നവംബര്‍ 10: മഹാനായ ലിയോ പാപ്പാ
ലിയോ റോമയില്‍ ജനിച്ചു. വിശുദ്ധ സെലെസ്റ്റിന്‍ പാപ്പാ അദ്ദേഹത്തെ റോമന്‍ സഭയുടെ ആര്‍ച്ചുഡീക്കനാക്കി. സെലസ്റ്റിന്‍ പാപ്പായുടേയുംസിക്‌സ്റ്റസ് ദ്വിതീയന്‍ പാപ്പയുടെയും കാലത്ത് അദ്ദേഹത്തിന് തിരുസഭാ ഭരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു. സിക്സ്റ്റസ് മാര്‍പാപ്പായുടെ കാലശേഷം ലിയോയെ മാര്‍പാപ്പായായി തിരഞ്ഞെടുത്തു.
ഒരു പരീക്ഷണഘട്ടമായിരുന്നു അത്. വാന്റല്‍സും ഹണ്‍സും റോമാസാമ്രാജ്യത്തെ ആക്രമിച്ചുവരികയായിരുന്നു. നെസ്‌റ്റോറിയന്‍ പാഷണ്ഡതയും പെലാജിയന്‍ പാഷണ്ഡതയും ആത്മാക്കള്‍ക്ക് കൂടുതല്‍ ദ്രോഹം ചെയ്തുകൊണ്ടിരുന്നു.
ഈ പാഷണ്ഡതകളെ ലിയോ ചെറുത്തുവരവേ പുതിയ ഒരു പാഷണ്ഡത പൊന്തിവന്നു – ഏക സ്വഭാവവാദം. ലിയോന്‍ പാപ്പാ ആ പാഷണ്ഡതയെ നേരിട്ടെങ്കിലും ബൈസന്റയില്‍ രാജധാനിയുടെ തണലില്‍ ഈ പാഷണ്ഡത പൗരസ്ത്യ സന്യാസികളുടേയും മെത്രാന്മാരുടേയും ഇടയില്‍ വളരെ പ്രചരിച്ചു. മൂന്നുകൊല്ലത്തെ നിരന്തര പരിശ്രമത്തിനുശേഷം കാല്‍സെഡോണ്‍ സൂനഹദോസ് ഈ പാഷണ്ഡതയെ ശപിച്ചു. പിതാക്കന്മാര്‍ വിളിച്ചുപറഞ്ഞു: ‘പത്രോസ് ലിയോവഴി സംസാരിച്ചിരിക്കുന്നു.’
അധികം താമസിയാതെ ഹണ്‍സ് വര്‍ഗ്ഗക്കാര്‍ അറ്റിലായുടെ നേതൃത്വത്തില്‍ ഇറ്റലിയിലേക്ക് പ്രവേശിച്ചു. നഗരങ്ങള്‍ക്കു തീവച്ചശേഷം അവര്‍ റോമയുടെ നേര്‍ക്ക് മാര്‍ച്ചു ചെയ്തു. ലിയോപാപ്പാ അറ്റിലായെ നേരില്‍ കണ്ടു മടങ്ങിപോകാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം മടങ്ങുകയും ചെയ്തു. മിലാന്‍, പാവിയാ മുതലായ നഗരങ്ങളെ ചുട്ടുപൊടിച്ച നേതാവ് റോമാപിടിക്കാതെ മടങ്ങിയതെന്താണെന്ന് സൈന്യാധിപന്മാര്‍ ചോദിച്ചപ്പോള്‍ അററിലാ പറഞ്ഞത് ലിയോയുടെ പിറകില്‍ പത്രോസും പൗലോസും അണിനിരന്നിരിക്കുന്നത് താന്‍ കണ്ടുവെന്നും ആ കാഴ്ച തന്നെ സ്പര്‍ശിച്ചുവെന്നുമാണ്. രണ്ടു കൊല്ലത്തിനുശേഷവും വാന്റല്‍സ് റോമാ ആക്രമിച്ചപ്പോഴും ലിയോ പാപ്പാ നഗരത്തെ സംരക്ഷിച്ചു.
വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതമാക്കി ലിയോ പാപ്പാ ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു. വിശുദ്ധിക്കുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അദ്ദേഹത്തിന്റെ പ്രഭാ ഷണം ഇന്നും പ്രശസ്തമാണ്. പ്രാചീന മാര്‍പാപ്പാമാരില്‍ പാണ്ഡിത്യം കൊണ്ടും ഭരണപാടവം കൊണ്ടും വിശുദ്ധികൊണ്ടും പ്രശസ്തനായ ലെയോ 21 കൊല്ലത്തെ വാഴ്ചയ്ക്കുശേഷം 461-ല്‍ അന്തരിച്ചു. ഇദ്ദേഹത്തേയും ഗ്രിഗറി പ്രഥമനേയും നിക്കൊളാസ് പ്രഥമനേയും സഭാചരിത്രം മഹാന്മാര്‍ എന്നു വിളിക്കുന്നു.