ഫാ. കുര്യന്‍ തലച്ചിറക്കുഴി നിര്യാതനായി


താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി (83) നിര്യാതനായി. പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയർ കെയർ ഹോമിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.
ജൂലൈ 9-ന് (വ്യാഴാഴ്ച) രാവിലെ എട്ടു മുതല്‍ താമരശ്ശേരി പുല്ലാഞ്ഞിമേട് ഓയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30-ന് പുതുപ്പാടി സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

1943 ഫെബ്രുവരി 25ന് പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിൽ പരേതരായ തലച്ചിറക്കുഴിയിൽ ചെറിയാൻ – റോസ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിൽ പൂർത്തിയാക്കിയശേഷം സെന്റ് ജോസഫ്സ് പെറ്റി സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി. 1969 ഡിസംബർ 19ന്, അവിഭക്ത തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് ആലുവ സെമിനാരിയിൽ വെച്ച് വൈദികപട്ടം സ്വീകരിക്കുകയും മാതൃ ഇടവകയായ കുറവിലങ്ങാട് പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു. കുറവിലങ്ങാട്ടുനിന്നും മലബാറിലേക്ക് കുടിയേറിയ തലച്ചിറക്കുഴി കുടുംബം താമരശ്ശേരിയിൽ താമസമാരംഭിച്ചു.
അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി കത്തീഡ്രൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷയാരംഭിച്ച കുര്യനച്ചൻ, കൊട്ടോടി, തലഞ്ഞി, തെനേരി, എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെനേരി പ്രദേശത്ത് രൂപം കൊണ്ട മിൽക് സൊസൈറ്റിയുടെ പ്രസിഡന്റായും സേവനം ചെയ്തു. ഫിലിപ്പൈൻസിലെ സെന്റ് തോമസ് യൂണിവേഴ്സിറ്റിയിൽ ഓറിയന്റൽ റിലിജിയൻ ആന്റ് കൾച്ചറിൽ ഡോക്ടറേറ്റ് നേടിയ കുര്യനച്ചൻ അവിടെ സാമ്പക്വിറ്റ, ഡാമർ വില്ലേജ് എന്നീ ഇടവകകളിൽ വികാരിയായി ശുശ്രൂഷ ചെയ്തു. ഫിലിപ്പൈൻസിലെ ഡിലിമാൻ യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററായി സേവനം ചെയ്ത കുര്യനച്ചൻ ജർമൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവും തുടർന്നു. തുടർന്ന് 1992ൽ ജർമ്മനിയിലെ അജപാലന പ്രവർത്തനങ്ങൾക്കായി പോയ കുര്യനച്ചൻ 2004 വരെ ഔസ്ബുർഗ് രൂപതയിലും 2005 മുതൽ 2012 വരെ ജർമ്മനിയിലെ റേഗൻസ്ബർഗ് രൂപതയിലും സേവനം ചെയ്തു.

തിരികെ താമരശ്ശേരി രൂപതയിൽ എത്തുകയും പുതുപ്പാടി, മരഞ്ചാട്ടി, വള്ളിയാട് എന്നിവിടങ്ങളിൽ വികാരിയായും വേനപ്പാറ ബാലഭവന്റെ ഡയറക്ടറായും സേവനം ചെയ്ത കുര്യനച്ചൻ 2013ൽ താമരശ്ശേരി രൂപതയുടെ ഡയോസെഷൻ എഡ്യുക്കേഷൻ എക്സലൻസ് പ്രോഗ്രാം (ഡീപ്) എന്ന പ്രോജക്റ്റ് ആരംഭിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസഹായവും തൊഴിൽമേഖലയിലേക്കുള്ള പഠനസഹായവും ചെയ്ത് ഒത്തിരിയേറെ കുടുംബങ്ങളെ ഉന്നതിയിലേക്കെത്തിക്കാൻ കാരണമാകുകയും ചെയ്തു. 2019ൽ താമരശ്ശേരി രൂപതയുടെ ഒയാസിസ് സീനിയർ കെയർ ഹോം എന്ന നവീന ആശയം പ്രാവർത്തികമാക്കി, താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട്ടിൽ പണികഴിപ്പിച്ച വില്ലകളടങ്ങിയ ഒയാസിസിന്റെ സ്ഥാപക ഡയറക്ടറായി സേവനം ചെയ്തുവരവെ ആരോഗ്യപരമായ അസ്വസ്ഥതകൾ അച്ചനെ അടുത്ത നാളുകളിൽ അലട്ടിയിരുന്നു. സേവനം ചെയ്ത ഇടങ്ങളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും ആത്മീയതയും കൊണ്ട് ദൈവജനത്തെ മുന്നോട്ട് നയിക്കാൻ കുര്യൻ അച്ചന് സാധിച്ചിരുന്നു.
സഹോദരങ്ങൾ : (Late) പോൾ തലച്ചിറക്കുഴി (മണ്ണാർക്കാട്), ജോസ് തലച്ചിറക്കുഴി (താമരശ്ശേരി), ജോർജ്ജ് തലച്ചിറക്കുഴി (തലഞ്ഞി), ടോമി ചെറിയാൻ (USA) എന്നിവരാണ്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *