സെപ്റ്റംബര്‍ 11: വിശുദ്ധ പഫ്നൂഷ്യസ്
ഈജിപ്തിലെ മരുഭൂമിയില്‍ മഹനായ വിശുദ്ധ ആന്റണിയോടുകൂടി കുറേക്കാലം ചെലവഴിച്ച പഫ്നൂഷ്യസ് അപ്പര്‍ തെബായിസ്സിലെ മെത്രാനായിരുന്നു. മാക്‌സിമിന്‍ഡയായുടെ കാലത്ത് മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും വലതു കണ്ണു തുരന്നുകളഞ്ഞു. പിന്നീട് അദ്ദേഹത്തെ ഖനികളില്‍ ജോലി ചെയ്യാന്‍ അയയ്ക്കുകയാണുണ്ടായത്. കുറേ കഴിഞ്ഞ് അദ്ദേഹത്തിന് സ്വന്തം രൂപതയിലേക്കു മടങ്ങിപ്പോകാന്‍ സ്വാതന്ത്യം ലഭിച്ചു.
വിശ്വാസത്തിനുവേണ്ടി വളരെയേറെ സഹിച്ച ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിനു നിഖ്യാസൂനഹദോസില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. വിശുദ്ധ അത്തനേഷ്യസ്സിനോട് വലിയ മൈത്രിയിലായിരുന്നു ബിഷപ് പഫ്നൂഷ്യസ്. 335-ല്‍ ടയര്‍സൂനഹദോസിലേക്ക് അവര്‍ രണ്ടുപേരും കൂടിയാണു പോയത്. അവിടെ പലരും ആര്യന്‍ പാഷണ്ഡത സ്വീകരിച്ചവരായിരുന്നു. അവരുടെ ഗണത്തില്‍ തന്നെപ്പോലെ ഒരു ദൃഷ്ടി നഷ്ടപ്പെട്ടിരുന്ന ജെറൂസലെം ബിഷപ് മാക്‌സിമൂസിനെ കണ്ടപ്പോള്‍ അദ്ദേഹത്തിനു സങ്കടം തോന്നി. അദ്ദേഹത്തെ തനിച്ചു വിളിച്ചുകൊണ്ടു പോയി വിശ്വാസത്തിന്റെ മൗലികതത്വം നിഷേധിക്കാന്‍ ഇടയാകരുതെന്ന് അഭ്യര്‍ത്ഥിച്ചു.
പഫ്നൂഷ്യസ് എങ്ങനെ മരിച്ചുവെന്ന വിവരം ഇനിയും ലഭ്യമായിട്ടില്ല. റോമന്‍ മാര്‍ട്ടിറോളജിയില്‍ അദ്ദേഹത്തിന്റെ മരണം സെപ്തംബര്‍ 11-ാം തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.