വൈദിക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഫാ. മാത്യു – ഫാ. നിധിന്‍ സഖ്യത്തിന് കിരീടം


താമരശ്ശേരി രൂപതയിലെ രൂപതാ-സന്യാസ വൈദികര്‍ക്കായി തോട്ടുമുക്കത്ത് സംഘടിപ്പിച്ച വൈദിക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫാ. മാത്യുഫാ. നിധിന്‍ എംസിബിഎസ് സഖ്യം ജേതാക്കളായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സെന്റ് തോമസ് ഫൊറോനാ പള്ളി, സ്മാഷ് ബാഡ്മിന്റണ്‍ കൂട്ടായ്മ, കെസിവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മത്സരം.

തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 14 ടീമുകളിലായി 28 വൈദികര്‍ മാറ്റുരച്ചു. എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു തെക്കേമുറിയില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ബെന്നി കാരക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. സൂരജ് എസ്‌ജെ, സ്മാഷ് പ്രതിനിധി ഡിന്റോ, ഇടവക കൈക്കാരന്‍ ടോമി, കെസിവൈഎം പ്രസിഡന്റ് മനു, ഡീക്കന്‍ മെല്‍ബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആവേശകരമായ ഫൈനല്‍ പോരാട്ടത്തിലാണ് ഫാ. മാത്യുഫാ. നിധിന്‍ എംസിബിഎസ് സഖ്യം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 5000 രൂപയും ട്രോഫിയും അടങ്ങുന്നതായിരുന്നു ഒന്നാം സമ്മാനം. മുക്കം ടയേഴ്‌സാണ് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരക്കലും കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ജ്യോതിസ് ചെറുശേരിലും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പേരപ്പന്‍ പുല്ലന്താനി സ്‌പോണ്‍സര്‍ ചെയ്ത 3000 രൂപയും ട്രോഫിയും ഉള്‍പ്പെടുന്ന രണ്ടാം സമ്മാനം ഫാ. ജിത്ത്ഫാ. മനോജ് സഖ്യം കരസ്ഥമാക്കി. പി.എം.ഒ.സി. ഡയറക്ടര്‍ ഫാ. റോയ് തേക്കുംകാട്ടില്‍ സമ്മാനത്തുകയും ട്രോഫിയും കൈമാറി.

ഫാ. ടിബിന്‍ഫാ. സെബാസ്റ്റ്യന്‍ കപ്പൂച്ചിന്‍ സഖ്യത്തിനാണ് മൂന്നാം സ്ഥാനം. 2000 രൂപയും ട്രോഫിയും മീഡിയ ഡയറക്ടര്‍ ഫാ. ലിന്‍സ് മുണ്ടയ്ക്കല്‍ സമ്മാനിച്ചു.

ഫാ. ഷെനിഷ്ഫാ. ജോയല്‍ സഖ്യം നാലാം സ്ഥാനം നേടി. 1000 രൂപയുടെ സമ്മാനത്തുക സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. സുബിന്‍ കിഴക്കേവീട്ടില്‍ കൈമാറി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *