365 ദിവസവും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്തു; 13 കുട്ടികള്‍ക്ക് സൈക്കിളുകളും ബാഡ്മിന്റന്‍ റാക്കറ്റുകളും സമ്മാനിച്ച് മരുതോങ്കര ഫൊറോന ദേവാലയം


മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് പശുക്കടവ് സെന്റ് ബെനഡിക്ടൈന്‍ ആശ്രമത്തിലെ സുപ്പീരിയര്‍ ഫാ. ആന്റണി പുല്ലാട്ടുകുന്നേല്‍ ഒ.എസ്.ബി. മുഖ്യകാര്‍മികത്വം വഹിച്ചു.

2025 ജൂണ്‍ 1 മുതല്‍ 2026 മെയ് 31 വരെ 365 ദിവസവും മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത 13 കുട്ടികളെ ഇടവക പ്രത്യേകം ആദരിച്ചു. കുട്ടികള്‍ക്കുള്ള ഇടവകയുടെ സ്‌നേഹോപഹാരമായി സൈക്കിളുകളും ബാഡ്മിന്റന്‍ റാക്കറ്റുകളും സമ്മാനമായി നല്‍കി.

വിശുദ്ധ കുര്‍ബാനയോടുള്ള കുട്ടികളുടെ വിശ്വാസജീവിതവും തുടര്‍ച്ചയായ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പ്രത്യേക ആദരവും സമ്മാനവിതരണവും സംഘടിപ്പിച്ചതെന്ന് മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ ജോണ്‍ മൂലയില്‍ അറിയിച്ചു.

തിരുനാളിനോടനുബന്ധിച്ച് ലദീഞ്ഞും മാതാക്കളുടെയും മാതൃവേദി അംഗങ്ങളുടെയും കാഴ്ചവെപ്പ് നടത്തി. ഇടവകയിലെ നാസിക് ഡോള്‍ സംഘം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്‌നേഹവിരുന്നും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.