താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ ഇടയനും കല്യാണ്‍ രൂപതയുടെ പ്രഥമ ഇടയനുമായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ ആറാം ചരമ വാര്‍ഷികം താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ സമുചിതമായി ആചരിച്ചു. അനുസ്മരണ ശുശ്രൂഷകള്‍ക്ക് മുന്‍ കല്യാണ്‍ ബിഷപ് മാര്‍ തോമസ് ഇലവനാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
മുംബൈ പോലെ തീര്‍ത്തും അപരിചിതമായ അന്തരീക്ഷത്തില്‍, ലാറ്റിന്‍ രൂപതയുടെ സഹകരണത്തോടെ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി വസിച്ചിരുന്ന സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിച്ച് ഇടവകകളും തുടര്‍ന്ന് കല്യാണ്‍ രൂപതയും സ്ഥാപിക്കാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി സഹിച്ച ത്യാഗങ്ങളെ മാര്‍ തോമസ് ഇലവനാല്‍ അനുസ്മരിച്ചു. എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ അവയോട് പൊരുതാതെ ലക്ഷ്യത്തിനായി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനാണ് ഈശോ പറയുന്നതെന്ന പിതാവിന്റെ വാക്കുകള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. പ്രതിസന്ധികളിലും ദൈവത്തിനായി നിലകൊള്ളുന്നതായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ആത്മീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറോ മലബാര്‍ കൂരിയ ചാന്‍സിലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തില്‍, കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ അനുസ്മരണ ശുശ്രൂഷയില്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
ചടങ്ങുകള്‍ക്ക് രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ കോനുക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രൂപതയിലെ വൈദികരും സിസ്റ്റേഴ്‌സും വൈദിക വിദ്യാര്‍ഥികളും നിരവധി വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.



