ടാഫ്കോസ് പ്രവര്‍ത്തനം ആരംഭിച്ചു


താമരശേരി അഗ്രികള്‍ച്ചര്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി (ടാഫ്കോസ്) ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി കോരങ്ങാട് അല്‍ഫോന്‍സ ആര്‍കേഡില്‍ ആരംഭിച്ച ഓഫീസ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ കര്‍ഷകര്‍ക്കായി രൂപീകരിച്ച ടാഫ്കോസില്‍ ഒട്ടേറെകാര്യങ്ങളാണ് കര്‍ഷകര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതെന്നും കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ മാതൃകാപരമായാണ് ടാഫ്കോസ് ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ജീവിതത്തില്‍ വളരെ പോസറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ടാഫ്കോസിനു സാധിക്കുമെന്നതില്‍ സംശയമില്ലെന്നും സഹകരണ മേഖലയില്‍ താമരശ്ശേരി രൂപത ഇത്തരമൊരു സംരഭം തുടങ്ങിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ ജോയി കണ്ണഞ്ചിറയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കോഴികോട് ജോയിന്റ് രജിസിട്രാര്‍ ജനറല്‍ ബി.സുധ ഷെയര്‍സ്വീകരിച്ചു. താമരശേരി രൂപത ജനറല്‍ മോണ്‍. ഏബ്രഹാം വയലില്‍, ദീപിക എം. ഡി. ഫാ. ബെന്നി മുണ്ടനാട്ട്, ടാഫ്കോസ് പ്രസിഡന്റ് ഫാ. സായി പാറന്‍കുളങ്ങര, കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, വാര്‍ഡ് മെമ്പര്‍ വി. എം. രാജു, താമരശേരി അസി. രജിസ്ട്രാര്‍ ജനറല്‍ വിനു, ടാഫ്കോസ് വൈസ് പ്രസിഡന്റ് പി. പി. അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷക രക്ഷ എന്ന ആശയത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണക്കാരിലേക്ക് എളുപ്പത്തില്‍ എത്തിക്കുകയാണ് ടാഫ്കോസിന്റെ ലക്ഷ്യം. സൊസൈറ്റി കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വിദേശപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണ്ണവായ്പ്പയും മറ്റ് വിവിധ വായ്പാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായി നിക്ഷേപ പദ്ധതികളും ബാങ്ക് ലക്ഷ്യമിടുന്നു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.