കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്‌കൂളില്‍ സെപ്റ്റംബര്‍ 8-ന് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വീണ സംഭവവുമായി ബന്ധപ്പെട്ട് സന്യാസിനിയായ അധ്യാപികയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോര്‍പ്പറേറ്റ് മാനേജ്മെന്റ് നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. പ്രധാനാധ്യാപകന്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥിനി, സഹപാഠികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് നേരിട്ട് മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള അഞ്ചാം പീരിയഡില്‍ 6-സി ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ വീഴുകയായിരുന്നു. ലീവ് വേക്കന്‍സിയില്‍ സേവനം ചെയ്തിരുന്ന അധ്യാപിക ക്ലാസില്‍ കുട്ടികള്‍ കൂടിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ക്ലാസിലേക്ക് എത്തി കുട്ടി നിലത്ത് കിടക്കുന്നതായി കണ്ടു. ഡെസ്‌കില്‍ കയറിയിരുന്നപ്പോള്‍ വീണതാണെന്ന് സഹപാഠികള്‍ അധ്യാപികയെ അറിയിച്ചതായും വിശദീകരണത്തില്‍ പറയുന്നു.
തുടര്‍ന്ന് കുട്ടിക്ക് വെള്ളം നല്‍കാനും മുഖം കഴുകാനും നിര്‍ദേശം നല്‍കി. ആറാം പീരിയഡിന് ശേഷം അധ്യാപിക വീണ്ടും എത്തി കുട്ടിയോട് വീട്ടിലേക്ക് പോകണോയെന്ന് ചോദിച്ചെങ്കിലും കുട്ടി അതിന് തയ്യാറായില്ല. പിന്നീട് കുട്ടിയുടെ ക്ലാസ് അധ്യാപികയുടെ സഹായം തേടുകയും കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന അധ്യാപിക മാതാവിനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.
സ്‌കൂള്‍ വിടുന്ന സമയമായതിനാല്‍ കുട്ടിയെ ആശ്വസിപ്പിച്ച് സാധാരണപോലെ ഓട്ടോയില്‍ വീട്ടിലേക്ക് അയച്ചാല്‍ മതിയെന്ന് മാതാവ് അറിയിച്ചതിനെ തുടര്‍ന്ന്, കുട്ടിയെ പരിചരിച്ച ശേഷം സുരക്ഷിതമായി വീട്ടിലേക്ക് അയച്ചതായും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, സെപ്റ്റംബര്‍ 9-ന് വിദ്യാര്‍ത്ഥിനിയുടെ പിതൃസഹോദരന്‍ പ്രധാനാധ്യാപകന് രേഖാമൂലം പരാതി നല്‍കി. സോഡിയം കുറഞ്ഞ് തലകറങ്ങി വീണ കുട്ടിയെ അധ്യാപിക കാലുകൊണ്ട് ചവിട്ടിയെന്നും അധിക്ഷേപകരമായി സംസാരിച്ചെന്നുമായിരുന്നു പരാതിയിലെ ആരോപണം.
പരാതിയെ തുടര്‍ന്ന് കോര്‍പ്പറേറ്റ് മാനേജ്മെന്റ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സെപ്റ്റംബര്‍ 10, 11 തീയതികളില്‍ നടന്ന അന്വേഷണത്തില്‍ പ്രധാനാധ്യാപകന്‍, ബന്ധപ്പെട്ട അധ്യാപകര്‍, വിദ്യാര്‍ത്ഥിനി, സഹപാഠികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. രണ്ടുപേരുടെ മൊഴി ഒഴികെ മറ്റുള്ളവരുടെ മൊഴികളില്‍ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിദ്യാര്‍ത്ഥിനിയോ ഭൂരിഭാഗം സഹപാഠികളോ ശരിവെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയില്‍ വിദ്യാര്‍ത്ഥിനിയുടെ പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നതെന്നും ഇത് സംഭവത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന സംശയത്തിന് ഇടയാക്കുന്നതായും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിര്‍ദേശപ്രകാരമാണ് പിതൃസഹോദരന്‍ പരാതി നല്‍കിയതെന്നും ഫോണിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി തയ്യാറാക്കിയതെന്നും അന്വേഷണത്തിനിടെ അദ്ദേഹം അറിയിച്ചതായും വിശദീകരണകുറിപ്പില്‍ പറയുന്നു. നിലവില്‍ വിഷയം സംസാരിച്ച് രമ്യമായി പരിഹരിച്ചിട്ടുണ്ടെന്നും ഇനി പരാതിയില്ലെന്നും അദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മറ്റ് വിവിധ ഏജന്‍സികളും നടത്തിയ അന്വേഷണങ്ങളോട് സ്‌കൂള്‍ അധികൃതര്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്തിയ കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്‌കൂളിനെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തള്ളിക്കളയണമെന്നും, ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
കുന്നോത്ത് സെന്‍റ് ജോസഫ് ഹൈസ്കൂളിൽ അസുഖബാധിതയായ വിദ്യാർഥിനിയെ ചവിട്ടിയെന്ന വ്യാജആരോപണമുയർത്തി ചിലർ വേട്ടയാടിയ സിസ്റ്റർ ലിന്‍റ കുട്ടികളോട് ഏറ്റവും സ്നേഹത്തോടെ ഇടപെടുന്ന അധ്യാപികയെന്ന് രക്ഷിതാക്കൾ. 2021 മുതൽ കണ്ണൂർ തോട്ടട സെന്‍റ് ഫ്രാൻസിസ് ഐസിഎസ്ഇ നഴ്സറി സ്കൂൾ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ലിന്‍റ കുട്ടികളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കിട്ടുകൊണ്ടാണ് പലരും ഇതു സാക്ഷ്യപ്പെടുത്തുന്നത്.