Special Story

മാനസികപ്രശ്‌നങ്ങള്‍ വിവാഹത്തെ അസാധുവാക്കുമോ?


ചോദ്യം: മാനസികപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ ഏര്‍പ്പെടുന്ന വിവാഹം അസാധുവാണെന്നു കേട്ടിട്ടുണ്ട്. സഭാകോടതികളിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അറിയുന്നു. ഇതുമായി ബന്ധപ്പെട്ട സഭാനിയമം വിശദീകരിക്കാമോ? മാനസികപ്രശ്‌നങ്ങള്‍ വിവിധ ഗ്രേഡുകളില്‍ ഉണ്ടെന്നതും നിയമം കണക്കിലെടുക്കുന്നുണ്ടോ?

മാനസികപ്രശ്‌നങ്ങളുള്ള ഒരു വ്യക്തിക്കു വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ എന്താണു തടസം എന്ന ചോദ്യത്തിന്റെ ഉത്തരം, എന്താണു വിവാഹം എന്നതും വിവാഹമെന്ന കൂദാശ അതു സ്വീകരിക്കുന്ന രണ്ടു വ്യക്തികളില്‍നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്നതും വിശകലനം ചെയ്യുമ്പോഴാണ് ലഭിക്കുന്നത്. അതിനാല്‍ വിവാഹത്തെക്കുറിച്ചും വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികളുടെ ദൗത്യത്തെക്കുറിച്ചും നിയമം പറയുന്നത് എന്താണെന്ന് ആദ്യം പരിശോധിക്കാം.

പൗര്യസ്ത്യസഭാനിയമം വിവാഹത്തില്‍ നല്‍കുന്ന സമ്മതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗത്ത് ഇപ്രകാരം പറയുന്നു: ”വിവാഹം നടത്തുവാന്‍ കഴിവില്ലാത്തവര്‍ താഴെപ്പറയുന്നവരാണ്. 1. വേണ്ടുവോളം ആലോചനാശേഷി ഇല്ലാത്തവര്‍. 2. പരസ്പരം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട വൈവാഹികജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയുമുള്ള വിവേചനാശക്തിക്കു ഗുരുതരമായ തകരാറു പറ്റിയിട്ടുള്ളവര്‍. 3. മാനസികസ്വഭാവത്തിന്റെ കാരണങ്ങള്‍കൊണ്ടു വൈവാഹിക ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകള്‍ ഏറ്റെടുക്കുവാന്‍ കഴിയാത്തവര്‍” (c.818). ലത്തീന്‍ സഭാനിയമത്തിലും ഇതേ കാര്യംതന്നെയാണു പറയുന്നത് (c.1095).

സഭാനിയമ വായനയില്‍നിന്നു രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന്, വേണ്ടുവോളം ആലോചനാശേഷിയില്ലാത്തവര്‍ക്കും വിവേചനാശക്തിക്കു ഗുരുതരമായ തകരാറു പറ്റിയിട്ടുള്ളവര്‍ക്കും വിവാഹജീവിതത്തിന്റെ കടമകളുടെ നിര്‍വ്വഹണം നടത്താന്‍ സാധിക്കാത്തരീതിയില്‍ മാനസികബുദ്ധിമുട്ടുള്ളവര്‍ക്കുമാണ് സഭാനിയമം വിവാഹം നിഷേധിക്കുന്നത്. രണ്ട്, വൈവാഹികജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകളുടെ നിര്‍വഹണം വിവാഹിതരാകുന്ന വ്യക്തികള്‍ ഏറ്റെടുക്കണം.

എന്താണു വിവാഹം എന്നതും വിവാഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധതലങ്ങള്‍ ഏതെന്നും സഭാനിയമം കൃത്യമായി നിര്‍വചിക്കുന്നുണ്ട്. 1. വിവാഹം സ്രഷ്ടാവു സ്ഥാപിച്ചതാണ്. 2. വിവാഹം ദൈവികനിയമങ്ങള്‍വഴി ക്രമപ്പെടുത്തിയിരിക്കുന്നതാണ്. 3. ഒരു ഉടമ്പടിയിലൂടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു പങ്കാളിത്തമാണ് വിവാഹം. 4. ദമ്പതികളുടെ നന്മ ഉറപ്പുവരുത്തുന്നു. 5. വിവാഹത്തിലൂടെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കണം. 6. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണം. 7. വിവാഹം ഒരു വ്യക്തിയുടെകൂടെ മാത്രമുള്ള ബന്ധമാണ്. 8. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ട ബന്ധമാണ് വിവാഹത്തിലൂടെ സ്ഥാപിക്കപ്പെടുന്നത് (CCEO c. 766, CIC c. 1055).

ഒരു വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു പറയുന്നത് വധൂവരന്മാര്‍ പരസ്പരം നല്‍കുന്ന സമ്മതമാണ്. വിവാഹസമ്മതത്തെക്കുറിച്ചും സഭാനിയമം കൃത്യമായ ധാരണ നല്‍കുന്നുണ്ട്. ഒരു സ്ത്രീയും പുരുഷനും പിന്‍വലിക്കാന്‍ പാടില്ലാത്തവിധം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇച്ഛയുടെ പ്രവൃത്തിയാണ് വിവാഹസമ്മതം. ദമ്പതികള്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെയും സമ്മതത്തോടെയും നല്‍കേണ്ട ഈ സമ്മതം മൂന്നാമതൊരാള്‍ക്ക് (ഉദാ. മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക്) വധൂവരന്മാര്‍ക്കുവേണ്ടി നല്‍ക്കാനാവില്ല (CCEO c. 817, CIC c. 1057).

ഇവിടെ പരിശോധിച്ച സഭാനിയമങ്ങളില്‍നിന്നു വ്യക്തമാകുന്ന കാര്യം വിവാഹമെന്ന കൂദാശയുടെ സ്വീകരണത്തിന് അതിലേര്‍പ്പെടുന്ന വ്യക്തികള്‍ ശാരീരികമായും മാനസികമായും ഒരുക്കമുള്ളവരും കഴിവുള്ളവരും ആഭിമുഖ്യമുള്ളവരുമായിരിക്കണം എന്നുള്ളതാണ്. വിവാഹത്തെ സൃഷ്ടിക്കുന്ന വിവാഹസമ്മതം വധൂവരന്മാര്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ വിവാഹത്തിലൂടെ ദൈവവും സഭയും ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സന്നദ്ധതയുടെ ഏറ്റുപറച്ചില്‍കൂടിയാണു നടക്കുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ വേണ്ടത്ര ആലോചനാശേഷിയും വിവേചനാശക്തിയും വിവാഹം ഏല്‍പ്പിക്കുന്ന ദൗത്യനിര്‍വഹണത്തിനു ആവശ്യമായ മാനസികാരോഗ്യവും ഇതിനാവശ്യമാണ് എന്നര്‍ത്ഥം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും ഗൗരവവും മനസിലാക്കാന്‍ സാധിക്കാത്തവിധം മാനസികവൈകല്യമുള്ള ഒരു വ്യക്തിയെ വിവാഹത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്നു സഭാനിയമങ്ങള്‍ വിലക്കുന്നുണ്ട്.

അടുത്ത ഒരു ചോദ്യം പ്രസക്തമാണ്. ആലോചനാശേഷിയും വിവേചനാശക്തിയും ദൗത്യനിര്‍വഹണത്തിനുള്ള മാനസികശേഷിയും വിവാഹത്തില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും അതിന്റെ പൂര്‍ണതയില്‍ ഉണ്ടോ? ഇല്ല എന്നുതന്നെയാണു ഉത്തരം. മേല്‍പ്പറഞ്ഞ ഗുണങ്ങളൊന്നും അതിന്റെ പൂര്‍ണതയില്‍ ആര്‍ക്കും അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെയാണു വിവാഹിതരാകുന്നവര്‍ക്ക് ‘ആവശ്യമായ’ ആലോചനാശേഷിയും വിവേചനാശക്തിയും കാര്യനിര്‍വഹണശേഷിയും ഉണ്ടായിരിക്കണമെന്നു സഭാനിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നുവച്ചാല്‍ വിവാഹബന്ധത്തിന്റെ സ്വഭാവം ആവശ്യപ്പെടുന്ന ഗൗരവബോധവും വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള സാധാരണമായ പ്രാപ്തിയും ഉള്ളവര്‍ക്കു വിവാഹം കഴിക്കാം എന്നര്‍ത്ഥം. ചില വ്യക്തികള്‍ക്കു മേല്‍പ്പറഞ്ഞ കഴിവുകളുടെ ഗുരുതരമായ അഭാവത്തില്‍ ഒരുമിച്ചുള്ള ജീവിതം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനോ ദാമ്പത്യജിവിതത്തിന്റെ സ്വഭാവം മനസിലാക്കുന്നതിനോ ജീവിതപങ്കാളിയുടെയും മക്കളുടെയും നേര്‍ക്കുള്ള കടമകള്‍ നിറവേറ്റുന്നതിനോ സാധിക്കാതെവരുന്നു. ഇങ്ങനെയുള്ളവരെയാണു വിവാഹത്തില്‍നിന്നു സഭാനിയമം വിലക്കിയിരിക്കുന്നത്.

അടുത്ത പ്രധാനപ്പെട്ട ചോദ്യം ആരാണു ഒരു വ്യക്തിയുടെ മാനസികശേഷി നിര്‍ണയിക്കുന്നത് എന്നതാണ്. നമ്മുടെ സംസ്‌കാരത്തില്‍ മാനസിക ബുദ്ധിമുട്ടുകളും വൈകല്യങ്ങളും മൂടിവയ്ക്കുന്ന പ്രവണതയാണ് ഇപ്പോഴുമുള്ളത്. വിവാഹ ഒരുക്കത്തിന്റെ സമയത്തു ബഹു. വികാരിയച്ചന്മാര്‍ക്കു ഇതു വലിയ പ്രായോഗികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെടാറുണ്ട്. കടുത്ത മാനസിക വൈകല്യമുള്ളവരുടെപോലും മാതാപിതാക്കളോ കുടുംബാംഗങ്ങളോ അതു അംഗീകരിക്കാന്‍ പലപ്പോഴും തയ്യാറാവില്ല എന്നുമാത്രമല്ല വിവാഹത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആരോഗ്യമേഖലയിലെ വിദഗ്ധരുടെ സഹായം തേടുകമാത്രമാണ് പരിഹാരമാര്‍ഗം.

ഒരു വ്യക്തിയില്‍ കാണുന്ന മാനസികവൈകല്യങ്ങള്‍ വിവാഹത്തിന്റെ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതില്‍നിന്നു ആ വ്യക്തിയെ എത്രമാത്രം തടസപ്പെടുത്തുന്നു എന്ന് നിശ്ചയിക്കേണ്ടത് മാനസികരോഗവിദഗ്ധരാണ്. സഭാകോടതികളില്‍ വിവാഹകേസ് ഫയല്‍ ചെയ്യപ്പെടുമ്പോഴും ഈ മേഖലയില്‍ വിദഗ്ധരുടെ അഭിപ്രായമാണ് കണക്കിലെടുക്കുന്നത്.

മേല്‍പ്പറഞ്ഞതില്‍നിന്നു ചോദ്യകര്‍ത്താവിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരമായി കഠിനമായ മാനസികരോഗമുള്ള ഒരു വ്യക്തി വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അതു അസാധുവായിരിക്കും. കാരണം, പൂര്‍ണമായ സ്വാതന്ത്ര്യവും തിരിച്ചറിവും കാര്യഗൗരവവും ഇല്ലാത്തയാള്‍ക്കു വിവാഹത്തിന്റെ സമ്മതം നല്‍കാനും സ്വീകരിക്കാനും കഴിയില്ല എന്നതുതന്നെ. വിവാഹത്തിന്റെ സമയത്തു സമ്മതം കൊടുക്കുമ്പോള്‍ ഒരു വ്യക്തി അനുഭവിക്കുന്ന കഠിനമായ മാനസികപ്രശ്‌നങ്ങളാണു വിവാഹത്തെ അസാധുവാക്കുന്നത്. എന്നാല്‍ സാധുവായ വിവാഹം നടത്തിയതിനുശേഷം ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കു മാനസികരോഗം അതിന്റെ മൂര്‍ധന്യത്തില്‍ വന്നാലും ആ വിവാഹം അസാധുവായി കണക്കാക്കുന്നില്ല. കാരണം, വിവാഹത്തിനുള്ള സമ്മതം കൊടുത്തപ്പോള്‍ ആ വ്യക്തിക്കു അതിനുള്ള മാനസികമായ ശേഷിയും കഴിവും ഉണ്ടായിരുന്നു. സാധുവായ ഒരു വിവാഹത്തെ സംരക്ഷിക്കുന്നതിന് എല്ലാവര്‍ക്കും ബാധ്യതയുണ്ട് എന്നതാണു സഭാനിയമത്തിന്റെ ചൈതന്യം. അതിനായി ത്യാഗങ്ങള്‍ ഏറ്റെടുത്തും ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ വിവാഹജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നു നിയമം അനുശാസിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *