്കും.
സമാപന ചടങ്ങുകളുടെ ലൈവ് കാണാന്‍ ക്ലിക്ക് ചെയ്യു:
https://youtube.com/live/vf12GlPCLk8?feature=share