101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 26-ാം വര്‍ഷം ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് മുഖ്യനിയോഗങ്ങള്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരി തെളിച്ചു ജപമാല സമര്‍പ്പണ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര, ഫാ. കുര്യാക്കോസ് മുഖാലയില്, ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, ഫാ. ദീപു വള്ളിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
നിരവധി പേരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ 26 വര്‍ഷത്തെ ശുശ്രൂഷകളിലൂടെ ബഥാനിയാ ധ്യാനകേന്ദ്രത്തിന് സാധിച്ചെന്ന് വചനസന്ദേശം പങ്കുവച്ച് ബിഷപ് പറഞ്ഞു. ലോകസമാധാനം അനിവാര്യമായ കാലഘട്ടമാണിത്. ലോകസമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തിലാണ് ഈ വര്‍ഷത്തെ ജപമാല സമര്‍പ്പണം ആരംഭിക്കുന്നത്. ഇത് വലിയ ദൈവാനുഗ്രഹമാണ്. തിന്മയുടെ ശക്തിയെ തകര്‍ത്ത കാര്‍മ്മല്‍ മലയ്ക്ക് സമാനമാണ് ദിവ്യകാരുണ്യത്തിനു മുന്നില്‍ പരിശുദ്ധ അമ്മയ്ക്കൊപ്പം 101 ദിനരാത്രങ്ങള്‍ ആയിരിക്കുന്നത്. യുദ്ധക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
പെസഹാ രഹസ്യത്തിന്റെ ആഴങ്ങളിലേക്ക് ഈ കാലയളവില്‍ പരിശുദ്ധ അമ്മയോടൊപ്പം യാത്ര ചെയ്യാം. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന് മുന്‍പ് ഒരോ പ്രദേശങ്ങളെയും മാതാവ് ഒരുക്കി, സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു.
പരിശുദ്ധ അമ്മ സ്വര്‍ഗ്ഗീയ റാണിയാണ്. ലോകമെങ്ങും അത്ഭുതങ്ങളും അടയാളങ്ങളും പരിശുദ്ധ അമ്മയിലൂടെ ലഭിക്കുന്നത് അതിനാലാണ്. യേശുവില്‍ എത്തിച്ചേരാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം പരിശുദ്ധ അമ്മയോടൊപ്പം സഞ്ചരിക്കുക എന്നതാണ് -ബിഷപ് കൂട്ടിച്ചേര്‍ത്തു.
അഖണ്ഡ ജപമാല സമര്‍പ്പണത്തോട് അനുബന്ധിച്ച് ബഥാനിയായില്‍ എല്ലാ ദിവസവും കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ആരാധനയുണ്ടാകും. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകിട്ട് ഏഴിനും ദിവ്യബലിയര്‍പ്പണം നടക്കും. എല്ലാ ദിവസവും പകല്‍ മൂന്നിനും പുലര്‍ച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും നേര്‍ച്ച ഭക്ഷണമുണ്ട്. ഒക്ടോബര്‍ 24-ന് സമാപിക്കും.
ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. അജിത്ത് വെളിയത്ത്, ഫാ. ആല്ബിന് വിലങ്ങുപാറ, ഫാ. അബ്രാഹം തറത്തട്ടേല്‍ OSH എന്നിവര്‍ നേതൃത്വം നല്‍കും.
