ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു


താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ ജൂലൈ 16-ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം അനുഗ്രഹദായകമായ ശുശ്രൂഷകളോടെ സമാപിച്ചു. നൂറ്റിയൊന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന അഖണ്ഡ ജപമാല സമര്‍പ്പണം ദൈവകൃപയുടെ ദിനരാത്രങ്ങളായിരുന്നു.

അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധ അമ്മ നമ്മെ ഒരിക്കലും കൈവെടിയുകയില്ല. നമ്മുടെ സങ്കടങ്ങളോട് ചേര്‍ന്ന് ആയിരിക്കുന്ന അമ്മയാണ് പരിശുദ്ധ കന്യകാമറിയം. നമ്മുടെ വേദനകളോടും സങ്കടങ്ങളോടും ചേര്‍ന്നായിരിക്കുന്ന കാരുണ്യ നാഥയാണവള്‍. ‘അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍’ എന്ന് പറഞ്ഞ പരിശുദ്ധ അമ്മ ഇന്ന് നമ്മോട് പറയുന്നതും ഇതേ വചനമാണ്. ലോകം മുഴുവന്‍ അസ്വസ്ഥത പുലരുമ്പോള്‍ ലോകസമാധാനത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിവേണ്ടി നാം പരിശ്രമിക്കണം. യുവജനങ്ങളുടെ വിശുദ്ധ ജീവിതത്തിലൂടെയാണ് തലമുറകള്‍ അനുഗ്രഹീതമാകുന്നത്. അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാ തലങ്ങളിലുമുണ്ടാകണമെന്ന് അഭിവന്ദ്യപിതാവ് വിശുദ്ധ കുര്‍ബ്ബാനമധ്യേ വചന സന്ദേശത്തില്‍ ബിഷപ് പറഞ്ഞു.

ഇടമുറിയാതെ 101 ദിവസങ്ങള്‍ നീളുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ബഥാനിയായുടെ സുപ്രധാന ശുശ്രൂഷയാണ്. കുടുംബ വിശുദ്ധീകരണവും ലോകസമാധാനവും പ്രത്യേക നിയോഗങ്ങളായി സ്വീകരിച്ചാണ് ഈ വര്‍ഷം അഖണ്ഡ ജപമാല സമര്‍പ്പിച്ചത്.

വിശുദ്ധ കുര്‍ബ്ബാനക്ക് ഫാ. കുര്യന്‍ ചെറുശ്ശേരില്‍, ഫാ. സെബാസ്റ്റ്യന്‍ പാട്ടശ്ശേരി, ഫാ. ജോസഫ് മലമ്പേല്‍, ഫാ. മാത്യു തുറവയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നിരവധി വൈദികരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരും സിസ്റ്റേര്‍മാരും വൈദിക വിദ്യാര്‍ത്ഥികളുമടക്കം നാലായിരത്തോളം പേര്‍ സമാപന ദിവസത്തെ ശുശ്രൂഷകളില്‍ പങ്കെടുത്തു.

സമാപന ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍മാര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. അജിത്ത് വെളിയത്ത്, ഫാ. അബ്രാഹം തറത്തട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *