താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജെയിംസ് വാമറ്റത്തില്‍ (61) നിര്യാതനായി. ഈരുട് വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ 8.30 മുതല്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.
1965 ഒക്ടോബര്‍ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തില്‍ വര്‍ക്കി-തയ്യില്‍മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂളിലും ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കിയ ശേഷം 1982-ല്‍ തലശ്ശേരി അതിരൂപതയിലെ സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1992 ഡിസംബര്‍ 29-ന്, താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവകയില്‍ വെച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
മരിയാപുരം ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പനംപ്ലാവ്, തിരൂര്‍, വെറ്റിലപ്പാറ, മഞ്ഞുവയല്‍, കൂടരഞ്ഞി, പെരിന്തല്‍മണ്ണ, കുരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെ നാഷണല്‍ വൊക്കേഷന്‍ സര്‍വ്വീസ് സെന്ററില്‍ സ്പിരിച്ച്വാലിറ്റിയില്‍ ഉന്നത പഠനം നടത്തി. താമരശ്ശേരി സെന്റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ സ്റ്റാഫ് മെമ്പറും തുടര്‍ന്ന് സെമിനാരിയിലെ സ്പിരിച്ച്വല്‍ ഡയറക്ടറായും സേവനം ചെയ്തു. ഇക്കാലയളവില്‍ കുറഞ്ഞ മാസങ്ങളില്‍ മരുതോങ്കര ഇടവകയിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
താമരശ്ശേരി രൂപതയുടെ ഇന്റേണല്‍ ഓഡിറ്ററായും രൂപതാ കണ്‍സള്‍ട്ടറായും പ്രവര്‍ത്തിച്ച ജെയിംസച്ചന്‍ നിലവില്‍ രൂപതാ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലെയും പാസ്റ്ററല്‍ കൗണ്‍സിലിലെയും സജീവാംഗമായിരുന്നു. മരിയാപുരം ഇടവകയിലെ വികാരിയായി സേവനം ചെയ്തുവരവെ, 2024 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് ഈരുട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സേവനം ചെയ്തത ഇടവകകളില്‍ തന്റെ ശക്തമായ നേതൃത്വവും ആത്മീയതയും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിക്കാന്‍ ജെയിംസ് അച്ചന് സാധിച്ചിരുന്നു. വിശുദ്ധ കുര്‍ബ്ബാനയോടും വിശുദ്ധ കുമ്പസാരത്തോടുമുള്ള ജെയിംസച്ചന്റെ ഭക്തിയും സ്‌നേഹവും എന്നും സ്മരിക്കപ്പേടേണ്ടതാണ്.
സഹോദരങ്ങള്‍ : റോയി വാമറ്റത്തില്‍, ലിസി അന്തീനാട്ട് (കൂടരഞ്ഞി)